ഫുഷൗ: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യക്ക് ഇരട്ടി മധുരം. ചൈനയില്‍ നടക്കുന്ന ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ പുരുഷ, വനിത വിഭാഗം സിംഗിള്‍സില്‍ കിരീടം ഇന്ത്യക്ക്. സൈന നെഹ് വാളും, കെ ശ്രീകാന്തുമാണ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിത്.
ജപ്പാന്റെ അകനെ യമാഗുച്ചിയെയാണ് സൈന അടിയറവ് പറയിച്ചത്. നിലവില്‍ സൈന ബാഡ്മിന്റണില്‍ ലോക ഏഴാം നമ്പര്‍ താരമാണ്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന നെഹ് വാള്‍ യമാഗുച്ചിയെ തോല്‍പിച്ചത്. സ്‌കോര്‍ 21-12, 22-20.

റെക്കോര്‍ഡ് നേട്ടമാണ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് സ്വന്തമാക്കിയത്. ലോക ചാമ്പ്യന്‍, ചൈനയുടെ ലിന്‍ ഡാന്‍ ആയിരുന്നു ശ്രീകാന്തിന്റെ എതിരാളി. നേരിട്ടുള്ള സെറ്റുകള്‍ക്ക് തന്നെയായിരുന്നു ശ്രീകാന്തിന്റെ വിജയം.

അഞ്ച് തവണ ലോകകിരീടം സ്വന്തമാക്കിയ താരമാണ് ലിന്‍ ഡാന്‍. രണ്ട് തവണ ഒളിംപിക് സ്വര്‍ണവും നേടിയ ലിന്‍ ഡാനിനെയാണ് ലോക റാങ്കിങില്‍ അദ്ദേഹത്തേക്കാള്‍ ഏറെ താഴെയുള്ള ശ്രീകാന്ത് അട്ടിമറിച്ചത്. റാങ്കിങില്‍ 26-ാം സ്ഥാനത്താണ് ശ്രീകാന്ത്.
46 മിനിട്ട് നീണ്ടു നിന്ന കടുത്ത മത്സരമായിരുന്നു. 21 കാരനായ ശ്രീകാന്ത് ഒരു നിമിഷം പോലും കരുത്തനും അനുഭവ സമ്പന്നനും ആയ ലിന്‍ ഡാന് മുന്നില്‍ പതറിയില്ല. ആദ്യ ഗെയിമില്‍ 19 നെതിരെ 21 പോയന്റുകളാണ് ശ്രീകാന്ത് നേടിയത്. രണ്ടാം ഗെയിമില്‍ ലിന്‍ ഡാന് 17 പോയന്റുകളേ നേടാനായുള്ളു.
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സീരീസിലെ കിരീട നേട്ടത്തോടെ സൈന സ്വന്തമാക്കിയത് ഈ വര്‍ഷത്തെ മൂന്നാമത്തെ കിരീടമാണ്. അതില്‍ തന്നെ രണ്ടാമത്തെ ഓപ്പണ്‍ സീരീസ് കിരീടവും. ചൈന ഓപ്പണ്‍ സീരീസില്‍ ആദ്യമായാണ് സൈന കിരീടം ചൂടുന്നത്.