സൺറൈസേഴ്സ് ഹൈദരാബാദിന്റെ എക്സ്പ്ലോസീവ് ബാറ്റിങ് നിരയെക്കുറിച്ച് ഐപിഎൽ ആരാധകർക്ക് നന്നായി അറിയാവുന്നതാണല്ലോ. അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും ഇഷാൻ കിഷനും ഹെൻറിച്ച് ക്ലാസനും ഉൾപ്പെടുന്ന ബാറ്റിങ് നിര ഏതൊരു ലോകോത്തര ബൗളിങ്ങിനെയും അടിച്ചൊതുക്കാൻ പോന്നവയാണ്. എന്നാൽ, ടീമിന്റെ ബാറ്റിംഗ് നിര അതിശക്തമാണെങ്കിലും ബൗളിംഗ് നിരയിൽ വമ്പൻ വിള്ളലുകൾ വീണുകഴിഞ്ഞുവെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര മുന്നറിയിപ്പ് നൽകുന്നു. "ഹൈദരാബാദ് 250 റൺസ് സ്കോർ ചെയ്താലും അവരുടെ ബൗളിംഗ് നിര അതേപടി തിരിച്ചു വിട്ടുനൽകാൻ സാധ്യതയുണ്ട്," എന്ന് ചോപ്ര പരിഹസിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഹൈദരാബാദിന്റെ ബൗളിംഗ് പ്രതിസന്ധിയെക്കുറിച്ച് തുറന്നടിച്ചത്.

തകർന്നടിയുന്ന പേസ് നിര; കമ്മിൻസില്ല!
ഹൈദരാബാദിന്റെ പേസ് ആക്രമണത്തിന് നേതൃത്വം നൽകേണ്ടിയിരുന്ന പാറ്റ് കമ്മിൻസ് ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ ലഭ്യമാകില്ലെന്നത് ടീമിന് വലിയ തിരിച്ചടിയാണ്. ഇതിന് പുറമെ ഓൾറൗണ്ടർ ജാക്ക് എഡ്വേർഡ്‌സ് പരിക്കേറ്റ് പുറത്തായതും ടീമിന്റെ സന്തുലിതാവസ്ഥ തെറ്റിച്ചു. നിലവിൽ ലഭ്യമായ ഏക വിദേശ പേസർ ബ്രൈഡൻ കാർസ് മാത്രമാണ്. "കമ്മിൻസും ഇഷാൻ മലിംഗയുമില്ലാതെ ഈ ബൗളിംഗ് നിരയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നത് വലിയ വെല്ലുവിളിയാണ്. ഇന്ത്യൻ ബൗളർമാരെ മാത്രം വിശ്വസിച്ച് ഇറങ്ങുന്നത് ആത്മഹത്യാപരമാകും," ചോപ്ര നിരീക്ഷിച്ചു.

ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കദ്, ശിവം മാവി തുടങ്ങിയ പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങൾ ടീമിലുണ്ടെങ്കിലും യുവതാരങ്ങളായ അമിത് കുമാർ, പ്രഫുൽ ഹിംഗെ, സാക്കിബ് ഹുസൈൻ എന്നിവരുടെ പ്രകടനം പ്രവചനാതീതമാണ്. വിക്കറ്റുകൾ വീഴ്ത്തുന്നതിൽ ഈ ബൗളിംഗ് നിര എത്രത്തോളം വിജയിക്കുമെന്നത് കണ്ടറിയണം.
സ്പിൻ വിഭാഗം അങ്ങേയറ്റം ദുർബലം!
ഹൈദരാബാദിന്റെ സ്പിൻ വിഭാഗത്തെക്കുറിച്ച് ആകാശ് ചോപ്രയ്ക്ക് ഒട്ടും മതിപ്പില്ല. സീഷൻ അൻസാരി, ശിവാംഗ് കുമാർ എന്നിവരെ മുൻനിർത്തിയുള്ള സ്പിൻ ആക്രമണം ഐപിഎല്ലിലെ വമ്പൻ ബാറ്റർമാർക്ക് മുന്നിൽ പതറുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. "പേപ്പറിൽ നോക്കുമ്പോൾ അവരുടെ സ്പിൻ വിഭാഗം അങ്ങേയറ്റം ദുർബലമാണ്. ഒരു മികച്ച സ്പിന്നറുടെ അഭാവം ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്. സൗരാഷ്ട്രയുടെ ക്രെയിൻസ് ഫുലെത്രയെ ലേലത്തിൽ പിടിച്ചെങ്കിലും അതൊരു വലിയ ആശ്വാസമാകില്ല," ചോപ്ര കൂട്ടിചേർത്തു.
IPL 2026: സഞ്ജു നയിക്കും, ഷെയിൻ വോൺ മുതൽ ജയ്സ്വാൾ വരെ; തീ പാറുന്ന രാജസ്ഥാൻ ഡ്രീം ടീം റെഡി!
വരുൺ ആരോണിന്റെ ആത്മവിശ്വാസം ഗുണമാകുമോ?
അതേസമയം, ഹൈദരാബാദിന്റെ ബൗളിംഗ് കോച്ച് വരുൺ ആരോൺ തന്റെ ബൗളർമാരിൽ വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. ശിവം മാവി മികച്ച ഫോമിലാണെന്നും ശിവാംഗ്, ഹർഷൽ എന്നിവർ അത്ഭുതങ്ങൾ കാണിക്കുമെന്നുമാണ് വരുൺ ആരോണിന്റെ വാദം. എന്നാൽ ഈ ആത്മവിശ്വാസം മൈതാനത്ത് കാണാൻ സാധിക്കുമോ എന്ന സംശയം ആകാശ് ചോപ്ര ബാക്കിവെക്കുന്നു.
സഞ്ജു സാംസൺ ചെന്നൈയിലേക്ക് ചേക്കേറിയതും മുംബൈ ഇന്ത്യൻസിലെ നായകത്വ വിവാദങ്ങളും ചർച്ചയാകുന്നതിനിടെ ഹൈദരാബാദിലെ ഈ 'ബൗളിംഗ് ദുരന്തം' ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇഷാൻ കിഷന്റെ നായകത്വത്തിൽ മാർച്ച് 28-ന് ആർസിബിക്കെതിരെ ഇറങ്ങുന്ന ഹൈദരാബാദിന് ഈ ബൗളിംഗ് നിരയെക്കൊണ്ട് കിരീടം നിലനിർത്താൻ സാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.