കിംഗ്‌സ്റ്റണ്‍: ബൗളിംഗിലും ബാറ്റിംഗിലും സമ്പൂര്‍ണ ആധിപത്യവുമായി വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം ഇന്ത്യ തങ്ങളുടേതാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ വെറും 196 റണ്‍സില്‍ എറിഞ്ഞിട്ടാണ് ഇന്ത്യ കരുത്തുകാട്ടിയത്. ഒന്നാം ദിവസം അവസാനിക്കും മുന്നേ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 126 റണ്‍സെടുക്കാനും സന്ദര്‍ശകര്‍ക്ക് സാധിച്ചു.
ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാല്‍ ആ തീരുമാനം തെറ്റാണെന്ന് വൈകാതെ തെളിഞ്ഞു. സ്‌കോര്‍ രണ്ടക്കം കടക്കും മുമ്പ് മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ വീഴ്ത്തിയത്. ഇതില്‍ രണ്ടെണ്ണം ഇഷാന്ത് ശര്‍മയുടെ വക. ഒരെണ്ണം ഷമിയുടെ വകയും.

62 റണ്‍സെടുത്ത ബ്ലാക്ക് വുഡാണ് വെസ്റ്റ് ഇന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 37 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സിന്റെ കൂടെ 83 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കാനും ബ്ലാക്ക് വുഡിന് സാധിച്ചു. എന്നാല്‍ സ്‌കോര്‍ 88 ല്‍ നില്‍ക്കേ അശ്വിന്‍ ബ്ലാക്ക് വുഡിനെ വീഴ്ത്തി. ഇതോടെ കളി വീണ്ടും തിരിഞ്ഞു. 16 ഓവറില്‍ 52 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി അശ്വിന്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്‌സ് പൂട്ടിക്കെട്ടി.
മുരളി വിജയ്ക്ക് പകരം ടീമിലെത്തിയ കെ എല്‍ രാഹുലാണ് ബാറ്റിംഗില്‍ ഇന്ത്യയുടെ താരമായത്. 37 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ 126 റണ്‍സിലെത്തിയപ്പോള്‍ അതില്‍ 75 റണ്‍സും രാഹുലിന്റെ വകയാണ്. 114 പന്തില്‍ 10 ഫോറുമായി രാഹുല്‍ പുറത്താകാതെ നില്‍ക്കുന്നു. 18 റണ്‍സുമായി പൂജാരയാണ് കൂട്ട്. ധവാന്‍ 27 റണ്‍സെടുത്ത് പുറത്തായി. 4 ദിവസവും 9 വിക്കറ്റും ശേഷിക്കേ വിന്‍ഡീസിനെക്കാള്‍ 70 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ.