ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ കഷ്ടകാലം തുടരുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 43 റൺസിന് തോറ്റതോടെ ചെന്നൈ പോയിന്റ് പട്ടികയിൽ വീണ്ടും താഴേക്ക് പതിച്ചു. നായകൻ റുതുരാജ് ഗെയ്‌ക്‌വാദും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗും നടത്തുന്ന തന്ത്രപരമായ നീക്കങ്ങൾ ഓരോന്നായി പാളുന്ന കാഴ്ചയാണ് ആരാധകർ കാണുന്നത്.
വിലയൊരു ലെഗസിയുള്ള ചെന്നൈയെ പോലൊരു ടീം ഇങ്ങനെ തോറ്റുകൊണ്ടിരിക്കുന്നത് ഐപിഎൽ ആരാധകർക്കും അത്ര രസിക്കുന്നില്ല. ടീം മാനേജ്മെന്റിനെതിരെയും നായകൻ റുതുരാജ് ഗെയ്ക്വാദിനെതിരെയും വിമർശനങ്ങൾ ഉയരുന്ന ഈ സാഹചര്യത്തിൽ, കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ സിഎസ്കെ വരുത്തിയ പ്രധാനപ്പെട്ട രണ്ട് അബദ്ധങ്ങളും ഒരു മികച്ച നീക്കവും ഏതൊക്കെയാണ് എന്ന് പരിശോധിക്കാം.

അബദ്ധം 1: റുതുരാജിന്റെ ബൗളിംഗ് മാറ്റങ്ങൾ ലക്ഷ്യമില്ലാത്തവ!
മത്സരത്തിലുടനീളം റുതുരാജ് ഗെയ്‌ക്‌വാദ് വരുത്തിയ ബൗളിംഗ് മാറ്റങ്ങൾ തികച്ചും യുക്തിരഹിതമായിരുന്നു. ഇടംകൈയ്യൻ സ്പിന്നിനെതിരെ പതറുന്ന ആർസിബി ബാറ്റിംഗ് നിരയുണ്ടായിട്ടും പ്രശാന്ത് വീറിനെക്കൊണ്ട് ഒരു ഓവർ പോലും ബൗൾ ചെയ്യിക്കാൻ നായകൻ തയ്യാറായില്ല. അടിച്ചു കളിക്കുന്ന ആർസിബി നിരയ്ക്ക് മുന്നിൽ തുടക്കക്കാരനായ പ്രശാന്തിനെ ഇട്ടുകൊടുത്ത് മാനസിക സമ്മർദം കൂട്ടണ്ട എന്ന് കരുതിയാവും ബൗളിങ് കൊടുക്കാത്തത്. എങ്കിലും സിഎസ്കെ ബൗളർമാർ എല്ലാം ഒന്നടങ്കം പതറുന്ന സാഹചര്യത്തിൽ പരീക്ഷണം അനിവാര്യമായിരുന്നു. ആദ്യ ഓവറിൽ വിജയിച്ച ശിവം ദുബെക്ക് രണ്ടാം ഓവർ നൽകിയതും, ഡെത്ത് ഓവറുകളിൽ റൺസ് വഴങ്ങുന്ന നൂർ അഹമ്മദിനെ പരീക്ഷിച്ചതും ചെന്നൈയ്ക്ക് തിരിച്ചടിയായി. ജെമി ഓവർട്ടണെ കൃത്യസമയത്ത് ഉപയോഗിക്കുന്നതിലും റുതുരാജിന് പിഴച്ചു.
അബദ്ധം 2: ഇംപാക്ട് പ്ലെയർ നിയമത്തിലെ പരാജയം!
വെറും മൂന്ന് വിദേശ താരങ്ങളെ മാത്രം വെച്ച് കളി പൂർത്തിയാക്കിയ ചെന്നൈയുടെ നീക്കം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ടീമിന്റെ ബൗളിംഗ് പ്ലാനുകളിൽ ഇല്ലാതിരുന്ന പ്രശാന്ത് വീറിന് പകരം മാറ്റ് ഷോർട്ടിനെയോ അഖീൽ ഹൊസൈനെയോ പരീക്ഷിക്കാമായിരുന്നു. ജേക്കബ് ഡഫിയുടെ ബൗളിംഗിനെ നേരിടാൻ ഏറ്റവും അനുയോജ്യനായ മാറ്റ് ഷോർട്ടിനെ ഇംപാക്ട് പ്ലെയറായി പോലും പരിഗണിക്കാതിരുന്നത് ചെന്നൈ വരുത്തിയ വലിയ പിഴവാണ്. ബാറ്റിങ് യൂണിറ്റിൽ ഡെപ്ത്ത് ഇല്ലാത്തത് പകൽ പോലെ വ്യക്തമായിരുന്നിട്ടും മുൻ നിരയിൽ ഷോട്ടിനെ പരീക്ഷിക്കാതിരുന്നത് ശരിയായ തീരുമാനമായി ആരും കരുതുന്നില്ല.
മാസ്റ്റർ സ്ട്രോക്ക്: സർഫറാസ് ഖാന്റെ പോരാട്ടവീര്യം!
പരാജയങ്ങൾക്കിടയിലും ചെന്നൈയ്ക്ക് ആശ്വാസമായത് സർഫറാസ് ഖാന്റെ പ്രകടനമാണ്. തന്റെ പഴയ ടീമിനെതിരെ കളിക്കാനിറങ്ങിയ സർഫറാസ് പവർപ്ലേയുടെ അവസാന ഓവറുകളിൽ നടത്തിയ കടന്നാക്രമണം ചെന്നൈയ്ക്ക് പ്രതീക്ഷ നൽകി. ആയുഷ് മാത്രെ, സഞ്ജു സാംസൺ, റുതുരാജ് എന്നിവർ തുടക്കത്തിലേ പുറത്തായിട്ടും സമ്മർദ്ദത്തിന് വഴങ്ങാതെ സർഫറാസ് നേടിയ അർദ്ധസെഞ്ച്വറി എടുത്തുപറയേണ്ടതാണ്. കാർത്തിക് ശർമ്മയ്ക്കും ഉർവിൽ പട്ടേലിനും മുന്നെ സർഫറാസിനെ നാലാം നമ്പറിൽ ഇറക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനം ഈ മത്സരത്തിലെ ഏക മികച്ച നീക്കമായി മാറി.