IND vs SA: 'അവനോട് അനീതി കാട്ടരുത്', ഏകദിനത്തില്‍ ധവാനെ തഴയരുതെന്ന് ആകാശ് ചോപ്ര
മുംബൈ: ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിക്കഴിഞ്ഞു. 26ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുന്നത്. പിന്നാലെ ഏകദിന,ടി20 പരമ്പരയുമുണ്ട്. ഇന്ത്യ പരിമിത ഓവര്‍ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏകദിന പരമ്പരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഇന്ത്യ പരിഗണിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുവതാരങ്ങള്‍ മികവ് കാട്ടുന്ന സാഹചര്യത്തില്‍ ധവാനെ മടക്കിക്കൊണ്ടുവരുന്നത് ടീമിന് വലിയ ഗുണമുള്ള കാര്യമല്ലെന്നതാണ് വസ്തുത.
എന്നാല്‍ ഏകദിനത്തില്‍ നിന്ന് പെട്ടെന്ന് മാറ്റിനിര്‍ത്താന്‍ കഴിയുന്ന റെക്കോഡല്ല അദ്ദേഹത്തിന്റെ പേരിലുള്ളത്. വിജയ് ഹസാരെ ട്രോഫിയില്‍ ധവാന്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഡല്‍ഹിക്കായി അഞ്ച് ഇന്നിങ്‌സില്‍ നിന്ന് നേടിയത്. വെറും 56 റണ്‍സാണ്. കെ എല്‍ രാഹുല്‍,റുതുരാജ് ഗെയ്ക് വാദ്,പൃഥ്വി ഷാ എന്നിവരെല്ലാം ഓപ്പണിങ്ങിലേക്ക് അവസരം തേടുമ്പോള്‍ 36കാരനായ ധവാനെ പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. എന്നാലിതാ ധവാനെ ഒഴിവാക്കരുതെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.

'ശിഖര്‍ ധവാന്റെ സമീപകാല പ്രകടനം മികച്ചതല്ല. വിജയ് ഹസാരെ ട്രോഫിയില്‍ വലിയ സ്‌കോര്‍ നേടാന്‍ ധവാന് സാധിച്ചിട്ടില്ല. അവന്റെ ബാറ്റ് നിശബ്ദമായിരുന്നു. സെലക്ടര്‍മാര്‍ അവന്റെ പ്ലഗ്ഗ് ഊരുമോ?അങ്ങനെ ചെയ്യുന്നത് അനീതിയാണെന്നാണ് കരുതുന്നത്. എന്റെ അഭിപ്രായത്തില്‍ അവന്‍ ടീമിലും പ്ലേയിങ് 11ലും വേണം. കാരണം ദക്ഷിണാഫ്രിക്കയിലേക്ക് പോകുമ്പോള്‍ കളിച്ച് അനുഭവസമ്പത്തുള്ളവര്‍ വേണം. ധവാന്‍ ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഏകദിനത്തില്‍ മിസ്റ്റ് ഐസിസി താരമാണവന്‍'-ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യന്‍ നായകനും ഓപ്പണറുമായ രോഹിത് ശര്‍മയുമായി മികച്ച കൂട്ടുകെട്ടുമുള്ള താരമാണ് ധവാന്‍. മറ്റുള്ളവരില്‍ നിന്ന് ധവാനെ വ്യത്യസ്തനാക്കുന്ന കാര്യം ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതാണ്. രോഹിത് ശര്‍മ വലം കൈയന്‍ ഓപ്പണറായി ടീമില്‍ സ്ഥാനം ഉറപ്പുള്ള താരമാണ്. സഹ ഓപ്പണറാവാന്‍ കെല്‍പ്പുള്ള രാഹുലും റുതുരാജും പൃഥ്വി ഷായുമെല്ലാം വലം കൈയന്‍മാരാണ്. അത് ധവാന് അല്‍പ്പം മുന്‍തൂക്കം നല്‍കുന്നു.
ഏകദിന ടീമിലേക്ക് മാത്രമാണ് ധവാനെ ഇന്ത്യ നിലവില്‍ പരിഗണിക്കുന്നത്. അവസാന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിച്ചത് ധവാനായിരുന്നു. ഏകദിന പരമ്പരയില്‍ ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിച്ച് ജയം നേടിക്കൊടുക്കാന്‍ ധവാന് സാധിച്ചിരുന്നു. പ്രധാനപ്പെട്ട മത്സരങ്ങളില്‍ തിളങ്ങാന്‍ ധവാന് പ്രത്യേക മിടുക്കുണ്ട്. ഐസിസി ട്രോഫികളില്‍ അദ്ദേഹം നേരത്തെ തന്നെ മികവ് കാട്ടിയിട്ടുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിയിലാണ് ധവാന്‍ കൂടുതല്‍ കസറിയിട്ടുള്ളത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ 363 റണ്‍സുമായി ടോപ് സ്‌കോറര്‍ ധവാനായിരുന്നു. 412 റണ്‍സുമായി 2015ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോററാവാനും അദ്ദേഹത്തിനായി. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ 338 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായതും ധവാനാണ്. നിലയുറപ്പിച്ച് തുടങ്ങി വലിയ ഇന്നിങ്‌സ് കളിക്കുന്ന ശൈലിയാണ് ധവാന്റേത്.
അവസാന രണ്ട് ഐപിഎല്ലിലും തിളങ്ങാന്‍ ധവാന് സാധിച്ചിരുന്നു. എന്നാല്‍ റുതുരാജ് ഗെയ്ക് വാദ് മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ ധവാനെ മറികടന്ന് ടീമിലെത്താനാണ് സാധ്യത. വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനമാണ് റുതുരാജ് നടത്തിയത്. അവസാന ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിനുടമയായിരുന്നു റുതുരാജ്. ഹര്‍ദിക് പാണ്ഡ്യക്ക് ഇനിയും വിശ്രമം വേണ്ടിവരുമെന്നതിനാല്‍ വെങ്കടേഷ് അയ്യര്‍ മധ്യനിരയില്‍ ഇടം പിടിച്ചേക്കും. അടുത്ത ദിവസം തന്നെ ഇന്ത്യയുടെ പരിമിത ഓവര്‍ ടീം പ്രഖ്യാപനം ഉണ്ടാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications