റിയോ: ഒളിംപിക്സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ഡബിള്‍സ് ടീം ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും വനിതാ വിഭാഗം സിംഗിള്‍സില്‍ സൈന നേവാളും പിവി സിന്ധുവും തങ്ങളുടെ കളികളില്‍ ജയം കണ്ടെത്തി. ബാഡ്മിന്റണ്‍ ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ ഹംഗറിയുടെ ലോറ സറോസിയെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്കോര്‍: 218, 219.
ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കലമെഡല്‍ ജേതാവുമായ സൈന ബ്രസീലിന്റെ ലൊഹായ്ന്നിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്പിച്ചത്. സ്കോര്‍: 21-17, 21-17. മത്സരം 39 മിനിറ്റ് നീണ്ടുനിന്നു. സൈനയ്ക്കെതിരെ മികച്ച പോരാട്ടമാണ് ബ്രസീലിയന്‍ താരം കാഴ്ചവെച്ചത്.
അതേസമയം, ഡബിള്‍സില്‍ പുരുഷ വനിതാ ടീമുകള്‍ നിരാശപ്പെടുത്തി. വനിതാ വിഭാഗത്തില്‍ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും ചേര്‍ന്ന സഖ്യം ജപ്പാന്റെ മിസാക്കി മത്സുടോമൊ അയാക്ക തകാഹാഷി സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോറ്റത്. സ്കോര്‍: 15-21, 10-21.
പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയ്ക്കുവേണ്ടിയിറങ്ങിയ മനു അത്രിയും സുമിത് റെഡ്ഡിയും ഇന്‍ഡൊനീഷ്യയുടെ ഹെന്ദ്ര സെതിയാവന്‍ മുഹമ്മദ് അഹ്സാന് സഖ്യത്തോടാണ് തോല്‍വി ഏറ്റുവാങ്ങിയത്. സ്കോര്‍ 18-21, 13-21.