ഉലാന്‍ ഉദെ: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന മേരി തായ്‌ലന്‍ഡിന്റെ ജുതാമസ് ജിത്‌പോങ്ങിനെതിരെ 5-0 എന്ന നിലയില്‍ ആധികാരിക ജയത്തോടെയാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യ മത്സരത്തില്‍ ബൈ ലഭിച്ച മേരി കോം രണ്ടാം മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ എതിരാളിയെ പഠിക്കാന്‍ വിനിയോഗിക്കുകയും പിന്നീട് പ്രത്യാക്രമണം നടത്തുകയുമായിരുന്നു.
ആറു തവണ ലോക ചാമ്പ്യനായി റെക്കോര്‍ഡിട്ട താരമാണ് മേരി കോം. ഇത്തവണ ആദ്യമായാണ് 51 കിലോഗ്രാമില്‍ ഒരു മെഡലിനായി ശ്രമിക്കുന്നത്. സെമിയിലെത്തിയാല്‍ മേരി കോമിന് മെഡല്‍ ഉറപ്പിക്കാം. മറ്റൊരു ഇന്ത്യന്‍ താരമായ മഞ്ജു റാണിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. വെനസ്വേലയുടെ റോജാസ് തയോനിസ് സെഡേനോയെ 5-0 എന്ന മാര്‍ജിനിലാണ് മഞ്ജു കീഴ്‌പ്പെടുത്തിയത്. അഞ്ച് റൗണ്ടുകളിലും മഞ്ജു എതിരാളിക്കുമേല്‍ ആധിപത്യം സ്ഥാപിച്ചു.

ഒക്ടോബര്‍ 10ന് സൗത്ത് കൊറിയയുടെ കിം ഹ്യാങ് മിയുമായാണ് ക്വാര്‍ട്ടര്‍ പോരാട്ടം. കഴിഞ്ഞ എഡിഷനില്‍ വെങ്കലം നേടിയ കൊറിയന്‍ താരത്തിനെതിരെയുള്ള പോരാട്ടം മഞ്ജുവിന് കടുത്തതാകും. 75 കിലോഗ്രാം വിഭാഗത്തില്‍ സ്വീറ്റി ബൂറ ചൊവ്വാഴ്ച മത്സരത്തിനിറങ്ങും. കഴിഞ്ഞ എഡിഷനില്‍ നാലു മെഡലുകളാണ് ഇന്ത്യ നേടിയത്. ഇത്തവണ മേരി കോം ഉള്‍പ്പെടെയുള്ളവര്‍ തിളങ്ങിയാല്‍ കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.