ഹംബന്റ്റോട്ട: അണ്ടര്‍ 19 യൂത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ഓപ്പണര്‍ അതര്‍വ തൈഡിന്റെ (177) സെഞ്ച്വറിക്കു പിന്നാലെ വണ്‍ഡൗണ്‍ പവന് ഷാ (282) ഇരട്ട സെഞ്ച്വറിയുമായി കരുത്ത് കാണിച്ചപ്പോള്‍ ഒന്നാമിന്നിങ്സില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 613 റണ്‍സെന്ന കൂറ്റന്‍ സ്കോറെടുത്ത് ഡിക്ലയേര്‍ഡ് ചെയ്തു.
മറുപടിയില്‍ രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍... തകര്‍ത്തടിച്ച് പവന് ഷാ...
ഒന്നാംദിനം തന്നെ സെഞ്ച്വറി പൂര്‍ത്തിയാക്കി പവന് ഷാ രണ്ടാംദിനം കൂടുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു. 332 പന്തില്‍ 33 ബൗണ്ടറിയും ഒരു സിക്സറും സഹിതമാണ് ഷാ 282 റണ്‍സ് അടിച്ചുകൂട്ടിയത്. റണ്ണൗട്ടായാണ് ഷാ കളംവിട്ടത്.
രണ്ടാംദിനം ഇന്ത്യക്കു വേണ്ടി നെഹാല്‍ വദേര (64) അര്‍ധസെഞ്ച്വറി നേടി. 136 പന്തില്‍ മൂന്ന് ബൗണ്ടറിയുള്‍പ്പെടുന്നതാണ് വദേരയുടെ ഇന്നിങ്സ്. ഇതിഹാസ താരം സചിന് ടെണ്ടുല്‍ക്കറുടെ മകന് അര്ജുന് ടെണ്ടുല്‍ക്കര്‍ 14 റണ്‍സെടുത്ത് റണ്ണൗട്ടായി. 18 പന്തില്‍ രണ്ട് ബൗണ്ടറിയുള്‍പ്പെടുന്നതാണ് അര്‍ജുനിന്റെ ഇന്നിങ്സ്.
ശ്രീലങ്ക പതറുന്നു...
ഇന്ത്യയുടെ ഒന്നാമിന്നിങ്സ് കൂറ്റന്‍ സ്കോര്‍ പിന്തുടരുകായെന്ന ലക്ഷ്യവുമായിറങ്ങിയ ആതിഥേയരായ ശ്രീലങ്ക രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ പതറുകയാണ്. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 140 റണ്‍സെന്ന നിലയിലാണ് ലങ്ക.
ആറ് വിക്കറ്റ് ശേഷിക്കേ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് 473 റണ്‍സ് കൂടി വേണം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോഹിത് ജാന്ഗ്രയാണ് രണ്ടാംദിനം ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. സിദ്ദാര്‍ഥ് ദേശായിക്ക് ഒരു വിക്കറ്റ് ലഭിച്ചു.
ശ്രീലങ്കയ്ക്കു വേണ്ടി ഓപ്പണര്‍ കാമില്‍ മിഷാറ 44 റണ്‍സെടുത്ത് പുറത്തായി. 40 റണ്‍സുമായി പസിന്ധു സൂര്യബന്ദാര ക്രീസിലുണ്ട്.