ദില്ലി: മുന്‍ ദേശീയ ചാമ്പ്യന്‍ സൗരഭ് വര്‍മ റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ജേതാവായി. റഷ്യയിലെ വ്ളാദിവോസ്റ്റോക്കില്‍ നടന്ന മത്സരത്തില്‍ ജപ്പാന്റെ കോകി വതനാന്പെയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സൗരഭ് തോല്‍പ്പിച്ചത്. സ്കോര്‍ 19-21, 21-12, 21-17. സൗരഭിന് സമ്മാനത്തുകയായ 75,000 ഡോളര്‍(ഏകദേശം 51 ലക്ഷം രൂപ) ലഭിക്കും.
അതേസമയം മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് കപൂര്‍, കുഹോ ഗാര്‍ഗ് സഖ്യം റഷ്യന്‍ താരം വ്ളാദ്മിര്‍ ഇവാനോവ്, മിന് ക്യുങ് കിം ജോഡികളോട് തോറ്റു. സ്കോര്‍ 19-21, 17-21. പരിക്കിന്റെ പിടിയിലായിരുന്ന സൗരഭ് വര്‍മയ്ക്ക് റഷ്യന്‍ ഓപ്പണ്‍ കിരീടം തിരിച്ചുവരവിന്റെ ആഘോഷമായി. ആദ്യ സെറ്റ് നഷ്ടമായിട്ടും ശക്തമായി തിരിച്ചടിച്ചാണ് താരത്തിന്റെ കിരീടധാരണമെന്നത് വരും മത്സരങ്ങളില്‍ ആത്മവിശ്വാസമുയര്‍ത്തും.
ഓള് ഇന്ത്യ സീനിയര്‍ റാങ്കിങ് ടൂര്‍ണമെന്റില്‍ ജയിച്ച സൗരഭിനെ ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ 2016ല്‍ ചൈനീസ് തായ്പേയ് ഗ്രാന്‍ പ്രീയില്‍ സ്വര്‍ണം നേടിയിരുന്നു. അതേവര്‍ഷം ബിത്ബര്ഗര് ഓപ്പണില്‍ റണ്ണറപ്പുമായി. പിന്നീട് പരിക്കിനെ തുടര്‍ന്ന് കളിക്കളം വിട്ട സൗരഭിന്റെ പ്രധാന നേട്ടമായിരിക്കുകയാണ് റഷ്യന്‍ ഓപ്പണ്‍.