ബാസെല്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ ആരംഭിച്ച ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം സായ് പ്രണീതിന് ആദ്യ മത്സരത്തില്‍ ജയം. ലോക പത്തൊന്‍പതാം റാങ്കുകാരനായ സായ് പ്രണീത് റാങ്കിങ്ങില്‍ ഏറെ പിറകിലുള്ള കനേഡിയന്‍ താരം ജേസണ്‍ ആന്റണിയെയാണ് ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചത്. സ്കോര്‍ 21-17, 21-16. റാങ്കിങ്ങിലെ മേല്‍ക്കൈ മത്സരത്തില്‍ പുറത്തെടുക്കാന്‍ പ്രണീതിന് കഴിഞ്ഞില്ലെങ്കിലും അന്തിമ വിജയം സ്വന്തമാക്കാന്‍ സാധിച്ചു.
ആദ്യ സെറ്റിന്റെ തുടക്കത്തില്‍ എതിരാളി ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് സായ് പ്രണീതിനെതിരെ പുറത്തെടുത്തത്. പിന്നീട് ഒറ്റയ്ക്ക് മുന്നോട്ട് കുതിച്ച പ്രണീത് 17-9 എന്ന നിലയിലെത്തിയെങ്കിലും തുടര്പോയന്റിലൂടെ പ്രണീതിനെ വിറപ്പിക്കാന്‍ ആന്റണിക്ക് കഴിഞ്ഞു. രണ്ടാം റൗണ്ടിലും പ്രണിതിന് എതിരാളിക്കെതിരെ ആധിപത്യം നേടാന്‍ കഴിഞ്ഞില്ല. പരിചയസമ്പത്താണ് ഇന്ത്യന്‍ താരത്തിന് ആദ്യ മത്സരത്തില്‍ തുണയായത്.
കോലി കരുതിക്കോ, സിംഹാസനം വൈകാതെ തെറിക്കും... സ്മിത്ത് തൊട്ടരികെ
കെ ശ്രീകാന്ത് സമീപകാലത്ത് മോശം പ്രകടനം നടത്തിയപ്പോള്‍ ഏറെ പ്രതീക്ഷയുള്ള ചില വിജയങ്ങള്‍ പ്രണീത് നേടിയെടുത്തിരുന്നു. അടുത്തിടെ സമാപിച്ച ജപ്പാന് ഓപ്പണില്‍ സെമിയിലെത്തിയ പ്രണീത് തായ്ലന്ഡ് ഓപ്പണില്‍ ക്വാര്ട്ടറിലെത്തിയും ഫോമിലാണെന്ന് തെളിയിച്ചു. ഇന്ത്യന്‍ ഡബിള്‍സ് താരങ്ങളായ മേഘ്ന, പൂര്‍വിഷ റാം ജോഡികളും ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ റൗണ്ടില്‍ ജയം കണ്ടെത്തി. ഗ്വാട്ടിമാല സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 21-10, 21-18. ഇന്ത്യയുടെ സൈന നേവാള്‍, പിവി സിന്ധു തുടങ്ങിയവരെല്ലാം ലോക ചാമ്പ്യന്‍ഷിപ്പില്‍ കളിക്കിറങ്ങുന്നുണ്ട്.