മിശ്ര! ന്യൂസിലന്‍ഡ് 79ന് ഓളൗട്ട്.. 190 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം... ഇന്ത്യ ദീപാവലി തകര്‍ത്തുവാരി!
വിശാഖപട്ടണത്ത്: ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ ഒരു വെടിക്കെട്ട് നടത്താമെന്ന് ആശിച്ചിറങ്ങിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയുടെ മേല്‍ അമിത് മിശ്ര സ്പിന്‍ ബൗളിംഗിന്റെ ചുഴലിക്കാറ്റ് തീര്‍ത്തു. ക്ലാസിക്കല്‍ ലെഗ് സ്പിന്നിന്റെ സകല സൗന്ദര്യവും ആവാഹിച്ച ഒരു കിടുക്കന്‍ സ്‌പെല്ലിലൂടെ മിശ്ര കീവിസിനെ വെറും 79 റണ്‍സിന് ഓളൗട്ടാക്കിക്കളഞ്ഞു.
Read Also: ബ്രണ്ടൻ മക്കുല്ലത്തെ ന്യൂസിലൻഡ് പ്രധാനമന്ത്രിയാക്കി.. മോദിയുടെ ഈ കേന്ദ്രമന്ത്രി എന്ത് പരാജയമാണ്!
ജയിക്കാന്‍ 270 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്‍ഡ് വെറും 79 റണ്‍സിന് ചുരുണ്ടപ്പോള്‍ ഇന്ത്യയ്ക്ക് 190 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം. രോഹിത് ശര്‍മയുടെ വെടിക്കെട്ടോടെ തുടങ്ങിയ ദീവാപലി സ്‌പെഷല്‍ എപ്പിസോഡ് മിശ്രയുടെ കൂട്ടക്കുരുതിയോടെ തീര്‍ന്നു. അഞ്ചാം ഏകദിനവും പരമ്പരയും ഇന്ത്യയ്ക്ക്. കിവികള്‍ക്ക് മേല്‍ ഇന്ത്യന്‍ ആധിപത്യത്തിന്റെ കഥ ചിത്രങ്ങളിലൂടെ..

മിശ്രയുടെ ക്ലാസിക്കല്‍ ലെഗ് സ്പിന്‍
അശ്വിന്റെയും ജഡേജയുടെയും നിഴലില്‍ നിന്നും പൂര്‍ണമായും പുറത്തുവരുന്ന ഒരു തകര്‍പ്പന്‍ പ്രകടനം. അതാണ് മിശ്ര നടത്തിയത്. ആറോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ്. മാന്‍ ഓഫ് ദ മാച്ച് ആരെന്ന ചോദ്യം തന്നെ ഉയര്‍ന്നില്ല. മിശ്ര തന്നെ.

ബൗളിംഗ് നിര തൂത്തുവാരി
അഞ്ച് വിക്കറ്റോടെ മിശ്ര മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മറ്റ് ബൗളര്‍മാരും മോശമാക്കിയില്ല. അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, ഭുമ്ര, ജയന്ത് യാജദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഒന്നാം ഓവറില്‍ ഗുപ്ടിലിനെ ബൗള്‍ഡാക്കി ഉമേഷ് യാദവാണ് തുടക്കമിട്ടത്.

ഹിറ്റ്മാന്‍ ഫോമിലേക്ക്
നിര്‍ണായകമായ അവസാന ഏകദിനത്തില്‍ ഒരു മാച്ച് വിന്നിങ് ഇന്നിംഗ്‌സ് കളിക്കാന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്ക്ക് കഴിഞ്ഞു. സ്ലോ പിച്ചില്‍ പവര്‍ ഫുള്‍ ഷോട്ടുകള്‍ കൊണ്ട് കീവിസ് ബൗളര്‍മാരെ മെരുക്കിയ ശര്‍മ 65 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും പറത്തി 70 റണ്‍സടിച്ചു.

മെഷീന്‍ പോലെ കോലി
വിരാട് കോലിയെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയേണ്ട കാര്യമില്ല. എണ്ണയിട്ട യന്ത്രം പോലെ അതിങ്ങനെ തിരിഞ്ഞുകൊണ്ടേയിരിക്കും. 76 പന്തില്‍ 65 റണ്‍സായിരുന്നു വൈസ് ക്യാപ്റ്റന്റെ ഇന്നലത്തെ സംഭാവന. രണ്ട് ഫോറും 1 സിക്‌സും.

ധോണിയും മോശമായില്ല
59 പന്തുകള്‍ കളിച്ചെങ്കിലും ധോണി 41 റണ്‍സെടുത്തു. നാലാം നമ്പറില്‍ എത്തിയ ധോണി കോലിക്കൊപ്പം തീര്‍ത്ത മനോഹരമായ കൂട്ടുകെട്ടാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. 4 ഫോറും 1 സിക്‌സുമാണ് ധോണിയുടെ സമ്പാദ്യം.

ജാദവും പട്ടേലും
പ്രമുഖരെല്ലാം അവസാന ഓവറുകള്‍ക്ക് മുമ്പേ മടങ്ങിയപ്പോള്‍ കേദാര്‍ ജാദവും അക്ഷര്‍ പട്ടേലും കൂടി ചേര്‍ന്നാണ് ഇന്ത്യയെ ജയിക്കാനുളള സ്‌കോറില്‍ എത്തിച്ചത്. ജാദവ് 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ അക്ഷര്‍ പട്ടേല്‍ 24 റണ്‍സെടുത്തു.

തകര്‍ന്നടിഞ്ഞ് ന്യൂസിലന്‍ഡ്
മൂന്നേ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് കീവിസ് നിരയില്‍ രണ്ടക്കം കടന്നത്. 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ വില്യംസന്‍ ടോപ് സ്‌കോററായി. അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ബാക്കി മൂന്ന് പേര്‍ 1, 3, 4 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. ശരിക്കും ഒരു ദുരന്തം.

മിശ്രയുടെ ദിവസം
അഞ്ചാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര മാന്‍ ഓഫ് ദ മാച്ചായി. കഴിഞ്ഞില്ല, അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 15 വിക്കറ്റുകളെടുത്ത മിശ്രയെ മാന്‍ ഓഫ് ദ സീരിസായും തിരഞ്ഞെടുത്തു. ശരിക്കും ഒരു തകര്‍പ്പന്‍ പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications