For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2008ല്‍ ലോകം കീഴടക്കിയ കോലിയുടെ യുവതുര്‍ക്കികള്‍... അന്നത്തെ ഹീറോകള്‍, ഇന്നെവിടെ?

അന്നത്തെ ടീമിലെ ചിലര്‍ ദേശീയ സീനിയര്‍ ടീമിലുമെത്തി

By Manu

ദില്ലി: വീണ്ടുമൊരു ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ടീം. ന്യൂസിലന്‍ഡില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പൃഥ്വി ഷായുടെ നായകത്വത്തില്‍ ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന്റെ പരിശീലനമികവില്‍ ഇന്ത്യ വീണ്ടുമൊരു കിരീടം സ്വപ്‌നം കാണുകയാണ്. കൗമാര ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യ. കൂടുതല്‍ തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡ് ഓസീസിനൊപ്പം പങ്കിടുന്ന ഇന്ത്യക്ക് ഇത്തവണ ചാംപ്യന്‍മാരായ പുതിയ റെക്കോര്‍ഡിടാം.

മൂന്നു ലോകകിരീടങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നേരത്തേ നടന്നലോകകപ്പുകളില്‍ ജേതാക്കളായ ടീമിലുണ്ടായിരുന്ന പലരും പിന്നീട് ദേശീയ ടീമിലെത്തിയപ്പോള്‍ ചിലര്‍ വിസ്മൃതിയിലേക്ക് മറയുകയും ചെയ്തു. ഇപ്പോള്‍ സീനിയര്‍ ടീമിന്റെ ക്യാപ്റ്റനും ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരവുമായി മാറിയ വിരാട് കോലിയുടെ കീഴിലാണ് 2008ല്‍ ഇന്ത്യ യുവ ലോകകപ്പില്‍ വിജയികളായത്. അന്ന് ടീമിലുണ്ടായിരുന്ന താരങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്നു നോക്കാം.

 വിരാട് കോലി

വിരാട് കോലി

ക്രിക്കറ്റ് പ്രേമികള്‍ക്ക് ഈ പേരിനെക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമില്ല. 2008ലെ അണ്ടര്‍ 19 ലോകകപ്പിലെ കിരീടവിജയത്തോടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ കോലിയെന്ന പേര് ഇപ്പോള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്ന വിശേഷണം വരെ കോലിക്ക് ക്രിക്കറ്റ് ലോകം നല്‍കിക്കഴിഞ്ഞു.
2008ലെ ലോകകപ്പ് നേട്ടത്തിനു ശേഷം ഇതേ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ നടന്ന പരമ്പരയ്ക്കുള്ള സീനിയര്‍ ടീമിലേക്കും കോലി തിരഞ്ഞെടുക്കപ്പട്ടു. എന്നാല്‍, 2009 മുതലാണ് ക്രിക്കറ്റില്‍ കോലിയുടെ സ്വപ്‌നതുല്യമായ യാത്രയ്ക്കു തുടക്കമാവുന്നത്. സ്ഥിരതയാര്‍ന്ന ബാറ്റിങിലൂടെ കോലി ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് കടന്നു കയറുന്നതാണ് പിന്നീട് ലോകം കണ്ടത്.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

കോലിയെക്കൂടാതെ 2008ലെ ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച മറ്റൊരു സൂപ്പര്‍ താരമാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. അന്ന് ജൂനിയര്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. 2008ല്‍ മാത്രമല്ല, 2006ലെ ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു താരം.
2008ലെ ലോകകപ്പില്‍ ബാറ്റിങില്‍ ജഡേജയ്ക്ക് കാര്യമായ അവസരം ലഭിച്ചില്ല. പക്ഷെ 10 വിക്കറ്റുകള്‍ പിഴുത് ബൗളിങില്‍ ജഡേജ മികവ് തെളിയിച്ചു. പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും പിന്നീട് ചെന്നൈ സൂപ്പര്‍കിങ്‌സിനും വേണ്ടി നടത്തിയ മിന്നുന്ന പ്രകടനങ്ങളിലൂടെ ജഡേജ സീനിയര്‍ ടീമിന്റെയും ഭാഗമാവുകയായിരുന്നു.

തന്‍മയ് ശ്രീവാസ്തവ

തന്‍മയ് ശ്രീവാസ്തവ

2008ലെ ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായിരുന്നു തന്‍മയ് ശ്രീവാസ്തവ. അന്ന് കോലിയേക്കാള്‍ കേമനാണെന്നു തെളിയിച്ച തന്‍മയ്ക്ക് പക്ഷെ പിന്നീട് എവിടെയോ പിഴച്ചു. ടൂര്‍ണമെന്റില്‍ കോലിയേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയതും തന്‍മയ് ആയിരുന്നു. 52 ശരാശരിയില്‍ 262 റണ്‍സ്. ടൂര്‍ണമെന്‍റിലെ ടോപ്സ്കോററും തന്‍മയ് തന്നെയയാിരുന്നു.
നിലവില്‍ ഉത്തര്‍പ്രദേശിനായി രഞ്ജി ട്രോഫിയടക്കമുള്ള പ്രാദേശിക ടൂര്‍ണമെന്റുകളില്‍ കളിച്ചുവരികയാണ് തന്‍മയ്.

തരുവാര്‍ കോലി

തരുവാര്‍ കോലി

വിരാട് കോലിയെക്കൂടാതെ 2008ലെ ലോകകപ്പ് ടീമിലുണ്ടായിരുന്ന മറ്റൊരു കോലിയാണ് തരുവാര്‍ കോലി. മധ്യനിര ബാറ്റ്‌സ്മാന്‍ കൂടിയായ തരുവാറിന് ലോകകപ്പിലെ ചില മല്‍സരങ്ങൡ പ്പണറായി കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്നു കളികളില്‍ അര്‍ധസെഞ്ച്വറി നേടി തരുവാര്‍ മിന്നുകയും ചെയ്തു.
നിലവില്‍ പ്രാദേശിക ക്രിക്കറ്റില്‍ പഞ്ചാബിന്റെ താരമാണ് തരുവാര്‍. സ്ഥിരതയില്ലാത്ത പ്രകടനത്തെ തുടര്‍ന്നു പഞ്ചാബിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ താരത്തിനായിട്ടില്ല.

അഭിനവ് മുകുന്ദ്

അഭിനവ് മുകുന്ദ്

കോലി, ജഡേജ എന്നിവരുടെ പാതയില്‍ സീനിയര്‍ ടീമിലേക്ക് എത്തപ്പെട്ട താരമാണ് അഭിനവ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തമിഴ്‌നാട്, ദക്ഷിണ മേഖല, ഇന്ത്യ എ ടീമുകള്‍ക്കായി താരം റണ്‍സ് വാരിക്കൂട്ടിയിട്ടുണ്ട്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു അദ്ദേഹം. എന്നാല്‍ പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ അഭിനവ് ദേശീയ ടീമില്‍ നിന്നും പുറത്തായി.
2008ലെ ലോകകപ്പി ടീമില്‍ അംഗമായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മൂന്നു താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അഭിനവ്.

ശ്രീവത്സ് ഗോസ്വാമി

ശ്രീവത്സ് ഗോസ്വാമി

2008 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നു ശ്രീവത്സ് ഗോസ്വാമി. ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 152 റണ്‍സെന്ന മോശമല്ലാത്ത സ്‌കോറും ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ഗോസ്വാമി ടൂര്‍ണമെന്റില്‍ നേടിയിരുന്നു. 2008ലെ ഐപിഎല്ലില്‍ റോല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലേക്ക് താരം തിരഞ്ഞെടുക്കപ്പെട്ടു.
അണ്ടര്‍ 23 വിഭാഗത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം ഈ ഐപിഎല്ലില്‍ ഗോസ്വാമിക്കായിരുന്നു. പക്ഷെ പിന്നീട് താരത്തിന് വലിയ പ്രകടനങ്ങളൊന്നും നടത്താനായില്ല. നിലവില്‍ ബംഗാള്‍ ടീമിന്റെ താരമാണ് ഗോസ്വാമി.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

