ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ആരാധക പ്രതീക്ഷ കാത്ത് രോഹിത് ശര്‍മ നായകനായുള്ള മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടി. മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചാം ഐപിഎല്‍ കിരീടമായിരുന്നു ഇത്. അവസാന രണ്ട് സീസണിലും മുംബൈ കിരീടം നേടി എന്നതാണ് ശ്രദ്ധേയം. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും ഏറെ പ്രശംസ ലഭിച്ച സീസണ്‍കൂടിയായിരുന്നു ഇത്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ നായകസ്ഥാനത്ത് രോഹിത് എത്തണമെന്ന ആവിശ്യവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ രോഹിതിന്റെ നായകമികവിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ഐപിഎല്ലിലെ പ്രകടനം മാത്രം വിലയിരുത്തി രോഹിതിന് ഇന്ത്യയുടെ നായകസ്ഥാനം നല്‍കാനാവില്ലെന്നാണ് ആകാശ് പറഞ്ഞത്. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയില്ലെങ്കില്‍ നഷ്ടം ഇന്ത്യക്കാണെന്നും രോഹിതിനല്ലെന്നും കഴിഞ്ഞ ദിവസം ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോളമാണ് ആകാശ് ചോപ്രയുടെ അഭിപ്രായ പ്രകടനം.
'രോഹിതിനെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനാക്കിയില്ലെങ്കില്‍ നഷ്ടം ഇന്ത്യക്ക് തന്നെയാണെന്ന് ഗൗതം ഗംഭീര്‍ വിശ്വസിക്കാന്‍ കാരണം അവന്‍ ഐപിഎല്ലിലെ മികച്ച ക്യാപ്റ്റനായിരുന്നു എന്നതിനാലാണ്. എന്നാല്‍ രോഹിത് ശര്‍മക്ക് ആര്‍സിബി ടീമിനെ നല്‍കുകയും കോലിക്ക് മുംബൈ ടീമിനെ നല്‍കുകയും ചെയ്താല്‍ ആരാവും കൂടുതല്‍ കിരീടം നേടുക? നായകനെന്ന നിലയില്‍ രോഹിത് മികച്ചവനാണ്. എന്നാല്‍ മുംബൈയുടെ നായകമികവിനെ ഇന്ത്യന്‍ ടീമിലേക്ക് കൊണ്ടുവരുന്നത് അനുയോജ്യമാകുമോ എന്നതാണ് എന്റെ ചോദ്യം. കോലിയുടെ ടീം മികച്ച പ്രകടനം കാഴ്ചവെക്കാതിരുന്നാല്‍ അത് കോലിയുടെ പ്രശ്‌നമാവില്ല'-ആകാശ് ചോപ്ര പറഞ്ഞു.

ടെസ്റ്റില്‍ കോലിക്ക് നായകനെന്ന നിലയില്‍ മികച്ച റെക്കോഡുകളുണ്ടെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവ് അത്ര പോര. ഇതുവരെ ഒരു ഐസിസി കിരീടം നേടാന്‍ കോലിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. എന്നാല്‍ കോലിക്ക് പകരം അവസരം ലഭിച്ചപ്പോഴെല്ലാം നായകനെന്ന നിലയില്‍ മികവ് കാട്ടാന്‍ രോഹിതിന് സാധിച്ചിട്ടുണ്ട്. രോഹിതിനെ ഇന്ത്യയുടെ നായകനാക്കുക എളുപ്പമല്ല. അതിന് നിലവില്‍ എത്രത്തോളം പരിശ്രമിച്ചിട്ടും കാര്യമില്ലെന്നും ആകാശ് അഭിപ്രായപ്പെട്ടു.
നിലവില്‍ പരിക്കിന്റെ പിടിയിലായ രോഹിതിന് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് രോഹിതിനെ ടീമിലേക്ക് പരിഗണിച്ചത്. അതേ സമയം രോഹിത് 70 ശതമാനം മാത്രമാണ് ഫിറ്റെന്ന് കഴിഞ്ഞ ദിവസം സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ ഓസ്‌ട്രേലിയക്കെതിരായ ടി20,ഏകദിന പരമ്പര രോഹിത് കളിക്കില്ല.