സിഡ്നി: ഇന്ത്യന്‍ താരങ്ങളായ സായ് പ്രണീതും സമീര്‍ വര്‍മയും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ കടന്നു. സെക്കന്റ് സീഡ് സായ് പ്രണീത് ഇന്തോനേഷ്യന്‍ താരം പാന്ജി അഹമ്മദ് മൗലാനയെ 21-12, 21-14 എന്ന നേരിട്ട സ്കോറിന് തോല്‍പ്പിച്ചപ്പോള്‍ സമീര്‍ ജാപ്പനീസ് താരം തക്കുമ ഉയേദയെ 21-16, 21-12 എന്ന സ്കോറിനും മറികടന്നു.
ഏഴാം സീഡ് ഇന്തോനേഷ്യയുടെ ലീ ചൗക്ക് ആണ് പ്രണീതിന്റെ അടുത്ത എതിരാളി. സമീര്‍ ചൈനീസ് താരം ലു ഗൗങ്സുവിനെയും നേരിടും. ഇന്ത്യന്‍ ഡബിള്‍സ് ടീമുകളും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്. മനു അത്രി, സുമീത് റെഡ്ഡി ടീം കൊറിയന്‍ ജോഡിയെ 21-17, 21-17 എന്ന സ്കോറിന് മുട്ടുകുത്തിച്ചു.
ഇന്ത്യയുടെ മറ്റൊരു ഡബിള്‍സ് ടീം അര്ജുന് എംആര്‍, രാമചന്ദ്രന് എന്നിവര്‍ ജാപ്പനീസ് ടീമിനെ 21-15, 25-23 എന്ന സ്കോറിന് മറികടന്ന് ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. അതേസമയം, ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനാല്‍ ഒരു ടീം സെമി കാണാതെ പുറത്താകുമെന്നുറപ്പായി. ഇന്ത്യയുടെ വനിതാ സിംഗിള്‍ താരമായ ജെക്കാ വൈഷ്ണവി റെഡ്ഡി ചൈനീസ് താരത്തോട് തോറ്റ് പുറത്തായി. വനിതാ ഡബിള്‍സ് ടീമും മിക്സഡ് ഡബിള്‍സ് ടീമും നേരത്തെ പുറത്തായിരുന്നു.