ഇന്‍ഡോര്‍: ഇന്ത്യയ്‌ക്കെതിരായ ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയ തോറ്റു. ഒന്നാം ഏകദിനത്തില്‍ 21 ഓവറില്‍ 161ഉം രണ്ടാം ഏകദിനത്തില്‍ 50 ഓവറില്‍ 253 ഉം റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ രണ്ട് കളിയിലും ഒന്ന് പൊരുതി നോക്കി പോലും ഇല്ല. ഫാസ്റ്റും സ്പിന്നും കലര്‍ന്ന ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ ഓസ്‌ട്രേലിയ ശരിക്കും പതറിപ്പോയി. ഈ ടീം കൊണ്ട് കളിച്ചാല്‍ മൂന്നാം ഏദിനത്തിലും അവര്‍ക്ക് രക്ഷ കിട്ടാനിടയില്ല.

ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ഏകദിനം ജയിക്കാന്‍ ഓസ്‌ട്രേലിയ കുറച്ച് മാറ്റങ്ങള്‍ വരുത്തണം. അതിലൊന്ന് ഓപ്പണിംഗ് കോംപിനേഷനാണ്. ആരോണ്‍ ഫിഞ്ചിന് പകരക്കാരനായി ടീമിലെത്തിയ ഹില്‍ട്ടന്‍ കാര്‍ട്ട്‌റൈറ്റ് രണ്ട് കളിയിലും പരാജയപ്പെട്ടു. ഡേവിഡ് വാര്‍ണറുടെ ആത്മവിശ്വാസത്തെയും കാര്‍ട്ട്‌റൈറ്റിന്റെ പരാജയം ബാധിക്കുന്നു. ട്രേവിസ് ഹെഡിനെ ഓപ്പണറാക്കുകയും വാര്‍ണര്‍ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്താല്‍ ഓപ്പണിങ് പ്രശ്‌നം ഓസ്‌ട്രേലിയയ്ക്ക് പരിഹരിക്കാവുന്നതേ ഉള്ളൂ.
മധ്യനിരയില്‍ ഹാന്‍ഡ്‌സ്‌കോംപിനെ കൊണ്ടുവരുന്നതോടെ ബാറ്റിംഗ് നിര കുറച്ച് കൂടി സ്‌ട്രോംഗ് ആകും. ഒന്നാം ഏകദിനത്തില്‍ അടിച്ച് പരത്തപ്പെട്ട ആദം സാംപയെ രണ്ടാമത്തെ കളിക്ക് ഒഴിവാക്കിയിരുന്നു. ക്വാളിറ്റി സ്പിന്നറായ ആദം സാംപയെ അറ്റാക്കിങ് മോഡില്‍ തിരിച്ചുകൊണ്ടുവരികയാണ് അടുത്തത്. മാക്‌സ് വെല്‍, ഫോക്‌നര്‍ എന്നിവര്‍ കാടനടി ഒഴിവാക്കി ടീമിന് വേണ്ട രീതിയില്‍ കളിക്കാന്‍ തുടങ്ങിയാലേ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഓസീസിന്റെ വേവലാതി അവസാനിക്കുകയുള്ളൂ.