ഇന്ത്യ - പാക് ലോകകപ്പ്: അറിഞ്ഞിരിക്കാന്‍ 10 കാര്യങ്ങള്‍
അഡലെയ്ഡ്: ഞായറാഴ്ചയാണ് ആ കളി. ലോകം കാത്തിരുന്ന കളി. ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു. ഇനി കളിയാണ്. അതും രണ്ടുടീമുകള്‍ക്കും ലോകകപ്പിലെ ആദ്യത്തെ കളി. വിജയിച്ച് തുടങ്ങിയാല്‍ കൊള്ളാം. അല്ലാതെ പഴയ തഴമ്പും പറഞ്ഞിരുന്നാല്‍ മിസ്സാകുക ഒരു നല്ല തുടക്കമാണ്. നല്ല തുടക്കം പാതി നേടി എന്നാണല്ലോ.
കളി ക്രിക്കറ്റാണ്. അതുകൊണ്ട് തന്നെ ഒരല്‍പം, പൊടിക്ക് പഴയ കഥകളും ആകാം. പക്ഷേ അതില്‍ മയങ്ങിയിരിക്കരുത് എന്ന് മാത്രം. പഴയ കഥ പ്രകാരം പന്ത് ഇന്ത്യയുടെ കോര്‍ട്ടിലാണ്. ഏകപക്ഷീയമായ 5 - 0 ലീഡ്. അതുകൊണ്ട് തന്നെ കൂടുതല്‍ സമ്മര്‍ദ്ദവും ഇന്ത്യയ്ക്ക് തന്നെ. അതവിടെ നില്‍ക്കട്ടെ. യുദ്ധസമാനമായ ഇന്ത്യ - പാക് ലോകകപ്പ് മത്സരങ്ങളില്‍ നിന്നും ഏതൊരു ക്രിക്കറ്റ് പ്രേമിയും അറിഞ്ഞിരിക്കേണ്ട 10 വിവരങ്ങള്‍ കാണൂ.

ലോകകപ്പിലേ ഉള്ളൂ ഇന്ത്യ, പുറത്ത് പാകിസ്താനാണ്
126 ഏകദിനങ്ങള്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിച്ചു. അതില്‍ വെറും 50 എണ്ണം മാത്രമാണ് ഇന്ത്യയുടെ ജയം. ഭാഗ്യവശാല്‍ ലോകകപ്പിലെ 5 കളികളിലും ഇന്ത്യയ്ക്ക് ജയിക്കാന്‍ പറ്റി. 1992 മുതല്‍ 2011 വരെയുള്ള ലോകകപ്പുകളിലാണ് ഇന്ത്യ ജയിച്ചത്.

ഈ അഞ്ചിലും കളിച്ച ഒരാളുണ്ട്
മറ്റാര്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ. 1992 മുതല്‍ 2011 വരെയുള്ള ലോകകപ്പുകളില്‍ സച്ചിന്‍ പാകിസ്താനെതിരെ കളിച്ചു. മൂന്ന് തവണ മാന്‍ ഓഫ് ദ മാച്ചായി. പക്ഷേ അതില്‍ ഒരു സെഞ്ചുറി പോലും ഇല്ല. 98 റണ്‍സാണ് സച്ചിന്റെ ബെസ്റ്റ്.

ഒരേയൊരു സെഞ്ചുറി, ആരാണത്
സയീദ് അന്‍വര്‍. സച്ചിനോളം പോന്ന പ്രതിഭാശാലി എന്ന് പാകിസ്താനികള്‍ കരുതുന്ന അന്‍വറാണ് ഇന്ത്യ - പാക് ലോകകപ്പ് കളികളിലെ ഏക സെഞ്ചൂറിയന്‍. 2003 ലോകകപ്പില്‍ ഈ ഇടംകൈയന്‍ 101 റണ്‍സടിച്ച ഗ്രൗണ്ടിന്റെ പേരും സെഞ്ചൂറിയന്‍ എന്ന് തന്നെ.

