ലണ്ടന്‍: ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡസ് വീണ്ടും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി. ഇംഗ്ലണ്ട് - ശ്രീലങ്ക മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസമാണ് അത്യപൂര്‍വ്വമായ രംഗങ്ങള്‍ക്ക് ലോര്‍ഡ്‌സ് വേദിയായത്. ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിംഗ്‌സിനിടെയായിരുന്നു ഇതിലെ ആദ്യത്തെ സംഭവം. ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിനെതിരായ എല്‍ ബി ഡബ്ല്യു അപ്പീല്‍ ഇന്ത്യന്‍ അംപയര്‍ എസ് രവി നിരസിച്ചു. റിവ്യൂവിന് പോയെങ്കിലും ശ്രീലങ്കയ്ക്ക് എതിരായിരുന്നു ടി വി അംപയറുടെ വിധിയും.
ഹെയ്ല്‍സ് 58ല്‍ എത്തിയതോടെ വീണ്ടും ഒരു അപ്പീല്‍. നുവാന്‍ പ്രദീപിന്റെ പന്തില്‍ ഹെയ്ല്‍സിന്റെ സ്റ്റംബിളകിയെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. ഓസ്‌ട്രേലിയക്കാരനായ റോഡ് ടക്കറായിരുന്നു ഇത്തവണ അംപയര്‍. എന്നാല്‍ റിപ്ലേയില്‍ ബൗളറുടെ കാല്‍ ക്രീസിന് പിന്നിലായിരുന്നു. നോബോളല്ല എന്ന് വ്യക്തമായിട്ടും ശ്രീലങ്കയ്ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. അംപയറുടെ നോബോള്‍ വിളിക്കെതിരെ അപ്പീല്‍ ചെയ്യാന്‍ ടീമിന് അവകാശമില്ല എന്നത് തന്നെ കാരണം.

തേര്‍ഡ് അംപയറിനും ഇക്കാര്യത്തില്‍ ഇടപെടാന്‍ പറ്റില്ല എന്നാണ് ഐ സി സി നിയമം. ഹെയ്ല്‍സിന്റെ 94 റണ്‍സില്ലായിരുന്നെങ്കില്‍ ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ മേല്‍ക്കൈ നേടുമായിരുന്നു എന്നത് മൂന്നരത്തരം. രണ്ട് തവണ ജീവന്‍ കിട്ടിയ ഹെയ്ല്‍സ് 94 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ആകെ സ്‌കോര്‍ 233. നാലാം ദിനം അവസാനിക്കുമ്പോള്‍ ശ്രീലങ്ക വിക്കറ്റ് പോകാതെ 32 റണ്‍സെടുത്തു. ജയിക്കാന്‍ ഇനിയും 330 റണ്‍സ് കൂടി വേണം.
അംപയറുടെ പരിഹരിക്കാനാവാത്ത തെറ്റിന് ഡ്രസിങ് റൂമിന് മുന്നില്‍ തങ്ങളുടെ ദേശീയ പതാക ഉയര്‍ത്തിയാണ് ശ്രീലങ്ക പ്രതിഷേധിച്ചത്. ഏകദേശം 45 മിനുട്ടോളമാണ് ശ്രീലങ്കന്‍ ഡ്രസിങ് റൂമിന് മുന്നില്‍ സന്ദര്‍ശക ടീമിന്റെ പതാക പാറിക്കളിച്ചത്. അംപയറുടെ തെറ്റായ തീരുമാനത്തിനെതിരെ മാച്ച് റഫറിക്ക് പരാതിയും നല്‍കി. അംപയറുടെ തീരുമാനം നിര്‍ഭാഗ്യകരമായിപ്പോയി എന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് തിലങ്ക സുമതിപാല പ്രതികരിച്ചു.