
ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്‍
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍ വിരാട് കോലിയാണ്. നായകനെന്ന നിലയില്‍ കോലി കളിക്കുന്ന 61ാം ടെസ്റ്റാണിത്. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ നയിച്ചത് കോലിയാണ്. ധോണിയുടെ റെക്കോഡിനെയാണ് അദ്ദേഹം മറികടന്നത്. 36 ജയവും 14 തോല്‍വിയും നേരിട്ട കോലി 10 സമനിലയും ഇന്ത്യക്ക് നേടിക്കൊടുത്തു.

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര
ഇന്ത്യയുടെ ഇതിഹാസങ്ങള്‍ക്ക് സാധിരക്കാതെ പോയ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയെന്ന നേട്ടം ഇന്ത്യക്ക് ആദ്യമായി സമ്മാനിച്ചത് വിരാട് കോലിയാണ്. 2018ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 2-1നാണ് കോലി ഇന്ത്യയെ കിരീടം ചൂടിച്ചത്. എന്നാല്‍ അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ കിരീടം നേടിയെങ്കിലും നായകസ്ഥാനത്ത് രഹാനെയായിരുന്നു. കോലി കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് രഹാനെ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത്.

കന്നി ടെസ്റ്റ് സെഞ്ച്വറി
ക്രിക്കറ്റിന്റെ ഏറ്റവും മനോഹര ഫോര്‍മാറ്റ് ടെസ്റ്റാണ്. ക്ഷമയും സഹനവും പ്രതിഭയും വേണ്ട ടെസ്റ്റിലെ കന്നി സെഞ്ച്വറി ഏതൊരു താരത്തിനും വളരെ പ്രധാനപ്പെട്ടതാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 213 പന്തുകള്‍ നേരിട്ട് 116 റണ്‍സ് നേടിയതാണ് കോലിയുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറി. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു ഈ പ്രകടനം.

2014ല്‍ ഓസ്‌ട്രേലിയയില്‍ രണ്ട് സെഞ്ച്വറി
2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് വിരാട് കോലി രണ്ട് സെഞ്ച്വറികള്‍ നേടിയത്. 115,141 എന്നിങ്ങനെയായിരുന്നു കോലിയുടെ രണ്ട് സെഞ്ച്വറി പ്രകടനം. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 184 പന്തുകള്‍ നേരിട്ടാണ് കോലി 115 റണ്‍സ് നേടിയത്. ഇതില്‍ 12 ബൗണ്ടറിയും ഉള്‍പ്പെടും. രണ്ടാം ഇന്നിങ്‌സില്‍ 175 പന്തില്‍ 16 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 141 റണ്‍സും അദ്ദേഹം നേടി. കോലി ക്യാപ്റ്റനായ ശേഷമാണ് ഈ പ്രകടനം.

ഇംഗ്ലണ്ടിനെതിരേ 295 പന്തില്‍ 103 റണ്‍സ്
2012ലെ നാഗ്പൂര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ കോലി 295 പന്തുകള്‍ നേരിട്ട് 103 റണ്‍സ് നേടിയത് കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ്. 11 ബൗണ്ടറികള്‍ ഉള്‍പ്പെട്ട ക്ഷമയോടുകൂടിയ ഇന്നിങ്‌സായിരുന്നു ഇത്. എംഎസ് ധോണി 99 റണ്‍സില്‍ റണ്ണൗട്ടായ മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തില്‍ ഇന്ത്യ സമനില പിടിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 254 റണ്‍സ്
കോലിയുടെ ടെസ്റ്റിലെ മികച്ച വ്യക്തിഗത പ്രകടനം 2019ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ 336 പന്തുകള്‍ നേരിട്ട് 254* റണ്‍സാണ് കോലി നേടിയത്. 33 ഫോറും രണ്ട് സിക്‌സും ഇതില്‍ ഉള്‍പ്പെടും. 75.59 സ്‌ട്രൈക്കറേറ്റിലായിരുന്നു ഈ പ്രകടനം. മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 137 റണ്‍സിനുമാണ് വിജയിച്ചത്.

ഇംഗ്ലണ്ടിനെതിരേ 97 റണ്‍സ്
2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നോട്ടിങ്ഹാമില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കോലി നേടിയ 97 റണ്‍സ് വിലമതിക്കാനാവാത്തതാണ്. ആദ്യ ഇന്നിങ്‌സില്‍ 152 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു കോലിയുടെ തകര്‍പ്പന്‍ പ്രകടനം. രണ്ടാം ഇന്നിങ്‌സില്‍ 197 പന്തുകള്‍ നേരിട്ട് 103 റണ്‍സും കോലി നേടി. 10 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു ഇത്.

അഡ്‌ലെയ്ഡിലെ 116 റണ്‍സ്
2012ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റില്‍ കോലിയുടെ സെഞ്ച്വറി പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ്. ടോപ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയിലിറങ്ങിയ കോലി 213 പന്തുകള്‍ നേരിട്ട് 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ നേടിയത് 116 റണ്‍സാണ്. മത്സരത്തില്‍ ഇന്ത്യ 298 റണ്‍സിന് തോറ്റെങ്കിലും കോലിയുടെ പ്രകടനം ശ്രദ്ധേയമായി.

നായകനെന്ന നിലയില്‍ കൂടുതല്‍ ഇരട്ട സെഞ്ച്വറി
ടെസ്റ്റ് കരിയറില്‍ 27 സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും നേടിയ കോലി ഏഴ് തവണ ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കി. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ച്വറി നേടിയ ഏക നായകനാണ് കോലി. എന്നാല്‍ കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയവരില്‍ കോലി അഞ്ചാം സ്ഥാനത്താണ്. അര്‍ധ സെഞ്ച്വറിയേക്കാള്‍ കൂടുതല്‍ സെഞ്ച്വറിയുള്ള താരങ്ങളിലൊരാള്‍കൂടിയാണ് കോലി.

ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ടെസ്റ്റ് റണ്‍സ്
ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ടെസ്റ്റ് റണ്‍സെന്ന റെക്കോഡ് രണ്ട് തവണ കോലി സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2018ല്‍ 1322 റണ്‍സും 2016ല്‍ 1215 റണ്‍സും നേടിയാണ് കോലി ഈ റെക്കോഡ് സ്വന്തം പേരിലാക്കിയത്. 2018ല്‍ ഇതില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടിയതും ഇംഗ്ലണ്ട് പര്യടനത്തിലെ ഗംഭീര ബാറ്റിങ് പ്രകടനവും ഉള്‍പ്പെടും. 2018 കോലിയെ സംബന്ധിച്ച് ഭാഗ്യവര്‍ഷമാണ്.


Click it and Unblock the Notifications