ടീം ഇന്ത്യ ലോകകപ്പ് സ്വപ്‌നം കാണാന്‍ വരട്ടെ... ഇതിലൊരു തീരുമാനമാക്കിയിട്ട് മതി!!

Written By:

മുംബൈ: ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. നാലാം ഏകദിനത്തില്‍ തോറ്റെങ്കിലും ശേഷിക്കുന്ന രണ്ടു കളികളില്‍ ഒന്നില്‍ മാത്രം ജയിക്കാനായാല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കന്നി ഏകദിന പരമ്പരയെന്ന ഇന്ത്യന്‍ മോഹം പൂവണിയും. 2019ലെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണ് ഇന്ത്യക്കു ഇനിയുള്ള മല്‍സരങ്ങള്‍.

എന്നാല്‍ നിലവിലെ ടീമിനെക്കൊണ്ട് ലോകകപ്പ് നേടാനാവുമോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ടീം ഇന്ത്യക്കും ഇപ്പോഴും ചില മേഖലകളില്‍ പോരായ്മകളുണ്ട്. ഇവ കൂടി പരിഹരിച്ചെങ്കില്‍ മാത്രമേ ലോകകപ്പില്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ. ലോകകപ്പിന് മുമ്പ് ടീം ഇന്ത്യ നേരിടുന്ന അഞ്ചു പ്രധാന വെല്ലുവിളികള്‍ ഇവയാണ്.

നാലാം നമ്പറില്‍ ആര്?

നാലാം നമ്പറില്‍ ആര്?

നാലാം നമ്പര്‍ ബാറ്റിങ് പൊസിഷനില്‍ ആരെ ഇറക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ഇന്ത്യക്ക് ആശയക്കുഴപ്പമുണ്ട്. ടീമിന് തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ചയുണ്ടായാല്‍ അത് മറികടന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന വലിയ ഉത്തരവാദിത്വമാണ് നാലാം നമ്പറുകാരനുള്ളത്. ടീമിന് മികച്ച തുടക്കമാണ് ലഭിച്ചതെങ്കില്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് വേഗത്തില്‍ റണ്‍സ് നേടുകയെന്ന റോള്‍ കൂടി ഈ താരത്തിനു വഹിക്കേണ്ടിവരും.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് പുറത്തായ ശേഷം നാലാം നമ്പറില്‍ ഉചിതമായ ഒരു പകരക്കാരനെ ഇന്ത്യക്കു ലഭിച്ചിട്ടില്ല. പലരും ഇതിനുശേഷം വന്നുപോയെങ്കിലും ഇവര്‍ക്കാര്‍ക്കും നാലാം നമ്പറില്‍ സ്ഥിരസാന്നിധ്യമാവാനായിട്ടില്ല.
ദിനേഷ് കാര്‍ത്തിക്, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, അജിങ്ക്യ രഹാനെ എന്നിവരെല്ലാം ഈ സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ രഹാനെ അര്‍ധസെഞ്ച്വറിയോടെ തിളങ്ങിയെങ്കിലും പിന്നീടുള്ള കളികളില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ നിന്നും 19 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

ആരാവും ഫിനിഷര്‍?

ആരാവും ഫിനിഷര്‍?

ടീമിന്റെ ഫിനിഷറായി ആറാം നമ്പറില്‍ ആരെ ഇറക്കുമെന്ന കാര്യത്തിലും ഇന്ത്യക്കു ആശങ്കയുണ്ട്. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി അഞ്ചാം നമ്പറിലാണ് ഇറങ്ങുക. തൊട്ടുപിന്നാലെ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള താരത്തെയാണ് ഇന്ത്യ തേടുന്നത്. കഴിഞ്ഞ കുറച്ചു കാലമായി കേദാര്‍ ജാദവാണ് ഇന്ത്യക്കു വേണ്ടി ആറാം നമ്പറില്‍ ഇറങ്ങുന്നത്. എന്നാല്‍ ഏകദിനത്തില്‍ അത്ര മികച്ച ഫിനിഷറാണെന്ന് തെളിയിക്കാന്‍ താരത്തിനായിട്ടില്ല. പ്രത്യേകിച്ചും വിദേശത്തുള്ള പിച്ചുകളില്‍ താരം നിരാശപ്പെടുത്തുകയാണ്.
2019ലെ ലോകകപ്പില്‍ 33 വയസ്സ് തികയുന്ന ജാദവിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തിലും ഇന്ത്യക്കു ആശങ്ക നിലനില്‍ക്കുന്നു. താരത്തിന്റെ ഫിറ്റ്‌നസും ഫോമുമെല്ലാം ലോലകകപ്പില്‍ ടീമിന് നിര്‍ണായകമാവും.
ജാദവിനു പകരം പ്രാദേശിക ക്രിക്കറ്റില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന മനീഷ് പാണ്ഡെയ്ക്ക് ഇന്ത്യ അവസരം നല്‍കുമോയെന്നാണ് അറിയാനുള്ളത്. കൂടാതെ ജാദവിനേക്കാള്‍ മികച്ച ഫീല്‍ഡര്‍ കൂടിയാണ് താരം.

മൂന്നാം സ്പിന്നര്‍

മൂന്നാം സ്പിന്നര്‍

കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്പിന്‍ ആക്രമണത്തിന്റെ ചുമതല യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും ഉജ്ജ്വലമായാണ് നിറവേറ്റുന്നത്. അതുകൊണ്ടു തന്നെ ലോകകപ്പിലും ഇതേ ജോടിയെ തന്നെ ഇന്ത്യ പരീക്ഷിക്കാനാണ് സാധ്യത. 18 ഏകദിനങ്ങളില്‍ നിന്നും യാദവ് 34 വിക്കറ്റും 21 ഏകദിനങ്ങളില്‍ നിന്നും 39 വിക്കറ്റുകള്‍ ചഹലും നേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരകളിലെല്ലാം ചഹല്‍-കുല്‍ദീപ് ജോടി കസറിയിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയിലും ഇരുവരും ഉജ്ജ്വലമായാണ് പന്തെറിയുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്ത് കുറഞ്ഞ താരങ്ങളാണ് ചഹലും കുല്‍ദീപും. അതുകൊണ്ടു തന്നെ ലോകകപ്പ് ടീമില്‍ മൂന്നാമതൊരു സ്പിന്നറെക്കൂടി ഇന്ത്യ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രം അംഗങ്ങളായ ആര്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഇന്ത്യ ലോകകപ്പില്‍ തിരിച്ചുവിളിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല. അക്ഷര്‍ പട്ടേലാണ് ടീമിലെ മൂന്നാം സ്പിന്നറായി പരീക്ഷിക്കാവുന്ന മറ്റൊരു താരം.

പാണ്ഡ്യയെ എങ്ങനെ വിശ്വസിക്കും

പാണ്ഡ്യയെ എങ്ങനെ വിശ്വസിക്കും

നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക് പാണ്ഡ്യ മാത്രമേ ഓള്‍റൗണ്ടറായിട്ടുള്ളൂ. തന്റെതായ ദിവസങ്ങളില്‍ മാത്രം ബാറ്റിങിലും ബൗളിങിലും മിടുക്കുകാട്ടുന്ന താരമാണ് പാണ്ഡ്യ. സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാത്തത് അദ്ദേഹത്തിന്റെ വലിയ പോരായ്മ തന്നെയാണ്. വരാനിരിക്കുന്ന ലോകകപ്പില്‍ പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനും ഇത് തടസ്സമായേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ പാണ്ഡ്യ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് നടത്തുന്നത്. നാല് ഏകദിനങ്ങളില്‍ രണ്ടെണ്ണത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച താരം നേടിയത് 26 റണ്‍സ് മാത്രമാണ്. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും താരത്തിന്റെ പ്രകടനം ശരാശരിയിലൊതുങ്ങി. ഇതുവരെ 37 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള പാണ്ഡ്യയുടെ സമ്പാദ്യം 36 വിക്കറ്റുകളാണ്.
സ്ഥിരതയില്ലാത്ത പാണ്ഡ്യയെ തന്നെ അടുത്ത ലോകകപ്പില്‍ നിലനിര്‍ത്തണമോ പകരം മറ്റേതെങ്കിലും താരത്തെ ഈ റോളില്‍ പരീക്ഷിക്കണമോയെന്നതയാണ് ബിസിസിഐക്കു മുന്നിലുള്ള ചോദ്യം.

മൂന്നും നാലും പേസറുകള്‍ ആരൊക്കെ?

മൂന്നും നാലും പേസറുകള്‍ ആരൊക്കെ?

ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും തകര്‍പ്പന്‍ പ്രകടനത്തിലൂടെ ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞെങ്കിലും ലോകകപ്പിനുള്ള സംഘത്തിലെ മൂന്നും നാലും പേസര്‍മാര്‍മാരുടെ കാര്യത്തില്‍ ഇന്ത്യക്ക് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ നടക്കുന്ന പരമ്പരയ്ക്കുള്ള സംഘത്തില്‍ മുഹമ്മദ് ഷമിയും ശര്‍ദ്ദുല്‍ താക്കൂറും പേസര്‍മാരായി ടീമിലുണ്ടെങ്കിലും ഇരുവര്‍ക്കും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.
2015ലെ ലോകകപ്പില്‍ ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത് ഷമിയായിരുന്നു. എന്നാല്‍ പിന്നീട് പരിക്കേറ്റതോടെ താരം ടീമില്‍ നിന്നു പുറത്താവുകയായിരുന്നു. ടീമിലേക്ക് തിരിച്ചുവന്നെങ്കിലും സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല.
പരിചയസമ്പന്നനായ ഉമേഷ് യാദവാണ് ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കപ്പെടാവുന്ന മറ്റൊരു താരം. കഴിഞ്ഞ ഏഴു വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനിടെ ഇംഗ്ലണ്ടില്‍ കളിച്ച അനുഭവസമ്പത്തും താരത്തിനുണ്ട്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, February 12, 2018, 11:01 [IST]
Other articles published on Feb 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