വെങ്കി ബൗളറാകുന്നു
പാകിസ്താനെതിരെ കളിക്കുമ്പോള്‍ ഇന്ത്യ അറ്റ് ദെയര്‍ ബെസ്റ്റ് ആണ്. ഉദാഹരണം വെങ്കിടേഷ് പ്രസാദ്. ശരാശരി മീഡിയം പേസ് ബൗളറായ വെങ്കി പാകിസ്താനെതിരെ 5 വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദ മാച്ചായി. അക്രവും അക്തറും വഖാറുമെല്ലാം ഉണ്ടായിട്ടും ഒരു വഹാബ് റിയാസിന് മാത്രമേ ഇന്ത്യയുടെ 5 വിക്കറ്റുകള്‍ വീഴ്ത്താന്‍ പറ്റിയുള്ളൂ

പരിചയസമ്പന്നന്‍ അഫ്രീദി
3 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിച്ച അഫ്രീദിയാണ് നിലവില്‍ ഇന്ത്യ - പാക് കളിയിലെ വെറ്ററന്‍. പക്ഷേ ബൂം ബൂം അഫ്രിദി ലോകകപ്പില്‍ ഇന്ത്യക്കെതിരെ വന്‍ പരാജയമാണ്. 3 കളിയില്‍ 34 റണ്‍സും ഒരേയൊരു വിക്കറ്റുമാണ് അഫ്രീദിയുടെ സമ്പാദ്യം

ഇവരും കളിച്ചിട്ടുണ്ട്
ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി, റെയ്‌ന, കോലി എന്നിവരാണ് ഇതിന് മുമ്പ് ഇന്ത്യ - പാക് ലോകകപ്പിന്റെ പരിചയമുള്ളവര്‍. പാകിസ്താന്റെ ഭാഗത്ത് നിന്നും ഇത് യൂനിസ് ഖാന്‍, മിസ്ബ ഉള്‍ ഹഖ്, അഫ്രീദി, വഹാബ് റിയാസ് എന്നിവരാണ്. ബാക്കിയെല്ലാവരും ഇക്കാര്യത്തില്‍ ശിശുക്കള്‍.

കൂടുതല്‍ റണ്‍സ് സച്ചിന്
66 ഏകദിനങ്ങള്‍ പാകിസ്താനെതിരെ കളിച്ച സച്ചിന്‍ 2474 റണ്‍സോടെ കൂടുതല്‍ റണ്‍സടിച്ച താരമായി. ഇന്‍സമാമാണ് രണ്ടാമന്‍. ലോകകപ്പിലും ഇത് സച്ചിന്‍ തന്നെയാണ്. ഒരു കളിയില്‍ 4 ക്യാച്ചെടുത്ത റെക്കോര്‍ഡും സച്ചിന്‍ പാകിസ്താനെതിരെയുണ്ട്.

പുറത്താണെങ്കില്‍ മെച്ചം
ന്യൂട്രല്‍ വേദികളില്‍ 69 ല്‍ 28 കളികള്‍ ഇന്ത്യ പാകിസ്താനോട് ജയിച്ചിട്ടുണ്ട്. പക്ഷേ അഡലെയ്ഡില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെയല്ലാതെ 6 കളി കളിച്ച ഇന്ത്യ 1 കളി മാത്രമേ തോറ്റിട്ടുള്ളൂ. ലോകകപ്പും അഡലെയ്ഡും ഇത്തവണ ഒരുമിച്ച് വന്നു. പാകിസ്താന്‍ വിറക്കേണ്ടതാണ്.

കോലിക്കുമുണ്ടൊര് റെക്കോര്‍ഡ്
ഇന്ത്യയുടെ പുതിയ സൂപ്പര്‍ സ്റ്റാര്‍ വിരാട് കോലിക്കുമുണ്ട് ഒരു റെക്കോര്‍ഡ്. ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിംഗിളുകള്‍ എന്നതാണത്. അത് പക്ഷേ ലോകകപ്പിലല്ല എന്ന് മാത്രം. ലോകകപ്പില്‍ പാകിസ്താനെതിരെ കോലിയുടെ രണ്ടാമത്തെ കളിയാണിത്.

അവസാനം കളിച്ചതില്‍ പാകിസ്താന്‍
2014 ഏഷ്യ കപ്പിലാണ് അവസാനമായി ഇന്ത്യ - പാക് ടീമുകള്‍ മുഖാമുഖം വന്നത്. അന്ന് ഇന്ത്യ ഒരു വിക്കറ്റിന് തോറ്റു. ഈ തോല്‍വി മാത്രമല്ല, കഴിഞ്ഞ 5 വിജയങ്ങളും ഓര്‍മിച്ചുകൊണ്ടാകും ഇന്ത്യ ഞായറാഴ്ച കളിക്കാനിറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications