ബാങ്കോക്ക്: തോമസ്-യൂബര്‍ കപ്പിന് വേണ്ടിയുള്ള പോരാട്ടം ആരംഭിക്കുമ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ളത് ബാലികേറാമലയാണ്. അത്രയൊന്നും ശക്തിയില്ലാത്ത താരതമ്യേന ചെറുപ്പമായ ടീമുമായാണ് ഇന്ത്യ ബാങ്കോക്കില്‍ എത്തിയിട്ടുള്ളത്. ഇക്കുറി സൂപ്പര്‍ താരങ്ങളായ പിവി സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവരുടെ സേവനം ഇന്ത്യക്ക് ലഭ്യമല്ല. യൂബര്‍ കപ്പില്‍ സൈന നേവാളും, തോമസ് കപ്പില്‍ എച്ച്എസ് പ്രണോയിയുമാണ് ഇന്ത്യയെ നയിക്കുന്നത്.
സിന്ധുവിനും, ശ്രീകാന്തിനും വിശ്രമം അനുവദിച്ചതോടെ പ്രണോയിയും, സൈനയുമാണ് ടോപ്പ് 10 താരങ്ങളില്‍ ഇന്ത്യയുടെ സംഭാവന. യൂബര്‍ കപ്പില്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ രണ്ട് വെങ്കല മെഡലുകളുമായാണ് ഇന്ത്യയുടെ വനിതാ ടീമുകള്‍ മടങ്ങിയത്. എന്നാല്‍ എട്ട് വര്‍ഷക്കാലമായി തോമസ് കപ്പില്‍ പുരുഷ ടീം മെഡല്‍ നേടിയിട്ടില്ല. നോക്കൗട്ടില്‍ തന്നെ പുറത്തേക്കുള്ള വഴികാണുകയും ചെയ്യും.

ലോക 9-ാം നമ്പര്‍ താരമായ പ്രണോയിക്ക് പുറമെ ഇക്കുറി ഇന്ത്യന്‍ ടീമിന് പ്രതീക്ഷ നല്‍കുന്നത് സിംഗപ്പൂര്‍ ഓപ്പണ്‍ ചാമ്പ്യന്‍ ബി സായി പ്രണീതാണ്. ഒപ്പം സ്വിസ് ഓപ്പണ്‍ ജേതാവ് സമീര്‍ വര്‍മ്മ, ലോക ജൂനിയര്‍ റാങ്കിംഗില്‍ 10-ാം നമ്പര്‍ താരം ലക്ഷയ് സെന്‍ എന്നിവരും സിംഗിള്‍സില്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ മെഡല്‍ പ്രതീക്ഷകളാണ്. ഡബിള്‍സില്‍ ദേശീയ ചാമ്പ്യന്‍ സഖ്യം മനു അത്രി, ബി സുമീത് റെഡ്ഡിയും, ചെറുപ്പക്കാരായ അര്‍ജുന്‍ എംആറും, ശ്ലോക് രാമചന്ദ്രനുമാണ് ഇറങ്ങുക.
തോമസ് കപ്പില്‍ എ ഗ്രൂപ്പിലുള്ള ഇന്ത്യക്ക് ഫ്രാന്‍സ്, ഓസ്‌ട്രേലിയ, വമ്പന്‍മാരായ ചൈന എന്നിവരാണ് എതിരാളികള്‍. വനിതാ ടീമും എ ഗ്രൂപ്പിലാണ്. കാനഡ, ഓസ്‌ട്രേലിയ എന്നിവര്‍ക്ക് പുറമെ ശക്തരായ ജപ്പാനും ഇന്ത്യന്‍ വനിതകളെ എതിരിടാന്‍ രംഗത്തിറങ്ങും.