മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ക്രിക്കറ്റാണ് ഐപിഎല്‍. ആരാധക പിന്തുണയിലും താരസമ്പന്നതയിലും പ്രതിഫലത്തിലുമെല്ലാം മറ്റ് ലീഗുകളേക്കാള്‍ ഐപിഎല്‍ ഏറെ മുന്നിലാണ്. 14ാം സീസണ്‍ കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് ബിസിസി ഐ സംബന്ധിച്ച് വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കും. കൂടാതെ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്ന പല പദ്ധതികളും നീണ്ടുപോകുന്നതിനും ഇത് കാരണമാവും.
14ാം സീസണ്‍ പാതിവഴിയില്‍ നിന്നതിനാല്‍ 2022ല്‍ 10 ടീമുകളെ ഐപിഎല്ലില്‍ പങ്കെടുപ്പിക്കാമെന്ന പദ്ധതി ബിസിസി ഐ നീട്ടിവെക്കുമെന്നാണ് പുറത്തുവരുന്ന വിവരം.ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.2022ല്‍ രണ്ട് ടീമുകളെക്കൂടി അധികമായി ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നതായി ബിസിസി ഐ വൃത്തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റിലേക്ക് അധിക ടീമുകളെ പരിഗണിക്കുന്നത് പ്രയാസമുള്ള കാര്യമാണെന്ന നിലപാടിലാണ് ബിസിസി ഐ.

നിലവില്‍ 14ാം സീസണ്‍ എങ്ങനെ പൂര്‍ത്തിയാക്കാനാവുമെന്ന ആശങ്കയിലാണ് ബിസിസി ഐയുള്ളത്. 60 മത്സരങ്ങള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റില്‍ 29 മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായത്. ഇനിയും 31 മത്സരങ്ങള്‍ നടത്താനുണ്ട്. ഇന്ത്യയില്‍ നടത്തുക പ്രയാസമാണ്. അതിനാല്‍ യുഎഇ,ഇംഗ്ലണ്ട് എന്നിവടങ്ങിലേതെങ്കിലും ഒരു വേദിയില്‍ മത്സരം പൂര്‍ത്തിയാക്കാനാണ് ബിസിസി ഐയുടെ ശ്രമം.
ടൂര്‍ണമെന്റ് പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ ഏകദേശ 2000 കോടിയിലധികം നഷ്ടം ബിസിസി ഐക്ക് നേരിടേണ്ടി വരുമെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാണ് ശ്രമം നടത്തുന്നത്. ഇത്തവണ വ്യൂവര്‍ഷിപ്പിലും റെക്കോഡ് നേട്ടമാണ് ഉണ്ടായത്. അതിനാല്‍ ചാനലുകള്‍ക്കും ഐപിഎല്‍ മുടങ്ങിയത് കടുത്ത തിരിച്ചടിയാണ്.
ഇംഗ്ലണ്ട്,ശ്രീലങ്ക,യുഎഇ,ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ വേദി നല്‍കാന്‍ ബിസിസി ഐയോട് സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനുള്ളതിനാല്‍ അതിന് മുമ്പ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാണ് ബിസിസി ഐയുടെ ശ്രമം. എന്നാല്‍ ഇത് എളുപ്പമാവില്ല. സെപ്തംബറില്‍ ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെല്ലാം അന്താരാഷ്ട്ര മത്സരങ്ങളുണ്ട്. അതിനാല്‍ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ഈ രാജ്യത്തെ താരങ്ങളെ ലഭിക്കാനുള്ള സാധ്യത കുറവാണ്.