ധോണിയ്ക്കും കോലിയ്ക്കും ഇനി കളിനിര്‍ത്താം... ദക്ഷിണാഫ്രിയ്ക്ക ഇന്ത്യയെ എടുത്തുടുത്തു
മുംബൈ: പുകള്‍ പെറ്റ ഇന്ത്യ ബാറ്റിംഗ് നിരയ്ക്ക് ഇനി കടലാസുപുലികളായി പുസ്തകങ്ങളില്‍ ഇരിയ്ക്കാം. എന്താണ് ഏകദിനത്തിലെ ബാറ്റിംഗ് എന്ന് ദക്ഷിണാഫ്രിയ്ക്ക ഇന്ത്യയിലെത്തി ധോണിയേയും കൂട്ടരേയും പഠിപ്പിച്ചുകഴിഞ്ഞു.
പരമ്പര സ്വന്തമാക്കാന്‍ അവസാന മത്സരം ജയിക്കേണ്ടത് ഇരു ടീമുകള്‍ക്കും ആവശ്യമായിരുന്നു. സ്വന്തം മണ്ണില്‍ ഒരു പരമ്പര ജയംകൂടി കുറിയ്ക്കാമെന്ന ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകള്‍ക്ക് മുകളില്‍ ദക്ഷിണാഫ്രിക്കന്‍ കരുത്ത് ആഞ്ഞടിയ്ക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രി നാല് വിക്കറ്റ് നഷ്ടത്തിലാണ് 438 റണ്‍സ് എടുത്തത്. ഡി കോക്കിന്റേയും ഡിവില്ലിയേഴ്‌സിന്റേയും ഡുപ്ലസ്സിസിന്റേയും തകര്‍പ്പന്‍ സെഞ്ച്വറികളായിരുന്നു അവരുടെ ഹൈലൈറ്റ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അമ്പത് ഓവര്‍ തികയ്ക്കാന്‍ പോലും കഴിഞ്ഞില്ല. 36 ഓവറില്‍ 224 ന് പുറത്ത്. 214 റണ്‍സിന്റെ തോല്‍വി.

കളി പഠിയ്ക്കാം
ഏകദിനത്തില്‍ എങ്ങനെ ബാറ്റ് വീശണമെന്ന് ഇനി ഇന്ത്യക്ക് ദക്ഷിണാഫ്രിയ്ക്കയില്‍ നിന്ന് പഠിയ്ക്കാം. നാല് വിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സെടുക്കാന്‍ ദക്ഷിണാഫ്രിയ്ക്കക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

റെക്കോര്‍ഡ് ജയം
ദക്ഷിണാഫ്രിയ്ക്ക് ഇത് ഇന്ത്യക്കെതിരെയുള്ള റെക്കോര്‍ഡ് ജയമാണ്. ഇത്രയും വലിയ മാര്‍ജ്ജിനില്‍ നേടിയ ജയം!

ധോണിയും കോലിയും
ഇന്ത്യയുടെ കളിമിടുക്കന്‍മാരായ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയും അമ്പേ പരാജയപ്പെട്ട മത്സരമായിരുന്നു വാംഖഡെ സ്റ്റേഡിയത്തിലേത്. ധോണി(27) രണ്ടക്കം കടന്നപ്പോള്‍ കോലിയ്ക്ക്(7) അത് പോലും കഴിഞ്ഞില്ല.

റെക്കോര്‍ഡ് തോല്‍വി
ദക്ഷിണാഫ്രിയ്ക്കയ്ക്ക് റെക്കോര്‍ഡ് ജയമെങ്കില്‍ ഇന്ത്യയ്ക്കിത് റെക്കോര്‍ഡ് തോല്‍വിയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഏകദിന പരാജയം.

ആദ്യത്തെ പരമ്പര
ഇന്ത്യന്‍ മണ്ണില്‍ ദക്ഷിണാഫ്രിയ്ക്കയുടെ ആദ്യ പരമ്പര വിജയമാണിത്. അതിന്റെ ക്രെഡിറ്റ് ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സിന് തന്നെ പോകും.

