മുംബൈ: വാംഖഡെ സ്‌റ്റേഡിയത്തില്‍ ധോണിയുടെ നീലപ്പട ചോരയില്‍ മുങ്ങുമോ എന്നാണ് ഈ ദിവസത്തെ വണ്‍ മില്യണ്‍ ചോദ്യം! കാരണം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിയ്ക്കന്‍ ടീം വാംഖഡെയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്യുകയാണ്.
ഡി കോക്ക് എന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്റെ പാടവത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു ഇന്ത്യന്‍ താരത്തിനും കഴിഞ്ഞില്ല. ഹാഷിം അംലയുമായി ചേര്‍ന്ന് തുടക്കമിട്ട ഓപ്പണിംഗ് വെടിക്കെട്ട് പിന്നീട് കോക്ക് ഒറ്റയ്ക്കാണ് തുടര്‍ന്നത്.

വെറും 13 പന്തില്‍ 23 റണ്‍സെടുത്ത അംലയെ നാലാം ഓവറില്‍ പുറത്താക്കാന്‍ മോഹിത് ശര്‍മയ്ക്ക് കഴിഞ്ഞു. എന്നാല്‍ 78 പന്തില്‍ സെഞ്ച്വറി തികച്ച ഡി കോക്കിനെ പുറത്താക്കാന്‍ 27-ാം ഓവര്‍ വരെ കാക്കേണ്ടിവന്നു.
87 പന്തില്‍ 17 ബൗണ്ടറികളുടേയും ഒരു സിക്‌സറിന്റേയും അകമ്പടിയോടെയാണ് ഡി കോക്ക് 109 റണ്‍സെടുത്തത്. ഒടുവില്‍ റെയ്‌നയുടെ പന്തില്‍ കോലിയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി.
ഡി കോക്കിന് മികച്ച പിന്തുണ നല്‍കിയ ഡുപ്ലെസ്സിസും ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സും ആണ് ഇപ്പോള്‍ ക്രീസിലുള്ളത്. മികച്ച ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചാണ് ഡിവില്ലിയേഴ്‌സ് ബാറ്റിംഗ് തുടങ്ങിയിട്ടുള്ളത്.
ഒടുവില്‍ വിവരം ലഭിയ്ക്കുമ്പോള്‍ ദക്ഷിണാഫ്രിയ്ക്ക 33 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തിട്ടുണ്ട്.