For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയും ധോണിയും ശരാശരി മാത്രം, തുറന്നടിച്ച് ആകാശ് ചോപ്ര

കഴിഞ്ഞ ദശാബ്ദത്തിലെ ടെസ്റ്റ്, ഏകദിന, ട്വന്റി-20 ടീമുകളെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചത് അടുത്തിടെയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ് ഐസിസിയുടെ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റന്‍. ധോണിയെ എന്തു അടിസ്ഥാനത്തിലാണ് ട്വന്റി-20 ടീമിന്റെ നായകനാക്കിയത്? ചോദ്യമുയര്‍ത്തിയിരിക്കുന്നത് മറ്റാരുമല്ല, മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര തന്നെ. ഐസിസി പ്രഖ്യാപിച്ച മൂന്നു ടീമിലും പാകിസ്താന്‍ കളിക്കാരില്ലാത്തതിനെക്കുറിച്ചും ചോപ്രയ്ക്ക് വിയോജിപ്പുണ്ട്.

ഐസിസിയുടെ ടീം

കഴിഞ്ഞ പത്തുവര്‍ഷം പാകിസ്താന്‍ ക്രിക്കറ്റ് കളിച്ചില്ലേയെന്ന ചോദ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് നേരെ ഇദ്ദേഹം ഉയര്‍ത്തുന്നു. ഐസിസി തിരഞ്ഞെടുത്ത ട്വന്റി-20 ടീമിനെപ്പറ്റിയാണ് ചോപ്രയുടെ വലിയ പരാതി. ലോക ട്വന്റി-20 റാങ്കിങ്ങില്‍ ദീര്‍ഘകാലം ഒന്നാമത് തുടര്‍ന്ന പാകിസ്താന്‍ ടീമില്‍ നിന്നും ഒരാള്‍പോലുമില്ലെന്നത് നിരാശജനകം. ഒപ്പം പ്ലേയിങ് ഇലവന്‍ കണ്ടാല്‍ ട്വന്റി-20 ടീമാണെന്ന് പറയുകയേ ഇല്ലെന്നും ചോപ്ര അഭിപ്രായപ്പെടുന്നു.

ധോണിക്ക് പകരം

പൊതുവേ അഞ്ചോ ആറോ ബാറ്റ്‌സ്മാന്മാരാണ് ട്വന്റി-20 ടീമില്‍ കാണാറ്. അഞ്ച് ബൗളര്‍മാര്‍ പട്ടിക പൂര്‍ണമാക്കും. ഇനി ആറോ ഏഴോ ബൗളിങ് ഓപ്ഷനുകള്‍ ടീമിലുണ്ടെങ്കില്‍ ഏറ്റവും നല്ലത്, ചോപ്ര അറിയിച്ചു.

ട്വന്റി-20 ടീമിനെ ഇഴകീറി പരിശോധിക്കവെയാണ് എംഎസ് ധോണിയെ ക്യാപ്റ്റനാക്കിയതിലുള്ള അതൃപ്തി ഇദ്ദേഹം തുറന്നടിക്കുന്നത്. ക്യാപ്റ്റനാക്കാന്‍ വേണ്ടി കഴിഞ്ഞ ദശകത്തില്‍ ധോണി എന്താണ് ഇത്ര വലിയ കാര്യം ചെയ്തതെന്ന് ചോപ്ര ചോദിക്കുന്നു. ധോണിക്ക് പകരം ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ ടീമില്‍ വരണമായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

നേട്ടങ്ങളില്ല

'ഈ ദശകത്തിലെ ട്വന്റി-20 ടീമിനെത്തന്നെയാണോ ഐസിസി പ്രഖ്യാപിച്ചത്? സംശയമുണ്ട്. കാരണം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യ വലിയ നേട്ടങ്ങള്‍ കാഴ്ച്ചവെച്ചിട്ടില്ല. ധോണിയും ട്വന്റി-20 ക്രിക്കറ്റില്‍ വലിയ മേന്മ അവകാശപ്പെടുന്നില്ല. ജോസ് ബട്‌ലറെ പോലുള്ള താരങ്ങളെ ഒഴിവാക്കിയാണ് ഐസിസി ട്വന്റി-20 ടീം തിരഞ്ഞെടുത്തതുപോലും', ആകാശ് ചോപ്ര പറഞ്ഞു.

ധോണിയുടെ ചിത്രം

പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞ ദശകത്തില്‍ 73 ട്വന്റി-20 മത്സരങ്ങളാണ് ധോണി കളിച്ചത്. സമ്പാദ്യമാകട്ടെ 1,176 റണ്‍സും. ബാറ്റിങ് ശരാശരി 45.23. 56 റണ്‍സാണ് ധോണിയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. എന്തായാലും ഏകദിന ക്രിക്കറ്റിലെയും ഐപിഎല്ലിലെയും പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ ധോണിയുടെ ട്വന്റി-20 പ്രകടനം ഒരുപടി താഴെയാണെന്ന് സമ്മതിക്കേണ്ടി വരും.

ഗതികേട്

ഐസിസിയുടെ ട്വന്റി-20 ടീമിനെ മുംബൈ ഇന്ത്യന്‍സ് ടീം തോല്‍പ്പിക്കുമെന്ന വാദവും ചോപ്ര ഉയര്‍ത്തുന്നുണ്ട്. കാരണം ഐസിസിയുടെ ടീമില്‍ കേവലം മൂന്നു സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ മാത്രമേയുള്ളൂ. 12 ഓവറുകള്‍ റാഷിദ് ഖാനും ജസ്പ്രീത് ബുംറയും ലസിത് മലിംഗയും എറിഞ്ഞുതീര്‍ത്താല്‍ മിച്ചമുള്ള 8 ഓവറുകള്‍ ആരെറിയും? കീറോണ്‍ പൊള്ളാര്‍ഡിനെയും ഗ്ലെന്‍ മാക്‌സ് വെല്ലിനെയും വെച്ച് തീര്‍ക്കേണ്ട ഗതികേണ്ട് ഐസിസിയുടെ ടീമിനുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍പ്പോലും പൊള്ളാര്‍ഡും മാക്‌സ്‌വെല്ലും നാലോവര്‍ തികച്ച് പന്തെറിയാറില്ലെന്ന് ചോപ്ര ഓര്‍മ്മിപ്പിക്കുന്നു.

നിരാശ

പ്രമുഖ പേരുകളെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ഐസിസി ശ്രദ്ധിച്ചത്. താരങ്ങളുടെ പ്രകടനം ഇവര്‍ ആധാരമാക്കിയില്ല. ഐസിസിയുടെ മൂന്നു ടീമിലും പാകിസ്താന്‍ താരങ്ങളില്ലെന്നതും വലിയ നിരാശതന്നെ. എന്തായാലും ഇതുപോലൊരു ട്വന്റി-20 ടീമിനെ മുംബൈ ഇന്ത്യന്‍സ് അനായാസം തോല്‍പ്പിക്കുമെന്ന കാര്യം ഉറപ്പാണ്. കാരണം ടീമില്‍ ആവശ്യത്തിന് ബൗളര്‍മാരില്ല, ചോപ്ര വ്യക്തമാക്കി.

Story first published: Thursday, December 31, 2020, 10:17 [IST]
Other articles published on Dec 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+