രാജ്‍കോട്ട് : യുവരാജിന്റെ കൈക്കരുത്ത് ഒരിക്കല്‍ കൂടി ഇംഗ്ലണ്ടുകാര്‍ അറിഞ്ഞു. ട്വെന്റി 20യില്‍ ഒരോവറില്‍ ആറു സിക്സറുകള്‍ പറത്തി ഇംഗ്ലണ്ടുകാരെ ഞെട്ടിച്ചേടത്തു നിന്നും യുവരാജ് കത്തിപ്പടര്‍ന്നപ്പോള്‍ 158 റണ്‍സിനാണ് ആദ്യ ഏകദിനത്തില്‍ സന്ദര്‍ശകര്‍ പരാജയം സമ്മതിച്ചത്.
ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനുളള ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സണിനെ അറുപുച്ഛത്തോടെയാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍ മറുപടി അറിയിച്ചത്. വീരേന്ദ്ര സെവാഗ് പതിവു ഫോമില്‍ തകര്‍ത്താടി. 73 പന്തുകളില്‍ നിന്ന് 85 റണ്‍സ് സേവാഗ് നേടിയപ്പോള്‍ പത്തു തവണ പന്ത് നിലത്തു കൂടിയും മൂന്നു തവണ നിലം തൊടാതെയും ബൗണ്ടറി കടന്നു. 63 പന്തുകളില്‍ നിന്ന് 51 റണ്‍സ് നേടിയ ഗൗതം ഗംഭീറും തന്റെ വേഷം ഭംഗിയാക്കി.
പിന്നീടാണ് യുവരാജും സുരേഷ് റെയിനയും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളര്‍മാരെ അടിച്ചു പരത്തിയത്. 44 പന്തുകളില്‍ നിന്ന് എണ്ണം പറഞ്ഞ മൂന്നു സിക്സറുകളുടെ സഹായത്തോടെ 43 റണ്‍സ് നേടിയ റെയിന പുറത്താകും വരെ യുവരാജ് തന്റെ വിശ്വരൂപം പുറത്തെടുത്തില്ല.
പിന്നീട് യുവരാജിന്റെ ബാറ്റില്‍ നിന്നും പന്തു തീയുണ്ട പോലെ ബൗണ്ടറി തേടി പായുന്നതാണ് കണ്ടത്. ഫോറുകളായും സിക്സറുകളായും റണ്‍സ് ഒഴുകിയെത്തി. വെറും 78 പന്തുകളില്‍ നിന്ന് ആറു സിക്സറുകളും പതിനാറു ഫോറുകളുമടക്കം യുവരാജ് അടിച്ചു കൂട്ടിയത് 138 റണ്‍സ്. കരിയറിലെ ഒന്പതാം സെഞ്ച്വറി.
ധോണിയുടെ വക വെടിക്കെട്ടും കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ അമ്പത് ഓവറില്‍ അഞ്ചു വിക്കറ്റിന് 387 റണ്‍സ്. രാജ്കോട്ടിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടുകാരെ സഹീര്‍ഖാനും മുനാഫ് പട്ടേലും ചേര്‍ന്ന് വരിഞ്ഞു മുറുക്കി. ആദ്യ വിക്കറ്റ് 12 റണ്‍സിനും രണ്ടാം വിക്കറ്റ് 17 റണ്‍സിനും മൂന്നാം വിക്കറ്റ് 34 റണ്‍സിനും നഷ്ടപ്പെട്ടതോടെ കെവിന്‍ പീറ്റേഴ്സണിന്റെ സംഘം പരാജയം സമ്മതിച്ചു.
56 പന്തുകളില്‍ നിന്ന് ഏഴ് ഫോറും രണ്ടു സിക്സറുമടിച്ച് 63 റണ്‍സെടുത്ത കെവിന്‍ പീറ്റേഴ്സണും 38 പന്തുകളില്‍ നിന്ന് അഞ്ച് സിക്സറും രണ്ടു ഫോറുമടക്കം 54 റണ്‍സ് നേടിയ ആര്‍എസ് ബൊപ്പാരയുമാണ് ഇംഗ്ലീഷ് നിരയുടെ മാനം കാത്തത്. ബൊപ്പാരയുടെ ബാറ്റില്‍ നിന്ന് പറന്ന സിക്സറുകള്‍ പരമ്പരയിലുടനീളം ഇന്ത്യയുടെ ബൗളര്‍മാരെ വേട്ടയാടുമെന്ന് ഉറപ്പ്.
യുവരാജ് സിംഗാണ് കളിയിലെ കേമന്‍. നവംബര്‍ 17ന് ഇന്‍ഡോറിലാണ് അടുത്ത മത്സരം.
സ്കോര്‍ ബോര്‍ഡ് മലയാളത്തില്‍