ക്വലാലംപൂര്‍: ഇന്ത്യയുടെ സൂപ്പര്‍ താരം സൈന നേവാള്‍ 2012 ലെ മികച്ച ബാഡ്മിന്റണ്‍ കളിക്കാരിയാകാനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചു. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷനാണ് സാധ്യതാ പട്ടിക പ്രഖ്യാപിച്ചത്. അഞ്ച് പേരാണ് മികച്ച വനിതാ താരത്തിനുള്ള അവസാന പട്ടികയില്‍ ഇടം കണ്ടെത്തിയത്. ഇതില്‍ സൈന ഒഴികെയുള്ള മറ്റു നാലുപേരും ചൈനക്കാരികളാണ്.

ചൈനയുടെ ലിയു സുരേയുവിനാണ് മികച്ച താരത്തിനുള്ള സാധ്യത കല്‍പ്പിക്കപ്പെടുന്നത്. 2012 ല്‍ എട്ടു പ്രധാന കിരീടങ്ങളാണ് ലിയു സ്വന്തമാക്കിയത്. ലണ്ടനിലെ ഒളിപിംക്‌സ് സ്വര്‍ണവും ഇതില്‍ പെടും. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു ഇന്ത്യയുടെ സൈന നേവാള്‍. കഴിഞ്ഞ സീസണില്‍ നടത്തിയ മികച്ച പ്രകടനമാണ് സൈനയെ ലോകതാരത്തിനുള്ള അന്തിമ പട്ടികയില്‍ എത്തിച്ചത്.
ഈ വര്‍ഷമാദ്യം ലോക റാങ്കിംഗില്‍ സൈന രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. സൈനയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് ആണിത്. രണ്ടാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യാക്കാരി എന്ന റെക്കോര്‍ഡും ഇതോടെ സൈന സ്വന്തമാക്കിയിരുന്നു. ഇതുവരെയായി 16 അന്താരാഷ്ട്ര കിരീടങ്ങളാണ് സൈനയുടെ ശേഖരത്തിലുള്ളത്. ആന്ധ്രപ്രദേശ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് 23 കാരിയായ ഈ ഹൈദരാബാദി സുന്ദരി.