റിയോ: കരോലിനാ മാരിന് എന്ന പേര് ഇനി സ്പെയിനിന്റെ ഒളിംപിക്സ് ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കും. രണ്ടുതവണ ലോക ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി ലോക ഒന്നാംനമ്പര്‍ പദവിയുമായി റിയോയിലെത്തിയ മാരിന് തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവെച്ച് സ്വര്‍ണമെഡലുമായാണ് റിയോയില്‍ നിന്നും മടങ്ങുന്നത്.
ബാഡ്മിന്റണ്‍ രംഗത്തെ ചൈനീസ് ആധിപത്യത്തിന് താത്കാലികമായെങ്കിലും വിരമാമമിട്ടിരിക്കകയാണ് മാരിന്. 1996 അറ്റ്ലാന്റ ഒളിംപിക്സിനുശേഷം ഇതാദ്യമായാണ് ഒരു ചൈനീസ് ഇതര താരം ഒളിംപിക്സില്‍ വനിതാ സ്വര്‍ണം സ്വന്തമാക്കുന്നതെന്നത് മാരിന്റെ പ്രകടനത്തിന്റെ മാറ്റു കൂട്ടുന്നു.
ഇന്ത്യയുടെ പി വി സിന്ധുവിനെതിരെ ആദ്യ സെറ്റ് കൈവിട്ടശേഷം മികച്ച തിരിച്ചുവരവാണ് മാരിന് നടത്തിയത്. ഒരു വട്ടം സൈന നേവാളിനെ തോല്‍പ്പിച്ച് ലോക ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ മാരിന് ഇപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ച് ഒളിംപിക്സ് സ്വര്‍ണവും കരസ്ഥമാക്കിയിരിക്കുന്നു. സ്പെയിനില്‍ വലിയതോതിലുള്ള സ്വീകരണമാണ് മാരിനെ കാത്തിരിക്കുന്നത്.
ടെന്നീസില്‍ റാഫേല്‍ നദാലിനെ പോലെ ഫുട്ബോള്‍ ലോകകപ്പ് നേടിയ ടീമിനെ പോലെ തുല്യമായ സ്ഥാനമാണ് ഇപ്പോള്‍ മാരിന്. രണ്ട് ലോക കിരീടം, രണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഓള് ഇംഗ്ലണ്ടും മലേഷ്യന്‍ ഓപ്പണും ഉള്‍പ്പെടെ രണ്ട് സൂപ്പര്‍ സീരീസുകള്‍. മൂന്ന് ഗ്രാന്‍ഡ് പ്രി ഗോള്‍ഡും ഒരു ഗ്രാന്ഡ്പ്രിയും ഇതിനകം തന്നെ സ്വന്തമാക്കിയ മാരിന് വരുംകാലത്തും ചൈനീസ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കടുത്ത എതിരാളിയായിരിക്കുമെന്നുറപ്പാണ്.