പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 9 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഔട്ടായത്. 22 പന്തുകള്‍ തട്ടിയും മുട്ടിയും കളിച്ചാണ് ധവാന്‍ 9 ലെത്തിയത്. ധവാനെ ഹേസല്‍വുഡിന്റെ പന്തില്‍ മാര്‍ഷ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ആദ്യത്തെ പത്തോവറില്‍ കോലിയും രോഹിത് ശര്‍മയും കൂടി ഇന്ത്യയെ 58 റണ്‍സിലെത്തിച്ചിട്ടുണ്ട്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഫാസ്റ്റ് ബൗളര്‍ ബരീന്ദര്‍ സ്രാന്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. ക്യാപ്റ്റന്‍ എം എസ് ധോണി സ്രാന് വണ്‍ഡേ ക്യാപ് സമ്മാനിച്ചു. പരിശീലന മത്സരത്തില്‍ കളിച്ച സ്രാന്‍ നാലോവറില്‍ 24 റണ്‍സിന് 2 വിക്കറ്റ് വീഴ്ത്തിയിരുന്നു.

സ്രാന്‍ അടക്കം മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും രണ്ട് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മധ്യനിരയില്‍ മനീഷ് പാണ്ഡെയ്ക്ക് ഇടം കിട്ടി. പരിക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്കില്ലാതെയാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്.