ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു ഫൈനലില്‍. സെമി ഫൈനലില്‍ ചൈനീസ് താരം ചെന്‍ യുഫേയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യന്‍ താരം കീഴടക്കി. സ്കോര്‍ 21-14, 21-7. തുടര്‍ച്ചയായി ഇതു മൂന്നാം തവണയാണ് പിവി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്നത്.
കഴിഞ്ഞ രണ്ടു തവണയും ഫൈനലില്‍ തോറ്റു സിന്ധു വെള്ളി മെഡലില്‍ തൃപ്തിപ്പെടുകയായിരുന്നു. എന്തായാലും ബാഡ്മിന്റണ്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നു തവണ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്ന മൂന്നാമത്തെ വനിതാ താരമാണ് പിവി സിന്ധു.
ഇന്നു നടക്കുന്ന രണ്ടാം സെമിയിലെ ജേതാവുമായി സിന്ധു ഫൈനലില്‍ ഏറ്റുമുട്ടും. തായ്വാനീസ് താരം രാച്ചനോക്ക് ഇന്ഡനോനും ജാപ്പനീസ് താരം നൊസോമി ഒക്കുഹാരയും തമ്മിലാണ് രണ്ടാം സെമി. ആദ്യ സെമിയില്‍ ചെന്‍ യുഫേയ്ക്ക് മേല്‍ ഏകപക്ഷീയമായ വിജയമാണ് സിന്ധു നേടിയത്. 40 മിനിറ്റുകൊണ്ടുതന്നെ ചൈനീസ് എതിരാളിയെ പൂട്ടിക്കെട്ടാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു. ലോക റാങ്കിങ്ങില്‍ മൂന്നാമതാണ് ചെന്‍ യുഫേ.
നേരത്തെ പ്രീ കാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം തായ് സൂ യിങ്ങിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് സിന്ധു തോല്‍പ്പിച്ചിരുന്നു. ഒരുമണിക്കൂറിലെ ദൈര്‍ഘ്യമേറിയ മത്സരത്തില്‍ 12-21, 23-21, 21-19 എന്ന നിലയ്ക്കാണ് സിന്ധു ക്വാര്‍ട്ടര്‍ ജയം കണ്ടെത്തിയത്.