റിയോ: ബാഡ്മിന്റണില്‍ ചൈനയുടെ സൂപ്പര്‍താരം ലിന്‍ ഡാനെ വിറപ്പിച്ചശേഷം ഇന്ത്യന്‍താരം ശ്രീകാന്ത് കീഴടങ്ങി. നിലവിലെ ഒളിംപിക്‌സ് ചാമ്പ്യനാണ് ലിന്‍ ഡാന്‍. എന്നാല്‍ ആദ്യ സെറ്റിലൊഴികെ ഇഞ്ചോടിഞ്ച് പോരാട്ടവീര്യം കാഴ്ചവെച്ച് തലയുയര്‍ത്തിയാണ് ശ്രീകാന്ത് റിയോയില്‍ നിന്നും മടങ്ങുന്നത്. സ്‌കോര്‍ 21-6, 11-21, 21-18.
ആദ്യ സെറ്റില്‍ തീര്‍ത്തും മങ്ങിപ്പോയ ശ്രീകാന്തിനെ ആയിരുന്നില്ല രണ്ടാംസെറ്റില്‍ കണ്ടത്. കോര്‍ട്ട് നിറഞ്ഞുകളിച്ച ശ്രീകാന്തിന്റെ സ്മാഷുകള്‍ക്ക് ലിന്‍ ഡാന് മറുപടിയില്ലായിരുന്നു. രണ്ടാസെറ്റില്‍ എതിരാളിക്ക് ഒരവസരംപോലും നല്‍കാതെയായിരുന്നു ശ്രീകാന്തിന്റെ മിന്നുന്ന പ്രകടനം. എന്നാല്‍ മൂന്നാം സെറ്റില്‍ തിരിച്ചുവരവ് നടത്തിയ ലിന്‍ ഡാന്‍ സെമിയില്‍ ഇടം പിടിച്ചു.

ലിന്‍ ഡാന്‍ മൂന്നാംസെറ്റ് തുടക്കത്തില്‍ ലീഡെടുത്തെങ്കിലും പിന്നീട് മുന്നില്‍ കയറിയ ശ്രീകാന്ത് അട്ടിമറി ജയം ആവര്‍ത്തിക്കുമെന്ന പ്രതീതിയുളവാക്കിയിരുന്നു. കളിയുടെ അവസാനത്തോട് അടുക്കുമ്പോള്‍ ലിന്‍ ഡാന്‍ കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ ശ്രീകാന്ത് ഇന്ത്യന്‍ ആരാധകരെ നിരാശയിലാക്കി തോല്‍വി വഴങ്ങി. ബാഡ്മിന്റണില്‍ സെമിയില്‍ കടന്ന പി വി സിന്ധുവില്‍ മാത്രമാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ.