ക്യാപ്റ്റനും ടോപ് ഓര്‍ഡറും ചതിച്ചു... മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ അശ്വിന്‍ രക്ഷിക്കുന്നു... 234/5!
സെന്റ് ലൂസിയ: ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ള സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ട മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മങ്ങിയ തുടക്കം. ഓപ്പണര്‍ ശിഖര്‍ ധവാന്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ബലത്തില്‍ ഇന്ത്യ ഒന്നാം ദിവസം 5 വിക്കറ്റിന് 234 എന്ന നിലയില്‍ എത്തിയിട്ടുണ്ട്.
50 റണ്‍സെടുത്ത എല്‍ രാഹുലും 35 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും മാത്രമാണ് മുന്‍നിരക്കാരില്‍ പിടിച്ചുനിന്നത്. വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയെ തഴയാനുള്ള വിരാട് കോലിയുടെ തീരുമാനവും ഇന്ത്യയ്ക്ക് തിരിച്ചടിയായി. പൂജാരയ്ക്ക് പകരം ടീമിലെത്തിയ രോഹിത് ശര്‍മ വെറും 9 റണ്‍സിന് പുറത്തായി. വണ്‍ ഡൗണായി ക്രീസിലെത്തിയ കോലിക്കും തിളങ്ങാനായില്ല, വെറും റണ്‍സ്. ഒന്നാം ദിവസത്തെ കളിവിശേഷങ്ങളിലേക്ക്...

പ്രതീക്ഷകള്‍ അശ്വിനില്‍
ഒന്നാം ടെസ്റ്റില്‍ സെഞ്ചുറിയോടെ മാന്‍ ഓഫ് ദ മാച്ചായ ആര്‍ അശ്വിനിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. 190 പന്തില്‍ അശ്വിന്‍ 4 ബൗണ്ടറിയോടെ 75 റണ്‍സില്‍ എത്തിക്കഴിഞ്ഞു. നാലിന് 87 എന്ന നിലയില്‍ ഇന്ത്യ പതറുമ്പോഴാണ് അശ്വിന്‍ ക്രീസിലെത്തിയത്.

സഹായിക്കാന്‍ സാഹയും
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണ് അശ്വിനൊപ്പം ക്രീസില്‍. സാഹ 122 പന്തില്‍ 46 റണ്‍സടിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ സ്‌കോര്‍ അഞ്ചിന് 234. ജഡേജ കൂടി ബാറ്റിംഗിന് ഇറങ്ങാനുള്ളപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 350 റണ്‍സ് വരെ എങ്കിലും എത്തിയേക്കും.

രാഹുലിന്റെ ഫൈന്‍ ഇന്നിംഗ്‌സ്
ഓപ്പണര്‍ കെ എല്‍ രാഹുല്‍ വീണ്ടും ഒരു തട്ടുപൊളിപ്പന്‍ ഇന്നിംഗ്‌സ് കളിച്ചു. പക്ഷേ 50ലെത്തിയതും ഔട്ടായിപ്പോയി. രണ്ടാം ടെസ്റ്റില്‍ മുരളി വിജയ്ക്ക് പകരം കളിക്കാന്‍ അവസരം കിട്ടിയപ്പോള്‍ രാഹുല്‍ സെഞ്ചുറി അടിച്ചിരുന്നു.

ധവാന്‍ വീണ്ടും പരാജയം
തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് ധവാന്‍ ചെറിയ സ്‌കോറില്‍ പുറത്താകുന്നത്. ഒന്നാം ടെസ്റ്റില്‍ നേടിയ 84 റണ്‍സ് മാത്രമാണ് എടുത്തുപറയാനുള്ളത്.

കോലിക്കും തിളങ്ങാനായില്ല
വണ്‍ ഡൗണില്‍ എത്തിയ ക്യാപ്റ്റന്‍ വിരാട് കോലിക്കും തിളങ്ങാനായില്ല. 17 പന്തില്‍ വെറും 3 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. നാലാം നമ്പറിലാണ് കോലി സാധാരണ ബാറ്റ് ചെയ്യാറുള്ളത്.

പൂജാരയെ എന്തിന് മാറ്റി
ഡിഫന്‍സീവ് ക്രിക്കറ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാരയെ മാറ്റി വിരാട് കോലി പകരം കൊണ്ടുവന്നത് രോഹിത് ശര്‍മയെ. 23 പന്തില്‍ 9 റണ്‍സെടുക്കാനോ രോഹിതിന് പറ്റിയുള്ളൂ. വണ്‍ ഡൗണായി ക്രീസിലെത്തിയ കോലിയും വേഗം ഔട്ടായി.

രഹാനെ പിടിച്ചുനിന്നു
രണ്ടാം ടെസ്റ്റിലെ സെഞ്ചൂറിയന്‍ അജിന്‍ക്യ രഹാനെ 133 പന്തുകള്‍ ക്രീസില്‍ പിടിച്ചുനിന്നു. 4 ബൗണ്ടറികള്‍ സഹിതം 35 റണ്‍സടിച്ചു. ചേസിനെതിരെ സ്വീപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമത്തില്‍ പക്ഷേ ക്ലീന്‍ ബൗള്‍ഡായിപ്പോയി

ചേസും ജോസഫും തിളങ്ങി
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ റോസ്റ്റണ്‍ ചേസും അല്‍സാരി ജോസഫുമാണ് വിന്‍ഡീസിന് വേണ്ടി തിളങ്ങി. ഗബ്രിയേലിനാണ് ബാക്കിയുള്ള ഒരു വിക്കറ്റ്. ജോസഫിന്റെ അരങ്ങേറ്റ ടെസ്റ്റാണ് ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications