Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറക്കുന്നതെങ്ങനെ ഐപിഎല്ലിലെ ഈ തീപ്പൊരി സെഞ്ച്വറികള്‍!! അവിടെയും ബോസ് ഗെയ്ല്‍ തന്നെ.....

മുംബൈ: ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാഴുന്ന ഐപിഎല്ലില്‍ സെഞ്ച്വറികള്‍ക്ക് ഒട്ടും പഞ്ഞമുണ്ടായിട്ടില്ല. ടൂര്‍ണമെന്റിന്റെ പത്താം സീസണ്‍ പുരോഗമിക്കവെ ഇതുവരെ പിറന്ന ചില അവിശ്വസനീയ സെഞ്ച്വറികള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ മായാതെ ഉണ്ടാവും. ഏറ്റവും വേഗമേറിയ പത്ത് സെഞ്ച്വറികളില്‍ മൂന്നു തന്റെ പേരിലാക്കി വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലാണ് തലയുയര്‍ത്തി നില്‍ക്കുന്നത്.

ഗെയ്ല്‍ (30 പന്തില്‍ സെഞ്ച്വറി)

2013ലെ ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടി ഗെയ്ല്‍ 30 പന്തില്‍ അടിച്ചെടുത്ത സെഞ്ച്വറിയുടെ റെക്കോര്‍ഡ് ഇപ്പോഴും തകര്‍ക്കപ്പെടാതെ നില്‍ക്കുകയാണ്. ഐപിഎല്ലിലെ മാത്രമല്ല ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും കൂടി ലോകത്തെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും ഇതു തന്നെയാണ്. 66 പന്തില്‍ 175 റണ്‍സാണ് അന്നു ഗെയ്ല്‍ വാരിക്കൂട്ടിയത്.

യൂസുഫ് പത്താന്‍ (37 പന്ത്)

ഇന്ത്യക്കു അഭിമാനമായി യൂസുഫ് പത്താന്‍ പട്ടികയില്‍ രണ്ടാമതുണ്ട്. 2010ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ പത്താന്‍ 37 പന്തില്‍ 100 അടിച്ച് വിസ്മയിപ്പിച്ചത്. എട്ടു സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഡേവിഡ് മില്ലര്‍ (38 പന്ത്)

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറുടെ പേരിലാണ് ഐപിഎല്ലിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറി. 2012ലെ ഐപിഎല്ലിലായിരുന്നു ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ മില്ലറുടെ ബാറ്റിങ് വെടിക്കെട്ട്. ടീം തോല്‍വിക്കരികില്‍ നില്‍ക്കെ മില്ലറുടെ അവിശ്വസീനയ ഇന്നിങ്‌സ് പഞ്ചാബിനെ ജയത്തിലെത്തിക്കുകയും ചെയ്തു.

ആദം ഗില്‍ക്രിസ്റ്റ് (42 പന്ത്)

ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ആദം ഗില്‍ക്രിസ്റ്റാണ് സെഞ്ച്വറിപ്പട്ടികയില്‍ നാലാമത്. മുംബൈ ഇന്ത്യന്‍സിനെതിരേ ഡെക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടിയാണ് ഗില്ലി സെഞ്ച്വറി നേട്ടം കൊയ്തത്. ഗില്ലിയുടെ ഇന്നിങ്‌സില്‍ 10 സിക്‌സറും ഒമ്പതു ബൗണ്ടറികളും ഉള്‍പ്പെട്ടിരുന്നു. മല്‍സരത്തില്‍ മുംബൈയെ ഡെക്കാന്‍ 10 വിക്കറ്റിനാണ് തകര്‍ത്തുവിട്ടത്.

എബി ഡിവില്ലിയേഴ്‌സ് (42 പന്ത്)

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന എബി ഡിവില്ലിയേഴ്‌സും പട്ടികയിലുണ്ട്. 2016ലെ ടൂര്‍ണമെന്റില്‍ ഗുജറാത്ത് ലയണ്‍സിനെതിരേയാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടി ഡിവില്ലിയേഴ്‌സ് 42 പന്തില്‍ മൂന്നക്കം തികച്ചത്. അന്നു 52 പന്തില്‍ 129 റണ്‍സ് വാരിക്കൂട്ടിയ താരം 12 സിക്‌സറുകളും 10 ബൗണ്ടറികളും പറത്തി.

ഡേവിഡ് വാര്‍ണര്‍ (43 പന്ത്)

ഈ വര്‍ഷത്തെ ഐപിഎല്ലിലായിരുന്നു ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ ബാറ്റിങ് വിരുന്ന്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ സെഞ്ച്വറി തികയ്ക്കാന്‍ വാര്‍ണര്‍ക്കു വേണ്ടിവന്നത് 43 പന്ത്. 50 പന്തില്‍ താരം വാരിക്കൂട്ടിയത് 126 റണ്‍സാണ്.

സനത് ജയസൂര്യ (45 പന്ത്)

ശ്രീലങ്കയുടെ മുന്‍ സൂപ്പര്‍ താരം സനത് ജയസൂര്യയും ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തിയിട്ടുണ്ട്. 2008ലെ പ്രഥമ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് ജയസൂര്യ 45 പന്തില്‍ സെഞ്ച്വറിയടിച്ചത്.

 മുരളി വിജയ് (46 പന്ത്)

യൂസുഫ് പത്താനു ശേഷം പട്ടികയിലെ മറ്റൊരു ഇന്ത്യന്‍ താരമാണ് മുരളി വിജയ്. 2010ലെ ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയായിരുന്നു വിജയിയുടെ സൂപ്പര്‍ ഇന്നിങ്‌സ്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്നു മുദ്ര കുത്തപ്പെട്ടിരുന്ന താരം ഈ പ്രകടനത്തിലൂടെ അതു തിരുത്തുകയും ചെയ്തു.

ക്രിസ് ഗെയ്ല്‍ (46 പന്ത്)

ടി ട്വന്റിയിലെ സ്‌പെഷ്യലിസ്റ്റെന്നു തന്നെ ലോകം എന്തിനാണ് വിളിക്കുന്നതെന്നു ഗെയ്ല്‍ വീണ്ടും തെളിയിച്ചു. 2015ലെ ടൂര്‍ണമെന്റിലായിരുന്നു താരത്തിന്റെ ഉജ്ജ്വല ബാറ്റിങ്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ജഴ്‌സിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയായിരുന്നു ഗെയ്‌ലിന്റെ സെഞ്ച്വറി നേട്ടം.

ക്രിസ് ഗെയ്ല്‍ (46 പന്ത്)

ഗെയ്ല്‍ പട്ടികയില്‍ വീണ്ടും തന്റെ സാന്നിധ്യമറിയിച്ചു. 2011ലെ ടൂര്‍ണമെന്റിലായിരുന്നു ഗെയ്‌ലിന്റെ മിന്നല്‍ ബാറ്റിങ്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടി 46 പന്തിലാണ് താരം 100 അടിച്ചത്. പഞ്ചാബായിരുന്നു കളിയില്‍ ബാംഗ്ലൂരിന്റെ എതിരാളി. 2011ലെ ചാംപ്യന്‍ഷിപ്പില്‍ ഗെയ്‌ലിന്റെ രണ്ടാം സെഞ്ച്വറി കൂടിയായിരുന്നു ഇത്.

Story first published: Tuesday, May 2, 2017, 14:27 [IST]
Other articles published on May 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+