യുവ ലോകകപ്പിലൂടെ ഇന്ത്യക്കു ലഭിച്ച മറ്റൊരു സംഭാവനയാണ് വെടിക്കെട്ട് താരം മനീഷ് പാണ്ഡെ. 2008ലെ ലോകകപ്പില്‍ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും നടത്താനായില്ലെങ്കിലും ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ മനീഷ് മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009ല്‍് മുംബൈയില്‍ നിന്നും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് താരം മാറി. ചാലഞ്ചേഴ്‌സിനു വേണ്ടി നടത്തി ചില മിന്നല്‍ ഇന്നിങ്‌സുകളാണ് മനീഷിനെ ശ്രദ്ധേയനാക്കിയത്. ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മനീഷ് തന്റെ പേരില്‍ കുറിച്ചിരുന്നു.
ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സ്, കൊല്‍ക്കത്ത നൈറ്റൈഡേഴ്‌സ് ടീമുകള്‍ക്കായും കളിച്ചിട്ടുള്ള മനീഷ് പിന്നീട് ദേശീയ ടീമിന്റെയും ഭാഗമായി. നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലെ അംഗമാണ് താരം.

സൗരഭ് തിവാരി

സൗരഭ് തിവാരി

2008ലെ ലോകകപ്പിലൂടെ ഇന്ത്യക്കു ലഭിച്ച പ്രതിഭാശാലിയായ താരമായിരുന്നു സൗരഭ് തിവാരി. എന്നാല്‍ ലോകകപ്പിനു ശേഷം തന്റെ പ്രതിഭ കാത്തുസൂക്ഷിക്കാന്‍ തിവാരിക്കായില്ല. 2010ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലേക്കും പിന്നീട് ദേശീയ ടീമിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മൂന്നു കളികളില്‍ നിന്നും 49 റണ്‍സ് മാത്രമാണ് ഇന്ത്യക്കായി തിവാരിക്കു നേടാന്‍ സാധിച്ചത്. പിന്നീടൊരിക്കലും ദേശീയ ടീമില്‍ നിന്നും തിവാരിക്കു വിളി വന്നിട്ടില്ല. നിലവില്‍ പ്രാദേശിക ക്രിക്കറ്റില്‍ ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റനാണ് തിവാരി.

ഇഖ്ബാല്‍ അബ്ദുല്ല

ഇഖ്ബാല്‍ അബ്ദുല്ല

ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു ഇഖ്ബാല്‍ അബ്ദുല്ല. ടൂര്‍ണമെന്റില്‍ 10 വിക്കറ്റുകളാണ് താരം പിഴുതത്. മുംബൈയുടെ രഞ്ജി ട്രോഫി ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന ഇഖ്ബാല്‍ പിന്നീട് കേരളത്തിനു വേണ്ടിയും കളിച്ചു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കു വേണ്ടിയും താരം പന്തെറിഞ്ഞിട്ടുണ്ട്. ചില മല്‍സരങ്ങളില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടിയും താരം കളിച്ചു.

പ്രദീപ് സാങ്‌വാന്‍

പ്രദീപ് സാങ്‌വാന്‍

ജൂനിയര്‍ ലോകകപ്പില്‍ ഒരു കളിയില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ഏക ഇന്ത്യന്‍ താരമായിരുന്നു പേസര്‍ പ്രദീപ് സാങ്‌വാന്‍. 2008ലെ ഐപിഎല്‍ ലേലത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരത്തെ സ്വന്തമാക്കുകയും ചെയ്തു.
ദില്ലിയുടെ രഞ്ജി ട്രോഫി ടീമിലെ സ്ഥിരസാന്നിധ്യമായ സാങ്‌വാന്‍ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്കു വേണ്ടിയും ചില മല്‍സരങ്ങള്‍ കളിച്ചു.
2013ലെ ഐപിഎല്ലില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്നു താരത്തിനു 18 മാസത്തെ വിലക്ക് നേരിടേണ്ടിവന്നിരുന്നു. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനായി സാങ്‌വാന്‍ കഴിച്ചിരുന്നു.

