ഹൈദരാബാദ്: ഒളിമ്പിക്‌സ് യോഗ്യതയ്ക്കായുള്ള ട്രയല്‍സില്‍ മേരി കോമിനെതിരെ പരാജയപ്പെട്ട നിഖാത് സരീന്‍ മനസുതുറക്കുന്നു. മത്സരശേഷം മേരി കോം സരീനോട് രോഷത്തോടെ പെരുമാറിയത് വിവാദമായിരുന്നു. സരീന് കൈ കൊടുക്കാന്‍ മേരി തയ്യാറായില്ല. തന്നെ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും തന്നോട് ബഹുമാനം കാട്ടാത്തവരോട് തിരിച്ച് ബഹുമാനം കാട്ടുന്നതെങ്ങിനെയെന്നും മേരി തുറന്നടിച്ചു.
മേരിക്കെതിരെയല്ലായിരുന്നു തന്റെ പോരാട്ടമെന്നാണ് നിഖാത് സരീന്റെ ഒടുവിലത്തെ പ്രതികരണം. ട്രയല്‍സ് നടത്താതെ ഒരു താരത്തെ യോഗ്യതയ്ക്ക് അയക്കാനുള്ള തീരുമാനത്തിനെതിരെയാണ് താന്‍ പ്രതികരിച്ചത്. മേരിയോട് തനിക്ക് വ്യക്തിപരമായി യാതൊരു പരിഭവവും ഇല്ല. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നതല്ല. തന്നെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെതാണെന്നും സരീന്‍ പറഞ്ഞു.

മേരി തന്നോട് ദേഷ്യപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. തനിക്കെതിരെ വ്യക്തിപരിമായി സംസാരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. താന്‍ അതിന് പ്രതികരിക്കുന്നില്ല. ഫെഡറേഷെനെതിരെയോ മേരി കോമിനെതിരെയോ ആയിരുന്നില്ല തന്റെ പോരാട്ടം. എല്ലാ മത്സരങ്ങള്‍ക്കും മുന്‍പായി ട്രയല്‍സ് നടത്തണമെന്നാണ് തന്റെ ആവശ്യം. അതിനായാണ് താന്‍ ശബ്ദമുയര്‍ത്തിയതെന്നും സരീന്‍ വ്യക്തമാക്കി.
മേരി കോം ഇതിഹാസതാരമാണ്. അവര്‍ക്ക് ഒന്നിനെക്കുറിച്ചും ഭയത്തിന്റെ ആവശ്യമില്ല. തങ്ങളെല്ലാം അവരുടെ ജൂനിയേഴ്‌സ് മാത്രം. ഒരു ട്രയല്‍സ് ആവശ്യപ്പെടുമ്പോള്‍ അവര്‍ അതിന് തയ്യാറാകുന്നതാണ് ശരിയായ മാതൃക. ട്രയല്‍സ് കഴിഞ്ഞ് അവര്‍ ഒളിമ്പിക്‌സ് യോഗ്യതയ്ക്കായി പോകുമ്പോള്‍ ഏവരും സന്തോഷിക്കുന്നു. ഞാന്‍ ട്രയല്‍സില്‍ തോറ്റെങ്കിലും ഹൃദയങ്ങള്‍ കീഴടക്കാനായി എന്നത് സന്തോഷമുള്ള കാരമാണെന്നും സരീന്‍ പറഞ്ഞു.