ഡി കോക്ക്
ഓപ്പണര്‍ ഡി കോക്ക് ആണ് ദക്ഷിണാഫ്രിയ്ക്കന്‍ വെടിക്കെട്ടിന് തുടക്കം കുറിച്ചത്. വെറും 87 പന്തില്‍ 109 റണ്‍സെടുത്താണ് ഡി കോക്ക് മടങ്ങിയത്.

ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ്
എന്താണ് ക്യാപ്റ്റന്റെ കളിയെന്ന് എബി ഡിവില്ലിയേഴ്‌സ് തെളിയിച്ചു. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപരത്തിയ ഡിവില്ലിയേഴ്‌സ് 57 പന്തില്‍ നിന്നാണ് സെഞ്ച്വറി നേടിയത്. പുറത്താകുമ്പോള്‍ 61 പന്തില്‍ നിന്ന് 119 റണ്‍സ്.

ഡുപ്ലസ്സിസ്
ഡുപ്ലസ്സിസിന്റെ കാലിന് പേശിവലിവ് പ്രശ്‌നം ഉണ്ടായില്ലെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 450 കടന്നേനെ. പരിക്കേറ്റ് കളം വിടുമ്പോള്‍ ഡുപ്ലസ്സിസ് നേടിയത് 115 പന്തില്‍ നിന്ന് 133 റണ്‍സ്.

സിക്‌സറുകള്‍ കാണൂ...
20 സിക്‌സറുകളാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നിന്ന് പിറന്നത്. അതില്‍ 11 എണ്ണവും ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്ന്. ആറെണ്ണം ഡുപ്ലസ്സിസിന്റെ വകയും.

ധവാനും രഹാനേയും
ഇന്ത്യന്‍ ഇന്നിംഗിസില്‍ നന്ദി പറയേണ്ടത് ശിഖര്‍ ധവാനോടും അജിന്‍ക്യ രഹാനെയോടും മാത്രം. അര്‍ദ്ധ സെഞ്ച്വറിയെങ്കിലും തികയ്ക്കാനായത് ഇവര്‍ക്കാണ്.

രഹാനെ തെളിയിച്ചു
ധോണിയ്ക്ക് തീരെ പിടിയ്ക്കാത്ത രഹാനെ എങ്ങനെ ടീമിന്റെ മാനം അല്‍പമെങ്കിലും കാത്തു എന്നത് സ്‌കോര്‍ ബോര്‍ഡ് നോക്കിയാല്‍ മനസ്സിലാകും. 58 പന്തില്‍ നിന്ന് 87 റണ്‍സാണ് രഹാനെ സ്വന്തമാക്കിയത്. മൂന്ന് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും.

ബൗളര്‍മാര്‍ക്ക് വീട്ടിലിരിയ്ക്കാം
ഇന്ത്യയുടെ ബൗളിംഗ് 'ഇതിഹാസങ്ങള്‍ക്ക്' ഈ മത്സരം ഒരു ദുസ്വപ്‌നം പോലെ ആയിരിയ്ക്കും എന്ന് ഉറപ്പാണ്. ഭുവനേശ്വര്‍ കുമാറിന് പത്ത് ഓവറില്‍ കിട്ടിയത് 106 റണ്‍സ്, മോഹിത് ശര്‍മയ്ക്ക് ഏഴ് ഓവറില്‍ 84. അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത് ഹര്‍ഭജന്‍ സിംഗ് ആണ്. 10 ഓവറില്‍ എഴുപത് റണ്‍സ് മാത്രം.

ഡി കോക്ക് കളിയിലെ കേമന്‍
തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ ടീമിനെ വിജയത്തിലേയ്ക്ക നയിച്ച ഡി കോക്ക് ആണ് കളിയിലെ കേമന്‍. പരമ്പരയില്‍ മൂന്ന് സെഞ്ച്വറികള്‍ സ്വന്തമാക്കിയ ഡി വില്ലിയേഴ്‌സ് മാന്‍ ഓഫ് ദ സീരീസ് ആയി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications