കോലിയുടെ സെഞ്ചുറിയും സ്പിന്നര്‍മാരും രക്ഷിച്ചു; ഇന്ത്യയ്ക്ക് ജയം, പരമ്പര സമനില
ബാറ്റിംഗ് ഓര്‍ഡറിലെ അനാവശ്യ പരീക്ഷണങ്ങള്‍ ഒഴിവാക്കി ഇന്ത്യ സ്ഥിരം പാറ്റേണിലേക്ക് തിരിച്ചുവന്നപ്പോള്‍ ജയവും കൂടെപ്പോന്നു. പരമ്പരയില്‍ ആദ്യമായിട്ടാണ് ഇന്ത്യ ബാറ്റിംഗ് ഓര്‍ഡറില്‍ ഇറങ്ങുന്നത്. അത് ക്ലിക്കാകുകയും ചെയ്തു. ആറാം നമ്പറില്‍ ക്രീസിലെത്തിയ ധോണി 16 പന്തില്‍ 15 റണ്‍സ് മാത്രം എടുത്തിട്ടും അത് ഇന്ത്യയെ ബാധിച്ചില്ല.
വിരാട് കോലി, സുരേഷ് റെയ്‌ന, രഹാനെ എന്നിവരുടെ ബാറ്റിംഗും ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരുടെ ബൗളിംഗ് മികവുമാണ് ഇന്ത്യയെ ജയിപ്പിച്ചത്. 4 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പരമ്പര 2 - 2 എന്ന നിലയിലാണ്. അവസാന മത്സരം ഞായറാഴ്ച മുംബൈയില്‍ നടക്കും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടിന് 299 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ എ ബി ഡിവില്ലിയേഴ്‌സിന്റെ സെഞ്ചുറി പാഴാകുന്ന കാഴ്ചയാണ് കണ്ടത്.

ക്യാപ്റ്റന്‍ ധോണിക്ക് സലാം
വലിയ ക്യാപ്റ്റന്‍സി ഒന്നും കാണിച്ചതിനല്ല, അനവാശ്യ പരീക്ഷണം നടത്തി ഇന്ത്യയെ താളം തെറ്റിക്കാതിരുന്നതിനാണ് ഈ സലാം. കോലിയെ മൂന്നാം നമ്പറിലും രഹാനെയെ നാലം നമ്പറിലും വിട്ട ധോണി സുരേഷ് റെയ്‌നയ്ക്കും പിന്നാലെ ആറാമതായാണ് ക്രീസിലെത്തിയത്. അവസാന ഓവറുകളില്‍ റണ്‍ എ ബോള്‍ എടുക്കാന്‍ പോലും ക്യാപ്റ്റന് കഴിഞ്ഞില്ലെങ്കിലും അത് ഇന്ത്യയുടെ ജയത്തെ ബാധിച്ചില്ല.

വിരാട് കോലി നായകന്‍
തന്റെ സ്ഥിരം ബാറ്റിംഗ് പൊസിഷനായ മൂന്നാം നമ്പറില്‍ കോലിയുടെ മറ്റൊരു മിന്നും സെഞ്ചുറി. കോലിയുടെ ഇരുപത്തിമൂന്നാം സെഞ്ചുറിയാണ് ഇത്. കഴിഞ്ഞ കളിയിലും മൂന്നാം നമ്പറില്‍ ഇറങ്ങിയ കോലി 77 റണ്‍സെടുത്തിരുന്നു.

ചെന്നൈയിലെ പ്രകടനം ഇങ്ങനെ
ചെന്നൈയിലെ കടുത്ത ചൂടിനെ അതിജീവിച്ച് കോലി നേരിട്ടത് 140 പന്തുകള്‍. ആറ് ഫോറും അഞ്ച് സിക്‌സറും സഹിതം 138 റണ്‍സും എടുത്തു. സിക്‌സറടിച്ചാണ് കോലി സെഞ്ചുറി തികച്ചത്. സേവാഗിനെപ്പോലെ. മാന്‍ ഓഫ് ദി മാച്ചും കോലി തന്നെ.

സോറി ഡിവില്ലിയേഴ്‌സ്
ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ സമ്മര്‍ദ്ദത്തില്‍ പൊരുതി നേടിയ സെഞ്ചുറി പാഴായി. 107 പന്തില്‍ എ ബി ഡി 112 റണ്‍സെടുത്തെങ്കിലും മറുവശത്ത് പിന്തുണ നല്‍കാന്‍ ആരും ഉണ്ടായില്ല. പരമ്പരയില്‍ ഡിവില്ലിയേഴ്‌സിന്റെ രണ്ടാം സെഞ്ചുറിയാണിത്.

റെയ്‌ന ഫോമിലേക്ക്
തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം സുരേഷ് റെയ്‌ന ഫോമിന്റെ മിന്നലാട്ടങ്ങള്‍ കാട്ടിത്തുടങ്ങി. 52 പന്തിലായിരുന്നു റെയ്‌നയുടെ 54 റണ്‍സ്.

രോഹിത് നന്നായിത്തുടങ്ങി
തുടക്കം മുതല്‍ തകര്‍പ്പന്‍ ഷോട്ടുകള്‍ കളിച്ച ഓപ്പണര്‍ രോഹിത് ശര്‍മ മികച്ച ഫോമിലായിരുന്നു. പക്ഷേ 21 ല്‍ നില്‍ക്കേ പുറത്തായി.

രഹാനെ നങ്കൂരമിട്ടു
കളിക്കാന്‍ ഇഷ്ടം പോലെ ഓവറുകള്‍ ബാക്കിയുണ്ടായതിനാല്‍ തന്റെ സ്വതസിദ്ധമായ ബാറ്റിംഗ് പുറത്തെടുക്കാന്‍ രഹാനെയ്ക്ക് കഴിഞ്ഞു. 53 പന്തില്‍ രഹാനെ 45 റണ്‍സടിച്ചു.

ഹര്‍ഭജന്‍ മിന്നി
പത്തോവറില്‍ 50 റണ്‍സ് വഴങ്ങിയെങ്കിലും ഭാജി രണ്ട് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളിലാണ് ഹര്‍ഭജന്‍ റണ്‍ വഴങ്ങിയത്. തുടക്കത്തില്‍ മൂന്നിലും താഴെയായിരുന്നു ഹര്‍ഭജന്റെ ഇക്കോണമി.

ഡിവില്ലിയേഴ്‌സിനെ വീഴ്ത്തിയത് കുമാര്‍
നാല്‍പ്പത്തി അഞ്ചാം ഓവറില്‍ എ ബി ഡിവില്ലിയേഴ്‌സിനെ ഭുവനേശ്വര്‍ എം എസ് ധോണിയുടെ കൈകളിലെത്തിച്ചതോടെയാണ് ഇന്ത്യ ജയം ഉറപ്പിച്ചത്. ഇതടക്കം ഭുവി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

സ്‌കോര്‍കാര്‍ഡ് ഇങ്ങനെ
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 299. ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റിന് 264. ഇന്ത്യയ്ക്ക് 35 റണ്‍സിന്റെ ജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications