ആ മാരക ബൗൺസറുകൾ ജീവനെടുത്തു! ഗ്രൗണ്ടിൽ വെച്ച് ശ്വാസം നിലച്ച 8 ക്രിക്കറ്റ് മുഖങ്ങൾ!
"താൻ ജീവന് തുല്യം സ്നേഹിച്ച കാര്യത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ മരണം സംഭവിക്കുന്നത് ഒരു അനുഗ്രഹമാണ്" എന്ന് ചിലർ പറയാറുണ്ട്. എന്നാൽ ഇത് തികച്ചും ആപേക്ഷികമാണ്. സ്പോർട്സ് ലോകത്ത് തങ്ങളുടെ കരിയറിന്റെ നെറുകയിൽ നിൽക്കുമ്പോൾ കളിക്കളത്തിൽ വെച്ച് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ നിരവധി താരങ്ങളുണ്ട്. ക്രിക്കറ്റ് ചരിത്രത്തിൽ ഗ്രൗണ്ടിൽ വച്ച് ജീവൻ നഷ്ടപ്പെട്ട താരങ്ങളും അമ്പയർമാരും ആരെല്ലാമാണ് എന്ന് പരിശോധിക്കാം.
1. വസീം രാജ | 1952-2006 (പാകിസ്താൻ)
പാകിസ്താനിൽ നിന്നുള്ള പ്രശസ്ത കമന്റേറ്റർ റമീസ് രാജയുടെ സഹോദരനും മികച്ച ഇടംകൈയ്യൻ ബാറ്ററുമായിരുന്ന വസീം രാജ 1973-85 കാലഘട്ടത്തിൽ പാകിസ്താനായി 57 ടെസ്റ്റുകളും 54 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2006 ഓഗസ്റ്റിൽ ഇംഗ്ലീഷ് കൗണ്ടിയിൽ സറേ ഓവർ-50 ടീമിനായി കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടാകുകയും താരം മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

2. ഫിലിപ്പ് ഹ്യൂസ് | 1988-2014 (ഓസ്‌ട്രേലിയ)
ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ കണ്ണീർ ഓർമ്മയാണ് ഓസ്‌ട്രേലിയയുടെ 25 കാരനായ ഓപ്പണർ ഫിലിപ്പ് ഹ്യൂസിന്റേത്. 2014 നവംബറിൽ നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ പേസർ സീൻ ആബട്ടിന്റെ മാരകമായ ബൗൺസർ ഹ്യൂസിന്റെ കഴുത്തിൽ വന്ന് ഇടിക്കുകയായിരുന്നു. ഗ്രൗണ്ടിൽ ബോധരഹിതനായി വീണ ഹ്യൂസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് രണ്ട് ദിവസത്തിന് ശേഷം താരം ലോകത്തോട് വിടപറഞ്ഞു.
3. റിച്ചാർഡ് ബ്യൂമോണ്ട് | 1979-2012 (ഇംഗ്ലണ്ട്)
2012 ഓഗസ്റ്റ് 5 റിച്ചാർഡ് ബ്യൂമോണ്ട് എന്ന ഇംഗ്ലീഷ് ക്ലബ് ക്രിക്കറ്ററെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച ദിവസമായിരുന്നു. തന്റെ ക്ലബ്ബിനായി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ആഘോഷത്തിന് തൊട്ടുപിന്നാലെ റിച്ചാർഡ് ഗ്രൗണ്ടിൽ കുഴഞ്ഞു വീണു. മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു.
4. രാമൻ ലാംബ | 1960-1998 (ഇന്ത്യ)
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദാരുണമായ അധ്യായങ്ങളിലൊന്നാണ് രാമൻ ലാംബയുടേത്. ഇന്ത്യക്കായി 4 ടെസ്റ്റുകളും 32 ഏകദിനങ്ങളും കളിച്ച ലാംബ, ധാക്കയിൽ ഒരു ക്ലബ് മത്സരം കളിക്കുന്നതിനിടെ ഹെൽമെറ്റ് ധരിക്കാതെ സില്ലി പോയിന്റിൽ ഫീൽഡ് ചെയ്യുകയായിരുന്നു. ബാറ്റിംഗിൽ നിന്നും തെറിച്ചുവന്ന പന്ത് തലയിൽ ശക്തമായി ഇടിച്ചതിനെ തുടർന്ന് കോമയിലായ ലാംബ മൂന്ന് ദിവസത്തിന് ശേഷം മരണപ്പെട്ടു.
5. ഡാരിൻ റാൻഡൽ | 1980-2013 (ദക്ഷിണാഫ്രിക്ക)
ഫിലിപ്പ് ഹ്യൂസിന്റെ മരണത്തിന് കൃത്യം ഒരു വർഷം മുൻപ് ദക്ഷിണാഫ്രിക്കയിലും സമാനമായ ഒരു ദുരന്തം നടന്നിരുന്നു. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഡാരിൻ റാൻഡൽ, ബോർഡർ ലീഗ് മത്സരത്തിനിടെ പുൾ ഷോട്ടിന് ശ്രമിക്കുമ്പോൾ പന്ത് തലയുടെ വശത്ത് വന്ന് ഇടിക്കുകയായിരുന്നു. പന്തിന്റെ ആഘാതത്തിൽ റാൻഡൽ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
6. ഇയാൻ ഫോളി | 1963-1993 (ഇംഗ്ലണ്ട്)
ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റിൽ 287 വിക്കറ്റുകൾ നേടിയിട്ടുള്ള മികച്ച ബൗളറായിരുന്നു ഇയാൻ ഫോളി. 1993 ലെ വേനൽക്കാലത്ത് വൈറ്റ്ഹാവൻ ക്ലബ്ബിനായി ബാറ്റ് ചെയ്യുന്നതിനിടെ പന്ത് ഫോളിയുടെ കണ്ണിന് താഴെയായി വന്ന് ഇടിച്ചു. തുടർന്ന് കണ്ണിന് ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനസ്തേഷ്യ നൽകിയ സമയത്തുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.
7. സുൽഫിക്കർ ഭട്ടി | 1991-2013 (പാകിസ്താൻ)
പാകിസ്താനിൽ നിന്നുള്ള 22 കാരനായ യുവ ക്ലബ് ക്രിക്കറ്റർ സുൽഫിക്കർ ഭട്ടി 2013 ഡിസംബറിലാണ് ദാരുണമായി മരണപ്പെടുന്നത്. മത്സരത്തിനിടെ ഒരു പുൾ ഷോട്ടിന് ശ്രമിച്ച ഭട്ടിയുടെ നെഞ്ചിൽ പന്ത് വന്ന് ശക്തമായി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
8. ആൽക്വിൻ ജെൻകിൻസ് | 1937-2009 (ഇംഗ്ലണ്ട്)
കളിക്കാർ മാത്രമല്ല, കളി നിയന്ത്രിക്കുന്ന അമ്പയർമാരും ഗ്രൗണ്ടിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്. 2009-ൽ ഇംഗ്ലണ്ടിലെ ഒരു മത്സരത്തിനിടെ ഫീൽഡർ എറിഞ്ഞ പന്ത് അബദ്ധത്തിൽ 72 കാരനായ അമ്പയർ ആൽക്വിൻ ജെൻകിൻസിന്റെ തലയിൽ ഇടിക്കുകയായിരുന്നു. തലയ്ക്കേറ്റ ആന്തരിക മുറിവുകളെ തുടർന്ന് അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications