സിഡ്നി: ഓസ്ട്രേലിയന്‍ പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമുള്ളത്. കോവിഡിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ പരമ്പരയായതിനാല്‍ത്തന്നെ ദേശീയ ടീമിനൊപ്പം വീണ്ടും ഒത്തുചേരാനായതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. സിഡ്നിയിലെ ഹോട്ടലില്‍ ബയോ ബബിള്‍ സുരക്ഷയില്‍ കഴിയുന്ന താരങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നടന്ന കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതില്‍ എല്ലാവരുടെയും ഫലം നെഗറ്റീവായതിനാല്‍ താരങ്ങള്‍ മൈതാനത്ത് പരിശീലവും ആരംഭിച്ചിരുന്നു. ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയും കഴിഞ്ഞ ദിവസം നെറ്റ്സില്‍ പരിശീലനം നടത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഇന്ത്യക്കൊപ്പം നെറ്റ്സില്‍ പന്തെറിയാന്‍ സാധിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ട്വിറ്ററില്‍ നെറ്റ്സില്‍ പന്തെറിയുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് ഷമി തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്.
'രാജ്യത്തിനുവേണ്ടി കളിക്കുന്നതിനെക്കാള്‍ വലുതായി മറ്റൊരു അനുഭൂതിയില്ല. ഇന്ത്യയുടെ നെറ്റ്സില്‍ പന്തെറിയാനുള്ള ദീര്‍ഘനാളത്തെ കാത്തിരിപ്പിനാണ് ഇന്ന് വിരാമമായിരിക്കുന്നത്. ഓസ്ട്രേലിയന്‍ പരമ്പരയെ പ്രതീക്ഷയോടെ കാണുന്നു' എന്ന കുറിപ്പോടുകൂടിയാണ് ഷമി വീഡിയോ പങ്കുവെച്ചത്. കോവിഡ് ഫലം നെഗറ്റീവായതിന് പിന്നാലെ ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങളും പരിശീലനത്തിനിറങ്ങിയിരുന്നു. ജിമ്മിലും ഗ്രൗണ്ടിലുമായി രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്നത്. നിലവില്‍ 14 ദിവസത്തെ ക്വാറന്റെയ്നാണ് താരങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഹോട്ടലിലും പരിശീലന ഗ്രൗണ്ടിലും ബയോബബിള്‍ സുരക്ഷ താരങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
2019ല്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് ഓസീസ് മണ്ണില്‍ ഇത്തരമൊരു നേട്ടം. പേസ് ബൗളര്‍മാരുടെ മികവായിരുന്നു അന്ന് ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത്. ഇത്തവണയും മികച്ച പേസ് കരുത്ത് ഇന്ത്യക്കുണ്ട്. ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ എന്നിവരാണ് ടെസ്റ്റിലെ ഇന്ത്യയുടെ പ്രധാന പേസര്‍മാര്‍. എന്നാല്‍ പരിക്കേറ്റ ഇഷാന്ത് ശര്‍മ കളിക്കുന്ന കാര്യം സംശയമാണ്. പകരം ഉമേഷ് യാദവിനാവും അവസരം ലഭിക്കുക. നവദീപ് സൈനി, മുഹമ്മദ് സിറാജ് എന്നിവരും ഇത്തവണ പേസ് നിരയിലുണ്ട്. ഓസ്ട്രേലിയയിലെ ബൗണ്‍സിനെ തുണയ്ക്കുന്ന മൈതാനത്ത് ഇരു ടീമിന്റെയും ബൗളിങ് പ്രകടനം തമ്മിലുള്ള പോരാട്ടം മത്സരത്തില്‍ നിര്‍ണ്ണായകമാവും. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നത് പരമ്പരയില്‍ ഇന്ത്യക്ക് കടുത്ത തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.