വിരാട് കോലിയുടെ അന്താരാഷ്ട്ര കരിയറിന് 13 വയസ്, അറിയാം വീരനായകനെക്കുറിച്ചുള്ള 13 കാര്യങ്ങള്‍
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റിലെ വിരാട് കോലി യുഗത്തിന് ഇന്ന് 13 വയസ്. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയത്. 2010ല്‍ ടി20 അരങ്ങേറ്റവും 2011ല്‍ ടെസ്റ്റ് അരങ്ങേറ്റവും കുറിച്ച കോലി ഇന്ത്യന്‍ ജേഴ്‌സിയില്‍ 13 വര്‍ഷം പിന്നിടുമ്പോള്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലേക്കാണ് ഉയര്‍ന്ന് നില്‍ക്കുന്നത്.
ഇന്ത്യയുടെ നായകനെന്ന നിലയില്‍ അഭിമാന നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നതോടൊപ്പം പിന്നിട്ട വര്‍ഷങ്ങളിലെല്ലാം ബാറ്റുകൊണ്ട് വിസ്മയിപ്പിക്കാനും കോലിക്ക് സാധിച്ചിരുന്നു. നിലവിലെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് വിരാട് കോലി. ഇന്ത്യന്‍ നായകന്റെ 13 വര്‍ഷ കരിയറിലെ 13 പ്രധാന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
2008ല്‍ ഏകദിന അരങ്ങേറ്റം കുറിച്ച കോലി 2011ലെ ഏകദിന ലോകകപ്പ് ടീമിലും അംഗമായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്ലേയിങ് 11നും കോലി ഉള്‍പ്പെട്ടിരുന്നു. 23ാം വയസില്‍ (2012) ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം നേടാന്‍ കോലിക്കായി. വേഗത്തില്‍ 1000, 4000, 5000, 6000, 7000, 8000, 9000, 10000 ഏകദിന റണ്‍സ് നേടിയ ഇന്ത്യന്‍ താരമാണ് കോലി. 2008ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീം നായകനായി ടീമിനെ ലോകകപ്പ് കിരീടം ചൂടിക്കാനും കോലിക്ക് സാധിച്ചു.

അരങ്ങേറ്റ ഏകദിന ലോകകപ്പില്‍ത്തന്നെ സെഞ്ച്വറി പ്രകടനം നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോലി. 2011ലെ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് കോലിയുടെ സെഞ്ച്വറി പ്രകടനം. 2013ല്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ തലപ്പത്തെത്താന്‍ വിരാട് കോലിക്ക് സാധിച്ചു. ടി20യില്‍ താന്‍ എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടാന്‍ കോലിക്കായി. ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സനെയാണ് കോലി പുറത്താക്കിയത്. 2016ല്‍ കോലിയുടെ അച്ഛന്‍ മരിച്ച സമയത്തും രഞ്ജി ട്രോഫിയില്‍ കളി തുടരാന്‍ തീരുമാനിച്ച താരമാണ് കോലി. 90 റണ്‍സാണ് അന്ന് മത്സരത്തില്‍ കോലി നേടിയത്.
2012ല്‍ ബെസ്റ്റ് ഡ്രസ്ഡ് ഇന്റര്‍ നാഷണല്‍ മെന്‍സ് പട്ടികയില്‍ വിരാട് കോലി ഇടം പിടിച്ചിരുന്നു. മുന്‍ അമേരിക്കാന്‍ പ്രസിഡന്റ് ബാരക് ഒബാ ഉള്‍പ്പെടെയുള്ളവരായിരുന്നു ആ പട്ടികയിലുണ്ടായിരുന്നത്. ടി20യില്‍ വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാണ് വിരാട് കോലി. ഏകദിനത്തില്‍ വേഗത്തില്‍ 10000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ക്കാന്‍ വിരാട് കോലിക്ക് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 17 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരമാണ് കോലി. ടെസ്റ്റില്‍ ഇന്ത്യയെ കൂടുതല്‍ മത്സരം നയിക്കുകയും കൂടുതല്‍ ജയം നേടിക്കൊടുക്കുകയും ചെയ്ത നായകനാണ് കോലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications