ബര്‍മിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഫൈനല്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി. ഹൈദരാബാദിന്റെ സുവര്‍ണ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ചരിത്രനേട്ടത്തില്‍ എത്തിക്കഴിഞ്ഞു. ഇനി ഒരേയൊരു ചോദ്യം. കപ്പടിക്കുമോ സൈന? സൈനയല്ലാതെ മൂന്ന് പുരുഷന്മാര്‍ കൂടി ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഫൈനല്‍ കളിച്ചിട്ടുണ്ട്.
ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണാണ് രണ്ട് തവണ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഫൈനല്‍ കളിച്ചിട്ടുള്ള ഏക ഇന്ത്യന്‍ താരം. ഒരുതവണ ജയിച്ചു, ഒരു തവണ തോറ്റു. 1980 ല്‍ ഇന്തോനേഷ്യയുടെ ലീം കിംഗിനോട് തോറ്റ പദുക്കോണ്‍ കിംഗിനെ തന്നെ തോല്‍പിച്ച് തോല്‍പിച്ച് അടുത്ത വര്‍ഷം കിരീടം നേടി. 1981 ലായിരുന്നു ഈ കിരീടനേട്ടം.

1947 ല്‍ സ്വീഡന്റെ കോനി ജോസ്പനോട് തോറ്റുപോയ പ്രകാശ് നാഥാണ് ഫൈനലില്‍ എത്തിയിട്ടും ഓള്‍ ഇംഗ്ലണ്ട് ബാഡ്്മിന്റണ്‍ കിരിടം ചൂടാനാകാതെ പോയ ഏക ഇന്ത്യക്കാരന്‍. ചൈനയുടെ ചെന്‍ ഹോംഗിനെ തോല്‍പിച്ച് പുല്ലേല ഗോപീചന്ദ് 2001 ല്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്്മിന്റണ്‍ ചാമ്പ്യനായി.
ഈ ഫൈനല്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാതാരമാണ് സൈന. സ്‌പെയിനിന്റെ കരോളിന മാറിനാണ് സൈനയ്ക്ക് കലാശക്കളിയില്‍ എതിരാളി. ചൈനയുടെ സണ്‍ യുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സൈന ഫൈനലില്‍ എത്തിയത്. ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിക്കാണ് ഇന്ത്യ കാത്തിരിക്കുന്ന ഫൈനല്‍. അന്താരാഷ്ട്ര വനിതാദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സൈന ഈ നേട്ടം കൈവരിക്കുമോ.. കാത്തിരുന്ന് കാണാം..