ബാസെല്‍: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി പിവി സിന്ധു. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു സ്വര്‍ണം നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. സ്കോര്‍ 21-7, 21-7. 2017ലെ ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച ഓകുഹാരയോടുള്ള മധുര പ്രതികാരം കൂടിയായി സിന്ധുവിന്റെ വിജയം.
സെമി ഫൈനലില്‍ ചൈനീസ് താരത്തിനെതിരെ പുറത്തെടുത്ത അതേ പ്രകടനം തന്നെയാണ് സിന്ധു ഫൈനലിലും ആവര്‍ത്തിച്ചത്. രണ്ട് സെറ്റിലും എതിരാളിക്ക് അവസരം നല്‍കാതെയായിരുന്നു സിന്ധുവിന്റെ വിജയം. തുടര്‍ച്ചയായ പോയന്റുകള്‍ നേടിയ സിന്ധു ആദ്യപകുതി കഴിയുമ്പോഴേക്കും രണ്ട് സെറ്റിലും ജയം ഉറപ്പിച്ചിരുന്നു. രണ്ട് ലോക ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ തോല്‍വികളെ അതിജീവിച്ച ഇന്ത്യന്‍ താരം സ്വപ്നതുല്യമായ പ്രകടനത്തിലൂടെയാണ് ഒടുവില്‍ ലോക ചാമ്പ്യനായത്.
ധോണി സന്യസിക്കാന്‍ പോയോ? പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍; ചിത്രം വൈറല്‍
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ 10 മെഡല്‍ നേടിയപ്പോള്‍ അതില്‍ അഞ്ചും സിന്ധുവിന് സ്വന്തമാണ്. ഇത്രയും മെഡല്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും നേടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് ലോക ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡല്‍ നേടിയ സിന്ധു ഇത്തവണ അത് സ്വര്‍ണം നേട്ടത്തിലെത്തിച്ചു. ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയ സിന്ധുവിന്റെ കരിയറിലെ മറ്റൊരു മികച്ച വിജയമാണിത്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സായ് പ്രണീത് നേരത്തെ വെങ്കലം നേടിയിരുന്നു. 36 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പുരുഷതാരം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്. 1983ല്‍ പ്രകാശ് പദുക്കോണ്‍ വെങ്കലം നേടിയശേഷം മറ്റൊരു താരത്തിനും ഈ നേട്ടം എത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ മെഡല്‍ നേടുന്ന രണ്ടാമത്തെ പുരുഷതാരം കൂടിയായി സായ് പ്രണീത്.