പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധു, സൈന നേവാള്‍, കെ ശ്രീകാന്ത് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മികച്ച ഫോമില്‍ കളിക്കുന്ന സൈന മുന്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ 10-21, 21-14, 21-17 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്. കഴിഞ്ഞയാഴ്ച ഡെന്മാര്‍ക്ക് ഓപ്പണിലും സൈന ഒകുഹാരയെ തോല്‍പ്പിച്ചിരുന്നു.
യൂറോപ്പ ലീഗ്: ലോഫസ് ചീക്ക് ഹാട്രിക്കില്‍ ചെല്‍സി... ആഴ്‌സനല്‍, സെവിയ്യ മുന്നേറി, മിലാന്‍ വീണു
മറ്റൊരു ജപ്പാന്‍ താരമായ സയാക സാറ്റോയെ 21-17, 21-16 എന്നിങ്ങനെ നേരിട്ടുള്ള സെറ്റലാണ് സിന്ധു തോല്‍പ്പിച്ചത്. ഡെന്മാര്‍ക്ക് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ സിന്ധു തിരിച്ചുവരവിന്റെ പാതയിലാണ്. നിലവിലെ ചാമ്പ്യന്‍ കെ ശ്രീകാന്ത് കൊറിയന്‍ താരം ഡോങ് കിയൂന്‍ ലീയെ 12-21, 21-16, 21-18 എന്ന സ്‌കോറിനും തോല്‍പ്പിച്ചു. നേരത്തെ രണ്ടുതവണ ഇതേ താരത്തോട് തോറ്റ ശ്രീകാന്ത് ഇത്തവണ ജയം തന്റേതാക്കി.

ശ്രീകാന്തിനും സൈനയ്ക്കും ക്വാര്‍ട്ടറില്‍നിന്നും മുന്നേറുക എളുപ്പമാകില്ല. ലോക ഒന്നാംനമ്പര്‍ താരം തായ് വാന്റെ തായ് സൂ യിങ് ആണ് സൈനയുടെ എതിരാളി. കഴിഞ്ഞയാഴ്ച ഡെന്മാര്‍ക്ക് ഓപ്പണ്‍ ഫൈനലില്‍ സൈനയെ തായ് സൂ തോല്‍പ്പിച്ചിരുന്നു. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 13-5 എന്ന എന്നിങ്ങനെയാണ് തായ് സൂവിന്റെ മേല്‍ക്കൈ. ഡെന്മാര്‍ക്ക് ഓപ്പണ്‍ സെമിയില്‍ തന്നെ വീഴ്ത്തിയ ജപ്പാന്റെ കെന്റോ മൊമോട്ടയാണ് ശ്രീകാന്തിന്റെ എതിരാളി. 9-3 എന്ന രീതിയിലാണ് ഇരുവരും ഏറ്റുമുട്ടിയപ്പോഴുള്ള മൊമോട്ടയുടെ വിജയം.