കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 393 റണ്‍സിന് ഓളൗട്ടായി. ഒന്നാം ദിവസത്തെ സ്‌കോറായ 319 ന് 6 എന്ന സ്‌കോറിനോട് 74 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ പൊരുതി നേടിയ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയെ മാന്യമായ ഒന്നാമിന്നിംഗ്‌സ് സ്‌കോറില്‍ എത്തിച്ചത്.
117 പന്തുകള്‍ നേരിട്ട സാഹ 6 ബൗണ്ടറികള്‍ സഹിതമാണ് 56 റണ്‍സെടുത്തത്. വാലറ്റക്കാരെ കൂട്ട് പിടിച്ചാണ് സാഹ ഈ റണ്‍സുകള്‍ നേടിയത് എന്നതാണ് പ്രത്യേകത. തലേന്നത്തെ സ്‌കോറിനോട് കാര്യമായി ഒന്നും കൂട്ടിച്ചേര്‍ക്കാതെ അശ്വിന്‍ രണ്ട് റണ്‍സെടുത്ത് മടങ്ങി. തുടര്‍ന്ന് അമിത് മിശ്രയ്‌ക്കൊപ്പം സാഹ 46 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. മിശ്ര 24 റണ്‍സെടുത്തു. ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും രണ്ട് വീതം റണ്‍സെടുത്തു.

നേരത്തെ കെ എല്‍ രാഹുലിന്റെ സെഞ്ചുറിയും രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അര്‍ധസെഞ്ചുറികളുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട അടിത്തറയിട്ടത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ ആദ്യപന്തില്‍ തന്നെ വിക്കറ്റെടുത്ത് ഉമേഷ് യാദവ് ഞെട്ടിച്ചു. 1 റണ്‍സെടുത്ത കരുണരത്‌നെയുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്. കരുണരത്‌നെയെ യാദവ് വിക്കറ്റിന് മുമ്പില്‍ കുടുക്കുകയായിരുന്നു.