Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-ലങ്ക യുദ്ധം മുംബൈയില്‍

മുംബൈ: ഒപ്പമുണ്ടായിരുന്നവരെല്ലാം മടങ്ങിയിരിക്കുന്നു. വിശ്വക്രിക്കറ്റിലെ പുതിയ ചക്രവര്‍ത്തിപദത്തിലേക്ക് നടന്നത് 48 പോരാട്ടങ്ങള്‍. അതില്‍ വീണവരെല്ലാം ഇപ്പോള്‍ ചരിത്രം. ഇനി കിരീടത്തിലേക്ക് ഒരു ചുവട്. ഇന്ത്യ-ലങ്ക യുദ്ധത്തിന് മുംബൈ ഒരുങ്ങിക്കഴിഞ്ഞു.


28 വര്‍ഷം നീണ്ടി കാത്തിരിപ്പിന് വിരാമമിട്ട് ലോകകിരീടം. അങ്ങനെയൊരു ശുഭാന്ത്യം സ്വപ്‌നം കാണുകയാണ് ഇന്ത്യ. അത് സാക്ഷാത്ക്കരിയ്ക്കുകയാണ് ധോണിയുടെ നീലപ്പടയ്ക്ക് മുന്നിലുള്ള ദൗത്യം. 1983ല്‍ കപില്‍ദേവിന്റെ ചെകുത്താന്‍ ലോര്‍ഡ്‌സിലെ ഫൈനലില്‍ വിന്‍ഡീസിനെ കീഴടക്കി ലോക കിരീടം സ്വന്തമാക്കിയ ശേഷം ഇന്ത്യയ്ക്ക് ഇതുവരെ അന്യമായിരുന്നു ആ സുവര്‍ണനേട്ടം. ഇനിയുമൊരിക്കല്‍ ലോകക്രിക്കറ്റിന്റെ നെറുകയിലേറുക. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ജനത ആഗ്രഹിയ്ക്കുന്നതും അതാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന ഇതിഹാസ താരത്തിന്റെ തട്ടകത്തിലാണ് പോരാട്ടമെന്നതും സച്ചിന്‍ മിന്നും ഫോമിലാണെന്നതും ആരാധകര്‍ക്ക് പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുകയാണ്.

പ്രതീക്ഷകളുടെ വര്‍ദ്ധിച്ച ഭാരവുമായാണ് ധോണിയും സംഘവും ലോകകപ്പിലെത്തിയത്. തുടക്കത്തില്‍ ഒന്നു പതറിയെങ്കിലും ഗ്രൂപ്പിലെ അവസാന മത്സരമായപ്പോഴേക്കും ഇന്ത്യ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. കരീബിയക്കാരെ 80 റണ്‍സിനു കീഴടക്കി ക്വാര്‍ട്ടറിലേക്ക് മുന്നേറ്റം. അവിടെ കാത്തിരുന്ന ലോക ചാംപ്യന്‍മാര്‍ ഓസീസിനെ അഞ്ച് വിക്കറ്റിന് കീഴടക്കി സെമി പ്രവേശം. സെമിയില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരേ 29 റണ്‍സ് ജയം. ഈ ടീമിനെന്തും നേടാന്‍ കഴിയുമെന്ന വിശ്വാസം ഇങ്ങനെയാണ് ഉരുത്തിരിഞ്ഞത്. അതാണ് ആരാധകരില്‍ ആവേശം നിറയ്ക്കുന്നതും.

ഇന്ത്യയ്‌ക്കൊപ്പം കരുത്തരാണ് ലങ്കയും. ലോകകപ്പിലെ പ്രകടനത്തിലും ചരിത്രത്തിലും ഇവര്‍ സമാസമം. ഇരു ടീമുകളും ഇതു മൂന്നാം ഫൈനല്‍. ഇരു കൂട്ടരും ഓരോ തവണ കിരീടവും നേടി. 1983ല്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ 1996ലായിരുന്നു ലങ്കയുടെ കിരീടമണിഞ്ഞത്.

2003ല്‍ ഇന്ത്യ ഫൈനലില്‍ ഓസീസിനോട് കീഴടങ്ങിയപ്പോള്‍ 2007ല്‍ ഓസീസിനോടു മുട്ടുമടക്കാനായിരുന്നു ലങ്കയുടെ വിധി. ഈ ലോകകപ്പില്‍ ഫൈനല്‍വരെയുള്ള എട്ടു മത്സരങ്ങളില്‍ ഓരോ തോല്‍വി മാത്രമാണ് ഇന്ത്യയും ലങ്കയും വഴങ്ങിയത്. ദക്ഷിണാഫ്രിക്കയോട് ഇന്ത്യയും പാകിസ്ഥാനോട് ലങ്കയും തോറ്റു. ഇന്ത്യ ഇംഗ്‌ളണ്ടിനോട് ടൈ വഴങ്ങിയപ്പോള്‍ ലങ്ക-ഓസീസ് മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നു.

ഈ ലോകകപ്പിലെ വ്യക്തിഗത പ്രകടനങ്ങളുടെ കണക്കെടുപ്പും തുല്യശക്തികളുടെ പോരാട്ടത്തിലും ഇന്ത്യയും ലങ്കയും തുല്യം. മികച്ച റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ ഇന്ത്യക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സെവാഗും. ലങ്കയെ പ്രതിനിധീകരിയ്ക്കുന്നത് തിലകരത്‌നെ ദില്‍ഷന്‍, കുമാര്‍ സങ്കക്കാര.

ബൗളര്‍മാരിലെ ആദ്യ പത്തില്‍ ഇന്ത്യക്ക് സഹീര്‍ ഖാനും ലങ്കയ്ക്ക് മുത്തയ്യ മുരളീധരനും. പക്ഷേ, ബൗളിങ്ങിലെ വൈവിധ്യത്തിലും ഫീല്‍ഡിങ്ങിലും ലങ്കയ്ക്ക് മുന്‍തൂക്കമുണ്ട്. ഏകദിനത്തില്‍ ഇരുടീമും ഇതുവരെ ഏറ്റുമുട്ടിയ 128 മത്സരങ്ങളില്‍ ഇന്ത്യക്ക് 67ഉം ലങ്കയ്ക്ക് 50ഉം ജയമാണുള്ളത്.

11 എണ്ണത്തില്‍ ഫലമുണ്ടായില്ല. പക്ഷേ, ലോകകപ്പ് മുഖാമുഖങ്ങളില്‍ ലങ്കയ്ക്കാണ് മുന്‍തൂക്കം. ഏഴു മത്സരങ്ങളില്‍ നാലെണ്ണം ലങ്ക ജയിച്ചപ്പോള്‍ രണ്ടെണ്ണമാണ് ഇന്ത്യക്കു ജയിക്കാനായത്. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു. ഫൈനലിന്റെ വേദിയായ വാങ്കഡെയില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടുപേര്‍ക്കും ഓരോ ജയം. തുല്യശക്തികളുടെ പോരാട്ടത്തില്‍ ആരു ജയിക്കുമെന്ന് പറയുക അസാധ്യം... എന്നാല്‍ 121 കോടി വരുന്ന ജനയുടെ പ്രാര്‍ത്ഥനകളില്‍ ഇന്ത്യയുണ്ട്.... ജയിക്കാതെ അവര്‍ക്ക് മറ്റു വഴിയില്ല.

വാല്‍ക്കഷ്ണം: 1983 ആവര്‍ത്തിയ്ക്കുമോ 2011ല്‍.. സംശയം വേണ്ട 1983 തന്നെയാണ് 2011. സംശയമുണ്ടെങ്കില്‍ കലണ്ടര്‍ നോക്കൂ...

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+