കാന്‍ബറ: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ തിരിച്ചടികള്‍ അവസാനിക്കുന്നില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ ഹിമാലയന്‍ ടോട്ടലിലേക്ക് കുതിക്കുകയാണ്. ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ തീരുമാനം ഒരു പൊടി പോലും തെറ്റിയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരുടെ പ്രകടനം. 92 പന്തില്‍ 93 റണ്‍സെടുത്ത് ഡേവിഡ് വാര്‍ണര്‍ പുറത്തായപ്പോള്‍ മറ്റൊരു ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് സെഞ്ചുറി നേടി ബാറ്റിംഗ് തുടരുന്നു.
ഫീല്‍ഡ് ചെയ്യുന്നതിനിടെ അജിന്‍ക്യ രഹാനെയ്ക്ക് പരിക്കേറ്റത് ഇന്ത്യയുടെ നില ഇനിയും പരിതാപകരമാക്കി. കൈവിരലിനാണ് പരിക്ക്. പരിക്കേറ്റ രഹാനെയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രഹാനെ ബാറ്റിംഗിന് എത്തുന്ന കാര്യം സംശയമാണ്. ഒന്നാമതേ ദുര്‍ബല പോരാത്തതിന് ഗര്‍ഭിണിയും എന്ന സ്ഥിതിയിലാണ് ഇപ്പോള്‍ ഇന്ത്യ. രഹാനെയുടെ സഹായമില്ലാതെ കൂറ്റന്‍ സ്‌കോര്‍ ചേസ് ചെയ്യേണ്ടി വന്നാല്‍ ഇന്ത്യ കുറച്ചധികം വിയര്‍ക്കും.

തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികളോടെ മികച്ച ഫോമിലാണ് രഹാനെ. കാന്‍ബറയില്‍ ബാറ്റിംഗ് മാത്രമല്ല, ഓസീസ് പര്യടനത്തിലെ ബാക്കിയുള്ള മത്സരങ്ങള്‍ കൂടി രഹാനെയ്ക്ക് നഷ്ടമായേക്കും എന്നാണ് റിപ്പോര്‍ട്ട്. ഒരു ഏകദിനവും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഇനി ബാക്കിയുള്ളത്. ആദ്യത്തെ മൂന്ന് കളിയും തോറ്റ ഇന്ത്യയ്ക്ക് പരമ്പര ഇതിനോടകം നഷ്ടമായിക്കഴിഞ്ഞു.