ഖേല്‍ രത്‌ന അവാര്‍ഡ് വിവാദത്തില്‍; തന്നെ അവഗണിച്ചതിന് ഗുസ്തിതാരം ബജ് രംഗ് കോടതിയിലേക്ക്
ദില്ലി: ദേശീയ കായിക അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ അവഗണിച്ചതിനെതിരെ ഗുസ്തിയിലെ സൂപ്പര്‍താരം ബജ്‌രംഗ് പൂണിയ കോടതിയിലേക്ക്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡിന് തന്നെ പരിഗണിച്ചില്ലെന്ന ആരോപണവുമായാണ് താരം സര്‍ക്കാരിനെതിരെ കോടതിയിലേക്ക് നീങ്ങാനൊരുങ്ങുന്നത്. നേരത്തെ, ബജ്‌രംഗിന്റെ പേര് ദേശീയ ഗുസ്തി ഫെഡറേഷന്‍ ഖേല്‍ രത്‌നയ്ക്കായി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ക്രിക്കറ്റര്‍ വിരാട് കോലിക്കും, ഭാരോദ്വഹക മീരാഭായ് ചാനുവിനുമാണ് ഇത്തവണ അവാര്‍ഡ് ലഭിച്ചത്.
അര്‍ഹതയുണ്ടായിട്ടും തന്നെ ഒഴിവാക്കിയത് എന്തിനാണെന്ന് താരം ചോദിക്കുന്നു. ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഏഷ്യന്‍ ഗെയിംസിലും ഗുസ്തിയില്‍ സ്വര്‍ണം നേടിയ താരമാണ് പൂണിയ. ഖേല്‍ രത്‌ന ഏതൊരു കായിക താരത്തിന്റെയും സ്വപ്‌നമാണ്. ഗുസ്തി താരങ്ങളെ സംബന്ധിച്ച് എപ്പോള്‍ വേണമെങ്കിലും അവസാനിക്കാവുന്ന കരിയറാണെന്നും പൂണിയ ചൂണ്ടിക്കാട്ടി.

ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചില്ലെന്നറിഞ്ഞ് താന്‍ ഞെട്ടിപ്പോയി. യോഗേശ്വര്‍ ദത്തിനൊപ്പം കേന്ദ്ര കായികമന്ത്രി കാണാനായി അനുവാദം ലഭിച്ചിട്ടുണ്ട്. എന്തിനാണ് തന്നെ തഴഞ്ഞതെന്ന് അറിയണം. താന്‍ അതിന് അര്‍ഹനായിരുന്നില്ലേ എന്നതും അറിയേണ്ടതാണ്. അര്‍ഹനായിരുന്നെങ്കില്‍ തനിക്കും അവാര്‍ഡ് നല്‍കണമെന്നും ബജ്‌രംഗ് വ്യക്തമാക്കി.
ഈ വര്‍ഷം തനിക്കിത് ലഭിക്കില്ലെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോഴത്തെ തീരുമാനം ലോക ചാമ്പ്യന്‍ഷിപ്പിനുള്ള തന്റെ തയ്യാറെടുപ്പിനെയും ബാധിച്ചിരിക്കുകയാണ്. താന്‍ വളരെ ദു:ഖിതനാണ്. ഒരു കായികതാരം അവാര്‍ഡിനായി യാചിക്കേണ്ടിവരുന്നത് ഒരിക്കലും നല്ല കാര്യമല്ല. എന്നാല്‍, ഒരു ചെറിയ പരിക്കുപോലും ഗുസ്തി താരത്തിന്റെ കരിയറിനെ ബാധിക്കുമെന്നതിനാല്‍ ഇപ്പോഴത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവാര്‍ഡ് നല്‍കണമെന്നും താരം ആവശ്യപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications