ഹംബന്റ്റോട്ട: രണ്ടാമത് യൂത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ യുവ ടീം ഇന്നിങ്‌സ് വിജയത്തിലേക്ക്. അണ്ടര്‍ 19 ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരേ ബാറ്റിങിനു പിന്നാലെ ബൗളിങിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. ഇതോടെ ആതിഥേയരായ ലങ്ക ഇന്നിങ്‌സ് തോല്‍വിയേ അഭിമുഖീകരിക്കുകയാണ്.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് കൂറ്റന്‍ സ്‌കോറായ എട്ടിന് 613ന് മറുപടി നല്‍കാനിറങ്ങിയ ശ്രീലങ്ക 316 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഇതോടെ ഫോളോഓണ്‍ നേരിട്ട ലങ്കയ്ക്ക് രണ്ടാമിന്നിങ്‌സിന് ബാറ്റ് ചെയ്യാനിറങ്ങേണ്ടി വരികയായിരുന്നു.മൂന്നംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ മൂന്ന് വിക്കറ്റിന് 47 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. ഏഴ് വിക്കറ്റ് ശേഷിക്കേ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ലങ്കയ്ക്ക് ഇനിയും 250 റണ്‍സ് കൂടി വേണം.

ലങ്കയുടെ മാനംകാത്ത് സൂര്യബന്ദാര...
പസിന്ധു സൂര്യബന്ദാരയുടെ (115) സെഞ്ച്വറിയാണ് ഒന്നാമിന്നിങ്‌സില്‍ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. 236 പന്തില്‍ 17 ബൗണ്ടറിയുള്‍പ്പെടുന്നതാണ് സൂര്യബന്ദാരയുടെ ഇന്നിങ്‌സ്.
സോനല്‍ ദിനുഷ (51), സാന്‍ഡുന്‍ മെന്‍ഡിസ് (49), കാമില്‍ മിഷാറ (44) എന്നിവരും ലങ്കന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. നാല് വിക്കറ്റ് വീഴ്ത്തിയ മോഹിത് ജാന്‍ഗ്രായാണ് ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. യാറ്റിന്‍ മന്‍ഗ്‌വാനി, ആയുഷ് ബഡോനി, സിദ്ദാര്‍ഥ് ദെശായി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാമിന്നിങ്‌സിലും ഇന്ത്യന്‍ ആധിപത്യം...
ഒന്നാമിന്നിങ്‌സിലേത് സമാനമായി രണ്ടാമിന്നിങ്‌സിലും ലങ്ക ബാറ്റിങ് തകര്‍ച്ചയേയും തോല്‍വിയേയും അഭിമുഖീകരിക്കുകയാണ്. മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലാണ് ലങ്ക. ഇന്ത്യക്കു വേണ്ടി രണ്ടാമിന്നിങ്‌സില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, യാറ്റിന്‍ മന്‍ഗ്‌വാനി, ആയുഷ് ബഡോനി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.