ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ കടന്നു. ഇന്ത്യന്‍ താരങ്ങളായ സാത്വിക് സായ്രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം സൗത്ത് കൗറിയയുടെ കോ സങ് ഹ്യുന്‍, ഷിന് ബാക് ചിയോള്‍ സഖ്യത്തെ പരാജയപ്പെടുത്തി. സ്കോര്‍ 22-20, 22-24, 21-8. മുന്‍ ലോക ചാമ്പ്യന്മാരായ കൊറിയന്‍ ജോഡിക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ യുവതാരങ്ങള്‍ പുറത്തെടുത്തത്.
ടൂര്‍ണമെന്റിന്റെ തുടക്കംമുതല്‍ ഇന്ത്യന്‍ ജോഡികള്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. സെമി ഫൈനലിലും പ്രകടനം ആവര്‍ത്തിച്ച താരങ്ങള്‍ ആദ്യ രണ്ട് സെറ്റിലും എതിരാളികള്‍ക്കൊപ്പം വീറുറ്റ പ്രകടനം കാഴ്ചവെച്ചു. വിജയികളെ നിശ്ചയിക്കാനുള്ള അവസാന സെറ്റില്‍ തീര്‍ത്തും ഏകപക്ഷീയമായാണ് ഇന്ത്യ മുന്നേറിയത്. കായികക്ഷമതയില്‍ ഏറെ മുന്നില്‍നിന്നത് ഇരു താരങ്ങള്‍ക്കും തുണയായി.
ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മത്സരം: ആദ്യ ട്വന്റി-20 ടിവി ചാനല്‍
കരുത്തുള്ള എതിരാളികള്‍ക്കെതിരെ ദീര്‍ഘ മത്സരങ്ങള്‍ കളിക്കാനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു സാത്വികിന്റേയും ചിരാഗിന്റേയും പ്രകടനം. വലിയ ടൂര്‍ണമെന്റില്‍ ഇരുവരും ഫൈനലിലെത്തുന്നത് ഇതാദ്യമായാണ്. ഫൈനലില്‍ ചൈനയുടെ ലോക രണ്ടാം നമ്പര്‍ താരങ്ങളായ ലി ജുന് ഹുയി, ലിയു യുചെന്‍ സഖ്യത്തെ ഇന്ത്യ നേരിടും. നിലവിലെ ഫോം തുടര്‍ന്നാല്‍ കിരീടം നേടാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.