എകാതരിന്ബര്ഗ്: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പൊരുതിത്തോറ്റ ഇന്ത്യയുടെ അമിത് പംഘലിന് വെള്ളിമെഡല്‍. 52 കിലോഗ്രാം ഫ്ളൈ വെയ്റ്റ് വിഭാഗത്തില്‍ ഗംഭീര പ്രകടനവുമായി ഫൈനലിലെത്തിയ അമിത്തിന് സ്വര്ണനേട്ടത്തിലെത്താനായില്ല. ഉസ്ബെക്കസ്താന്റെ ഷഖോബിദിന് സൈറോവിനോടാണ് അമിത് പൊരുതിത്തോറ്റത്. അഞ്ച് റൗണ്ടുകളിലും ഷഖോബിദിന് മുന്നിലെത്തി.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍താരം ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ പംഘലിന്റെ വെള്ളിമെഡല്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. നേരത്തെ നാല് ഇന്ത്യന്‍ ബോക്സര്‍മാര്‍ സെമിയില്‍ പരാജയപ്പെട്ട് വെങ്കലമെഡലില്‍ ഒതുങ്ങുകയായിരുന്നു. വിജേന്ദര്‍ സിങ്, വികാസ് കൃഷ്ന്, ശിവ ഥാപ്പ, ഗൗരവ് ബിഥുരി എന്നിവരാണ് മുന്‍വര്‍ഷങ്ങള്‍ സെമിയില്‍ കടന്ന ഇന്ത്യന്‍ ബോക്സര്‍മാര്‍. ഇത്തവണ അമിത്തിനൊപ്പം മനീഷ് കൗശിക്കും സെമിയില്‍ കടന്നിരുന്നെങ്കിലും ഫൈനലിലെത്താനായില്ല. കൗശിക്കിന് വെങ്കലം ലഭിച്ചു. ഇതോടെ ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം മെഡല്‍ നേടാന്‍ ഇതാദ്യമായി ഇന്ത്യയ്ക്ക് കഴിയുകയും ചെയ്തു.
മുന്നില്‍ നിന്ന് നയിച്ച് ഷക്കീബ്; അഫ്ഗാനെതിരെ ബംഗ്ലാദേശിന് ജയം
വൈകി ബോകിങ് രംഗത്തെത്തിയ പംഘല്‍ ഓരോ ചാമ്പ്യന്‍ഷിപ്പ് കഴിയുമ്പോഴും തന്റെ മികവ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. 2017ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയതോടെയാണ് ശ്രദ്ധേയനായത്. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ അമിത് അതേവര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ അത് സ്വര്ണമാക്കിമാറ്റുകയും ചെയ്തു. പിന്നാലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും അമിത് സ്വര്‍ണ നേട്ടം ആവര്‍ത്തിച്ചു.
ഒന്നും രണ്ടുമല്ല, എട്ട് ഗോള്‍; വാറ്റ്ഫോര്‍ഡിനെ ഗോള്‍മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി
ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിത്തിളക്കം അമിത്തിന്റെ ഒളിമ്പിക് സ്വപ്നങ്ങളും സജീവമാക്കുകയാണ്. ഹരിയാണയിലെ റോത്തക് ജില്ല സ്വദേശിയായ താരം മൂത്ത സഹോദരന് അജയ് പംഘലിന്റെ ബോക്സിങ്ങില്‍ ആകൃഷ്ടനായാണ് ഈ രംഗത്തെത്തുന്നത്. അജയ് ആണ് താരത്തിന്റെ ആദ്യ പരിശീലകനും. ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍പ്രതീക്ഷയായി മാറിക്കഴിഞ്ഞ അമിത് ഇനി അതിനായുള്ള പരിശീലനത്തിനാണ് പ്രാധാന്യം നല്‍കുക.