For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യയിലും ബ്രസീലിയന്‍ ചിരി... മഞ്ഞപ്പടയുടെ അഞ്ചാം ലോകകിരീടവും...

മുഹമ്മദ് ഷഫീഖ്

ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രവും വിശേഷങ്ങളുമായി എത്തുകയാണ് കളിയെഴുത്തുകാരനായ ലേഖകന്‍.

ലോക ഫുട്‌ബോള്‍ മാമാങ്കം ആദ്യമായി ഏഷ്യയിലെത്തിയത് 2002ലായിരുന്നു. 2002ല്‍ ഏഷ്യന്‍ രാജ്യങ്ങളായ ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി 17ാമത് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയായിരുന്നു. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് രണ്ട് രാജ്യങ്ങള്‍ സംയുക്തമായി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. അഞ്ചാം ലോകകിരീടം നേടി ഏഷ്യയിലെ കന്നി ഫിഫ ലോകകപ്പ് ബ്രസീല്‍ അവിസ്മരണീയമാക്കുകയും ചെയ്തു. ജപ്പാനിലെ യൊക്കോഹാമ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മഞ്ഞപ്പട അഞ്ചാം ലോകകിരീടത്തില്‍ മുത്തമിട്ടത്. ബ്രസീലും ജര്‍മനിയും മുഖാമുഖം വന്ന ലോകകപ്പിലെ ആദ്യ കലാശപ്പോരാട്ടം കൂടിയായിരുന്നു 2002ലേത്. 20 വേദികളിലാണ് 32 ടീമുകള്‍ മാറ്റുരച്ച 17ാമത് ഫിഫ ലോകകപ്പ് അരങ്ങേറിയത്. 27,05,197 കാണികളാണ് മല്‍സരം നേരിട്ട് വീക്ഷിക്കാനെത്തിയത്.

ഫ്രാന്‍സിന്റെ പതനം... സെനഗലിന്റെ അപ്രതീക്ഷിത കുതിപ്പ്...

ഫ്രാന്‍സിന്റെ പതനം... സെനഗലിന്റെ അപ്രതീക്ഷിത കുതിപ്പ്...

2002 ലോകകപ്പിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ഫ്രാന്‍സ് മാറി. നിലവിലെ ചാംപ്യന്‍മാരെന്ന ഖ്യാതിയുമായെത്തിയ ഫ്രാന്‍സ് ഗ്രൂപ്പ്ഘട്ടത്തില്‍ ഒരു മല്‍സരം പോലും വിജയിക്കാനാവാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു. ഫ്രാന്‍സിനു സമാനമായ തകര്‍ച്ചയാണ് മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേയ്ക്കും നേരിട്ടത്. ഇരുവരും ഗ്രൂപ്പ് എയിലാണ് അട്ടിമറിയേറ്റുവാങ്ങിയത്. ടൂര്‍ണമെന്റിനു മുമ്പ് എഴുതിത്തള്ളിയ ഡെന്‍മാര്‍ക്കും സെനഗലുമാണ് ഗ്രൂപ്പ് എയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ഫ്രാന്‍സിനെയും ഉറുഗ്വേയെയും ഞെട്ടിച്ചത്. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ സെനഗലിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ ഫ്രാന്‍സ് രണ്ടാമങ്കത്തില്‍ ഉറുഗ്വേയോട് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. പക്ഷേ, മൂന്നാമങ്കത്തില്‍ ഡെന്‍മാര്‍ക്കിനോടും എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍വി വഴങ്ങിയതോടെ തിയറി ഹെന്റ്‌റി ഉള്‍പ്പെടുന്ന ഫ്രഞ്ച് പട ഗ്രൂപ്പിലെ ഏറ്റവും അവസാന സ്ഥാനക്കാരായി നാട്ടിലേക്ക് മടങ്ങി. പരിക്കിനെ തുടര്‍ന്ന് ആദ്യ മല്‍സരത്തില്‍ സ്റ്റാര്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സിനദിന്‍ സിദാന്‍ ഫ്രഞ്ച് നിരയില്‍ കളിച്ചിരുന്നില്ല.

ഫ്രാന്‍സിനോട് സമനില പാലിച്ച ഉറുഗ്വേ ഡെന്‍മാര്‍ക്കിനോട് 1-2ന് തോല്‍ക്കുകയും സെനഗലിനോട് 3-3ന് സമനില വഴങ്ങുകയുമായിരുന്നു. ഉറുഗ്വേയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡീഗോ ഫോര്‍ലാന്റെ അരങ്ങേറ്റ ലോകകപ്പ് കൂടിയായിരുന്നു ഇത്. അരങ്ങേറ്റ ലോകകപ്പില്‍ സെനഗലിനെതിരേ താരം ഒരു ഗോള്‍ നേടുകയും ചെയ്തിരുന്നു. ഡെന്‍മാര്‍ക്കിനായി ഗ്രൂപ്പ്ഘട്ടത്തിലെ മൂന്നു മല്‍സരങ്ങളില്‍ നിന്നായി ജോണ്‍ ദാബി തോമസണ്‍ നാല് ഗോളുകള്‍ അടിച്ചുകൂട്ടി.

മറ്റു ഗ്രൂപ്പ് മല്‍സരഫലം ഇങ്ങനെ...

മറ്റു ഗ്രൂപ്പ് മല്‍സരഫലം ഇങ്ങനെ...

ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക, സ്ലൊവേനിയ എന്നിവരെ പിന്തള്ളി സ്‌പെയിന്‍, പരാഗ്വേ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ഗ്രൂപ്പ് സിയില്‍ ബ്രസീലും തുര്‍ക്കിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയപ്പോള്‍ കോസ്റ്ററിക്കയും ചൈനയും പ്രീക്വാര്‍ട്ടര്‍ കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങി. ഗ്രൂപ്പ് ഡിയില്‍ ആതിഥേയരായ ദക്ഷിണ കൊറിയ അപ്രതീക്ഷത മുന്നേറ്റവുമായി പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു. യുനൈറ്റഡ് സ്റ്റേറ്റ്‌സ് (അമേരിക്ക), പോര്‍ച്ചുഗല്‍, പോളണ്ട് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായിട്ടായിരുന്നു ദക്ഷിണ കൊറിയയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ദക്ഷിണ കൊറിയക്കു പിന്നാലെ അമേരിക്കയും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് നേടിയപ്പോള്‍ പോര്‍ച്ചുഗലും പോളണ്ടും ടുര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു. ഗ്രൂപ്പ് ഇയില്‍ കാമറൂണ്‍, സൗദി അറേബ്യ എന്നിവരെ പിന്തള്ളി യഥാക്രമം ജര്‍മനിയും അയര്‍ലന്‍ഡും ഗ്രൂപ്പ് എഫില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് സ്വീഡനും ഇംഗ്ഗണ്ടും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇംഗ്ഗണ്ടിനോട് തോല്‍ക്കുകയും സ്വീഡനോട് സമനില വഴങ്ങുകയും ചെയ്തതാണ് മുന്‍ ചാംപ്യന്‍മാരായ അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. നൈജീരിയയാണ് ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായ മറ്റൊരു ടീം.

ഗ്രൂപ്പ് ജിയില്‍ യഥാക്രമം മെക്‌സിക്കോയും ഇറ്റലിയും അവസാന 16ലേക്ക് മുന്നേറിയപ്പോള്‍ ക്രൊയേഷ്യയും ഇക്വഡോറും ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ പുറത്തായി. ഗ്രൂപ്പ് എച്ചില്‍ ആതിഥേയരായ ജപ്പാനും ബെല്‍ജിയവും പ്രീക്വാര്‍ട്ടറിലെത്തിയപ്പോള്‍ റഷ്യയും തുനീഷ്യയും അടുത്ത റൗണ്ട് കാണാതെ പുറത്താവുകയായിരുന്നു.

ഏവരെയും ഞെട്ടിച്ച് ദക്ഷിണ കൊറിയ... പ്രീക്വാര്‍ട്ടര്‍ മുതല്‍ ഫൈനല്‍ വരെ...

ഏവരെയും ഞെട്ടിച്ച് ദക്ഷിണ കൊറിയ... പ്രീക്വാര്‍ട്ടര്‍ മുതല്‍ ഫൈനല്‍ വരെ...

പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടര്‍ ഫൈനലിലും ആതിഥേയ രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയയുടെ അപ്രതീക്ഷിത കുതിപ്പാണ് ശ്രദ്ധേയമായത്. പ്രീക്വാര്‍ട്ടറില്‍ കിരീടഫേവറിറ്റുകളും മുന്‍ ചാംപ്യന്‍മാരുമായ ഇറ്റലിയെ അധികസമയത്തേക്ക് നീണ്ട പോരില്‍ 1-2ന് വീഴ്ത്തി കൊറിയ ഏവരെയും അമ്പരപ്പിച്ചു. ഇറ്റലിക്കു പിന്നാലെ ക്വാര്‍ട്ടര്‍ ഫൈനലിലും കൊറിയ അട്ടിമറി വിജയം കരസ്ഥമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ കൊറിയ 5-3ന് സ്‌പെയിനിനെ വീഴ്ത്തി സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ 2-0ന് ബെല്‍ജിയത്തെയും ജര്‍മനി 1-0ന് പരാഗ്വേയെയും ഇംഗ്ലണ്ട് 3-0ന് ഡെന്‍മാര്‍ക്കിനെയും മറ്റൊരു കറുത്ത കുതിരകളായ സെനഗല്‍ 2-1ന് സ്വീഡനെയും സ്‌പെയിന്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് അയര്‍ലന്‍ഡിനെയും അമേരിക്ക 2-0ന് മെക്‌സിക്കോയെയും തുര്‍ക്കി 1-0ന് ആതിഥേയ രാജ്യങ്ങളിലൊന്നായ ജപ്പാനെയും പരാജയപ്പെടുത്തി.

ക്വാര്‍ട്ടറില്‍ ബ്രസീല്‍ 2-1ന് ഇംഗ്ലണ്ടിനെയും ജര്‍മനി 1-0ന് അമേരിക്കയെയും തുര്‍ക്കി 1-0ന് സെനഗലിനെയും തോല്‍പ്പിച്ച് സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. സെമിയില്‍ അട്ടിമറി വീരന്‍മാരായ കൊറിയയെ 0-1ന് ജര്‍മനി പരാജയപ്പെടുത്തിയപ്പോള്‍ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് തുര്‍ക്കിയെ മറികടക്കുകയായിരുന്നു. തൂര്‍ക്കിയോട് 3-2ന് തോറ്റ് ദക്ഷിണ കൊറിയ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

ഒലിവര്‍ ഖാന്‍ കോട്ട തകര്‍ത്ത് റൊണാള്‍ഡോ...

ഒലിവര്‍ ഖാന്‍ കോട്ട തകര്‍ത്ത് റൊണാള്‍ഡോ...

2002 ലോകകപ്പില്‍ സ്‌ട്രൈക്കര്‍മാരുടെ പ്രധാന തലവേദനകളിലൊന്നായിരുന്നു ജര്‍മന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഒലിവര്‍ കാന്‍. ഗോള്‍വലയ്ക്കു മുന്നില്‍ കോട്ട കെട്ടി എതിരാളികള്‍ക്ക് ഒലിവര്‍ കാന്‍ ഭീഷണി ഉയര്‍ത്തിയ ലോകകപ്പായിരുന്നു 2002ലേത്. ഫൈനല്‍ വരെ ഒരു തവണ മാത്രമാണ് ഒലിവര്‍ കാന്റെ കോട്ട കടന്ന് പന്ത് ജര്‍മനിയുടെ വലയ്ക്കുള്ളില്‍ കയറിയത്. അയര്‍ലന്‍ഡിന്റെ റോബി കീന്‍ ഗ്രൂപ്പ്ഘട്ടത്തില്‍ നേടിയ ഗോളായിരുന്നു അത്. പിന്നീട് ഫൈനല്‍ വരെ ഗോള്‍വഴങ്ങാതെ ജര്‍മനിയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചതും ഒലിവര്‍ കാനായിരുന്നു. പക്ഷേ, ഫൈനലില്‍ ഒലിവര്‍ കാന്റെ കോട്ട തകര്‍ത്ത് ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോ രണ്ട് തവണ ജര്‍മനിയുടെ വലകുലുക്കിയപ്പോള്‍ മഞ്ഞപ്പട അഞ്ചാം ലോകകിരീടവും അതോടൊപ്പം കൈക്കലാക്കുകയായിരുന്നു. കഫുവായിരുന്നു ഏഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന്റെ ക്യാപ്റ്റന്‍.
ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ കളിച്ച റൊണാള്‍ഡോ എട്ട് ഗോളുകളാണ് മഞ്ഞപ്പടയ്ക്കു വേണ്ടി അടിച്ചൂകൂട്ടിയത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും റൊണാള്‍ഡോയ്ക്കായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ഒലിവര്‍ കാന്‍ നേടി. ഇതോടെ ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഗോള്‍ഡന്‍ ബോള്‍ നേടുന്ന ഏക ഗോള്‍കീപ്പറായും ഒലിവര്‍ കാന്‍ മാറി.

Story first published: Monday, May 21, 2018, 20:14 [IST]
Other articles published on May 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+