ബെംഗളൂരു: സീനിയര്‍ ടീമിന് പിന്നാലെ ഇന്ത്യ എ ടീമിനും ബംഗ്ലാദേശിനോട് തോല്‍വി. ജൂണില്‍ സീനിയര്‍ ടീം ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര തോറ്റ് ചരിത്രം സൃഷ്ടിച്ചിരുന്നു. എ ടീം തോറ്റത് സ്വന്തം നാട്ടിലാണ് എന്ന് മാത്രം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 65 റണ്‍സിനാണ് ദ്രാവിഡ് പരിശീലകനായ ഇന്ത്യ എ ടീമിനെ ബംഗ്ലാദേശ് എ ടീം തോല്‍പ്പിച്ചുവിട്ടത്.
253 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ടീം 187 റണ്‍സിന് ഓളൗട്ടായിപ്പോയി. 27 ഓവര്‍ വരെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് ബാറ്റ് ചെയ്യുകയായിരുന്നു ഇന്ത്യ. എന്നാല്‍ അവിടെ നിന്നും നാസര്‍ ഹുസൈനും റൂബിള്‍ ഹുസൈനും ചേര്‍ന്ന് ഇന്ത്യയെ എറിഞ്ഞു വീഴ്ത്തി. നാസര്‍ ഹുസൈന്‍ പത്തോവറില്‍ 36 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബാക്കിയുളള നാല് വിക്കറ്റുകള്‍ റൂബിള്‍ ഹുസൈന്‍ സ്വന്തമാക്കി.

ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ടീമിന്റെ നട്ടെല്ലായ ബംഗ്ലാ താരം നാസര്‍ ഹുസൈനാണ് മാന്‍ ഓഫ് ദ മാച്ച്. 18.1 ഓവറില്‍ 82 ന് 5 എന്ന നിലയില്‍ പതറിയ ബംഗ്ലാദേശിനെ തകര്‍പ്പന്‍ ഒരു സെഞ്ചുറിയോടെയാണ് ഹുസൈന്‍ രക്ഷിച്ചത്. 23 കാരനായ ഹുസൈന്‍ 96 പന്തില്‍ 102 റണ്‍സെടുത്തു. 10 ഓവറില്‍ 44 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ റിഷി ധവാനാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.
ക്യാപ്റ്റനും ഓപ്പണറുമായ ഉന്മുക്ത് ചന്ദ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ചുറി കടന്നത്. ചന്ദ് 56 റണ്‍സെടുത്തു. 36 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇപ്പോള്‍ 1 -1 എന്ന നിലയിലാണ്. ആദ്യ മത്സരം ഇന്ത്യ 96 റണ്‍സിന് ജയിച്ചിരുന്നു. പരമ്പരയിലെ അവസാനത്തെ മത്സരം ഞായറാഴ്ച ഇതേ സ്‌റ്റേഡിയത്തില്‍ നടക്കും.