സിദ്ധാര്‍ഥ് കൗള്‍

സിദ്ധാര്‍ഥ് കൗള്‍

ലോകകപ്പില്‍ അഞ്ചു കളികളില്‍ നിന്നും 10 വിക്കറ്റ് നേടിയ സിദ്ധാര്‍ഥ് കൗള്‍ പ്രാദേശിക ക്രിക്കറ്റിലെ സ്ഥിരം വിക്കറ്റ് വേട്ടക്കാരനാണ്. നിലവില്‍ പ്രാദേശിക ക്രിക്കറ്റില്‍ പഞ്ചാബ് ടീമിനു വേണ്ടിയാണ് കൗള്‍ കളിക്കുന്നത്.

2017 നവംബറില്‍ ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് കൗള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍ പോലും താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചില്ല.

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കു വേണ്ടി കൗള്‍ കളിച്ചിട്ടുണ്ട്.

അജിതേഷ് ആര്‍ഗല്‍

അജിതേഷ് ആര്‍ഗല്‍

2008ലെ ലോകകിരീടത്തിന് ഇന്ത്യ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന താരമാണ് അജിതേഷ് ആര്‍ഗല്‍. ഫൈനലില്‍ അജിതേഷ് മാസ്മരിക പ്രകടനമാണ് നടത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം രണ്ടു വിക്കറ്റ് പിഴുതിരുന്നു. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അജിതേഷിനായിരുന്നു.
ലോകകപ്പിനു ശേഷം കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വെറും 19 മല്‍സരങ്ങള്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. ഇപ്പോള്‍ വഡോദരയിലെ ആദായ നികുതി വകുപ്പില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ് അജിതേഷ്.

ഡി ശിവകുമാര്‍

ഡി ശിവകുമാര്‍

അഭിനവ് മുകുന്ദിനെ പോലെ തന്നെ 2008ലെ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിക്കാത്ത താരങ്ങളിലൊരാളാണ് ഡി ശിവകുമാര്‍.
പ്രാദേശിക ക്രിക്കറ്റില്‍ ആന്ധ്രാ പ്രദേശിന്റെ മിന്നും താരമാണ് അദ്ദേഹം. 42 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 133 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

 പെറി ഗോയല്‍

പെറി ഗോയല്‍

ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ പോലും ഇന്ത്യക്കു വേണ്ടി അവസരം ലഭിച്ചിട്ടില്ലാത്ത മൂന്നാമത്തെ താരമാണ് പെറി ഗോയല്‍. ലോകകപ്പിനു ശേഷം ക്രിക്കറ്റിനോട് താരം വിട പറയുകയായിരുന്നു.
പിന്നീട് മാനേജ്മെന്‍റ് പഠനത്തിലേക്ക് മാറിയ പെറി ഗോയല്‍ ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ആര്‍എസ്ജി ഗ്രൂപ്പിന്റെ ഡയറക്ടര്‍ കൂടിയാണ്.

നെപ്പോളിയന്‍ ഐന്‍സ്റ്റീന്‍

നെപ്പോളിയന്‍ ഐന്‍സ്റ്റീന്‍

ഏറെ വ്യത്യസ്തമായ പേര് കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് നെപ്പോളിയന്‍ ഐന്‍സ്റ്റീന്‍. 2008ലെ ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ മാത്രമാണ് താരത്തിനു കളിക്കാന്‍ അവസരം കിട്ടിയത്.
പിന്നീട് തമിഴ്‌നാടിനു വേണ്ടി മൂന്നു മല്‍സരങ്ങളിലും നെപ്പോളിയന്‍ ഇറങ്ങി. 2014നു ശേഷം ഒരു മല്‍സരത്തില്‍ പോലും കളിച്ചിട്ടില്ലാത്ത താരം ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമല്ല.

Story first published: Thursday, January 18, 2018, 17:29 [IST]
Other articles published on Jan 18, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+