27 പന്തില്‍ 47 റണ്‍സ്; അവസാന ഇന്നിങ്‌സിലും തകര്‍ത്തടിച്ച് ബ്രണ്ടന്‍ മക്കുല്ലം വിരമിച്ചു
വെല്ലിങ്ടണ്‍: വിരമിക്കല്‍ മത്സരത്തിലും താന്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുകയാണെന്ന് തെളിയിച്ച് ന്യൂസിലന്റ് ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കുല്ലം. തന്റെ അവസാന ഏകദിന മത്സരം കളിക്കാനിറങ്ങിയ മക്കുല്ലം ഓസ്‌ട്രേലിയയ്‌ക്കെതിരെ 27 പന്തില്‍ 47 റണ്‍സാണ് അടിച്ചുകൂട്ടിയത്. മത്സരത്തില്‍ 54 റണ്‍സിന് ജയിച്ച ന്യൂസിലന്റ് മൂന്നു മത്സരങ്ങളുടെ ചാപ്പല്‍ ഹാഡ്‌ലി സീരീസ് സ്വന്തമാക്കുകയും ചെയ്തു.
മൂന്നാം ഏകദിനത്തില്‍ ഗുപ്റ്റിലിനൊപ്പം ബാറ്റിങ്ങിനിറങ്ങിയ മക്കുല്ലം 9.3 ഓവറില്‍ 84 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് പുറത്തായത്. സെഡ്ഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ബൗളര്‍മാരെ തീര്‍ത്തും നിഷ്പ്രഭരാക്കുന്നതായിരുന്നു മക്കുല്ലത്തിന്റെ ഇന്നിങ്‌സ്. 47 റണ്‍സെടുത്ത് പുറത്തായ മക്കുല്ലത്തിന് സ്റ്റേഡിയം വീരോചിതമായ യാത്രയപ്പ് നല്‍കുകയും ചെയ്തു. മത്സരത്തില്‍ 45.3 ഓവറില്‍ ന്യൂസിലന്റ് 246 റണ്‍സ് നേടിയപ്പോള്‍ 43.4 ഓവറില്‍ ഓസ്‌ട്രേലിയ 191 റണ്‍സിന് എല്ലാവരും പുറത്തായി.

വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട മക്കുല്ലം ഈ മാസം നടക്കുന്ന പരമ്പരയോടെ ടെസ്റ്റില്‍ നിന്നും വിരമിക്കും. വിരമിക്കല്‍ തീരുമാനം മക്കുല്ലം നേരത്തെ അറിയിച്ചിരുന്നതാണ്. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഫെബ്രുവരി 20നാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ്. ഇതോടെ എല്ലാത്തരം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും മക്കുല്ലം വിരമിക്കും.
2002ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു മക്കുല്ലത്തിന്റെ ഏകദിനത്തിലെ അരങ്ങേറ്റം. 254 ഏകദിനങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറിയടക്കം 5909 റണ്‍സ് ആണ് സമ്പാദ്യം. 99 ടെസ്റ്റില്‍ നിന്ന് 11 സെഞ്ച്വറിയടക്കം 6273 റണ്‍സ് നേടി. ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും മൂന്ന് ഡബിള്‍ സെഞ്ച്വറിയും നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏകദിനത്തില്‍ 258 ക്യാച്ചും 15 സ്റ്റമ്പിങ്ങും ടെസ്റ്റില്‍ 194 ക്യാച്ചും 11 സ്റ്റമ്പിങ്ങും മക്കുല്ലത്തിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications